SignIn
Kerala Kaumudi Online
Saturday, 14 March 2026 1.03 AM IST

കുട്ടികളുടെ മനസറിഞ്ഞ ശിവൻ

Increase Font Size Decrease Font Size Print Page
sivan

എന്റെ നല്ല സുഹൃത്തായിരുന്നു ശിവൻ. സിനിമാ വ്യവസായത്തിൽ നിന്ന് ഒരുപാട് നേട്ടമുണ്ടാക്കണമെന്ന് ലക്ഷ്യമിട്ടല്ല അദ്ദേഹം സിനിമയിലെത്തിയത്. ചെമ്മീനിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫറായി എത്തുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് സ്റ്റുഡിയോ ഉണ്ട്. പിന്നീട് ഏതാനും ചിത്രങ്ങൾ കൊണ്ട് സിനിമയിൽ തന്റെ കയ്യൊപ്പ് ചാർത്തി. സിനിമയിൽ നിറഞ്ഞുനിൽക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

രാമുകാര്യാട്ടിനോടും സത്യൻ സാറിനോടുമുള്ള സൗഹൃദം കാരണമാണ് ചെമ്മീനിൽ എത്തുന്നത്. ഇപ്പോഴും ചെമ്മീനിലെ ഫോട്ടോകൾ ചർച്ച ചെയ്യപ്പെടുന്നതാണ്. പിന്നീട് സ്റ്റിൽ ഫോട്ടോഗ്രാഫർ എന്ന നിലയിൽ കണ്ടില്ല. 1973ൽ ആദ്യ സിനിമ 'സ്വപ്നം"നിർമ്മിച്ചപ്പോൾ നായകനാകാൻ എന്നെ വിളിച്ചു. ബാബു നന്തൻകോട് സംവിധാനം ചെയ്ത ആ ചിത്രം വിജയമായിരുന്നു. നിർമ്മാതാവെന്ന നിലയിൽ ശിവന്റെ കഴിവ് തെളിയിച്ച ചിത്രം മനോഹരമായ ഗാനങ്ങളുള്ള ചിത്രമായിരുന്നു അത്.

പിന്നീട് 1991ൽ ശിവൻ സംവിധാനം ചെയ്ത 'അഭയ'ത്തിലേക്കും എന്നെ ക്ഷണിച്ചു. അതായിരുന്നു ശിവന്റെ സംവിധാന മികവ് തെളിയിച്ച ചിത്രം. ചലിക്കുന്ന ചിത്രങ്ങളാണ് സിനിമ. പ്രതിഭാശാലിയായ ഫോട്ടോഗ്രാഫർക്ക് സിനിമയുടെ ഭാഷ പെട്ടെന്ന് മനസ്സിലാകും. കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് കിട്ടിയപ്പോൾ ഞാനോർത്തതും അതു തന്നെയാണ്. ഇന്നും പ്രസക്തമാണ് അതിന്റെ പ്രമേയം. ഒരു എട്ടുവയസ്സുകാരന്റെയും അവന്റെ അപ്പൂപ്പന്റെയും കഥയായിരുന്നു അത്. പ്രകൃതിവർണങ്ങളുടെയും സങ്കല്പ ലോകങ്ങളുടെയും സ്വച്ഛതകൾക്കകത്ത് ജീവിക്കുന്ന അവന്റെ മനസ്സിനു താങ്ങാനാവുന്നതിനുമപ്പുറത്തുള്ള സമ്മർദ്ദമാണ് പഠനകാര്യങ്ങളിൽ അവന്റെ മാതാപിതാക്കൾ അടിച്ചേല്പിച്ചത്.

ഇപ്പോഴും അതൊക്കെ തന്നെയല്ലേ ഉള്ളത്. മാതാപിതാക്കളുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ജീവിച്ചുമടുത്ത അവൻ ഒരു ദിനം വീടുവിട്ടുപോവുന്നു. വിദൂരഗ്രാമത്തിൽ കഴിയുന്ന സ്‌നേഹക്കൂടായ മുത്തച്ഛന്റെ അടുത്തേക്കാണവന്റെ യാത്ര. നിരവധി പ്രതിബന്ധങ്ങൾക്കും വിചിത്രാനുഭവങ്ങൾക്കുമൊടുവിൽ ഒരു കെട്ടുവള്ളത്തിൽ കയറിപ്പറ്റി അവൻ തന്റെ അപ്പൂപ്പന്റെ അടുത്തെത്തുന്നു. അവിടെയവൻ യഥാർത്ഥ സ്‌നേഹവും വാത്സല്യവും അറിയുന്നു. ഒടുവിൽ ഇതൊക്കെ അവന്റെ അച്ഛനും അമ്മയും മനസ്സിലാക്കുന്നു. 'മേം ഫിർ ആവൂംഗാ" എന്നപേരിൽ ഹിന്ദിയിലും ഈ സിനിമ വന്നു. കുട്ടികളുടെ മനസ്സറിഞ്ഞായിരുന്നു അദ്ദേഹം മറ്റ് ചിത്രങ്ങളും ഒരുക്കിയത്.

സിനിമയ്ക്കും ഫോട്ടോഗ്രാഫിക്കും അപ്പുറം മനുഷ്യരുമായി നല്ല ബന്ധം സൂക്ഷിച്ച മനുഷ്യനായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ സൗഹൃദം സൂക്ഷിച്ചു. വലിയ സൗഹൃദ വലയം ഉണ്ടായിരുന്നു. അറിവുണ്ടായിരുന്നു. ധാരാളം വായിക്കുമായിരുന്നു.

TAGS: SIVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.