
മാദ്ധ്യമ പ്രവർത്തന വിദ്യാർത്ഥികൾക്കുള്ള അടിസ്ഥാന പാഠങ്ങളിൽ, 'എന്താണ് വാർത്ത" എന്നതിന് സായിപ്പിന്റെ ഒരു നിർവചനമുണ്ട്: 'നായ മനുഷ്യനെ കടിച്ചാൽ വാർത്തയല്ല; മനുഷ്യൻ നായയെ കടിച്ചാൽ ഒന്നാന്തരം വാർത്തയായി!" അസാധാരണത്വമാണ് സംഭവങ്ങളെ വാർത്തയാക്കുന്നത് എന്ന് ലളിതമായി പറയുകയായിരുന്നു പാവം, സായിപ്പ്. പക്ഷേ, കേരളത്തിൽ തെരുവുനായ്ക്കൾ മനുഷ്യനെ കടിച്ചുകീറുന്നതും, കടിച്ചുകൊല്ലുന്നതും മാദ്ധ്യമങ്ങളിലെ ഒന്നാംപേജ് വർത്തമാനങ്ങളാണ്, ഇപ്പോഴും! കടിയുടെ അസാധാരണത്വം തന്നെയാണ് അതിനെ വാർത്തയാക്കുന്നത് എന്നത് മറ്റൊരു പരമാർത്ഥം. പ്രകോപനമൊന്നുമില്ലാതെ മനുഷ്യരെ ആക്രമിക്കുക, ഓടിനടന്ന് ഒരുപാടുപേരെ കടിക്കുക, വീടിനകത്തേക്കു പോലും കടന്നുകയറി കടിപറ്റിക്കുക, സംഘംചേർന്ന് കൊച്ചുകുട്ടികളെ ഉൾപ്പെടെ കടിച്ചു പരിക്കേല്പിക്കുക എന്നിങ്ങനെ അക്ഷരാർത്ഥത്തിൽ തെരുവുനായ്ക്കളുടെ 'ഭീകരാക്രമണം" തന്നെയാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്!
തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളിൽ നിന്ന് തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതി നിർദ്ദേശം നല്കിയിട്ട് മാസം മൂന്നു കഴിഞ്ഞു. നായ്ക്കളെ വന്ധ്യംകരിച്ച് ഷെൽട്ടറുകളിലാക്കുക, നായ്ക്കൾക്ക് തെരുവിൽ ഭക്ഷണം നല്കുന്നവരെ തടയുക തുടങ്ങി കർശന നിർദ്ദേശങ്ങളായിരുന്നു അന്നത്തേത്. ആളുകളെ തെരുവുനായ്ക്കൾ കടിച്ച് പരിക്കേല്പിച്ചാൽ ഉത്തരവാദിത്വം അതത് സർക്കാരുകൾക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. മൃഗങ്ങളോടുള്ള സ്നേഹം, ജീവിക്കുവാനുള്ള പൗരാവകാശത്തിന് മീതെയാകരുതെന്നു പറഞ്ഞ കോടതി, പൊതുസുരക്ഷയും മൃഗക്ഷേമവും സമന്വയിപ്പിച്ചുകൊണ്ടുള്ള ശാസ്ത്രീയ മാർഗങ്ങളിലൂടെ നിയന്ത്രണം നടപ്പാക്കാനാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയത്. രാജ്യത്ത് എവിടെയെങ്കിലും കോടതി നിർദ്ദേശമനുസരിച്ച് നടപടികൾ സ്വീകരിച്ചതായി ഒരു വിവരവുമില്ല! നായ്ക്കൾ മനുഷ്യരെ 'മത്സരബുദ്ധിയോടെ" കടിച്ച് വാർത്ത സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു.
തൃശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വൃദ്ധയെ വീടിനുള്ളിലേക്ക് കടന്നുകയറിയ തെരുവുനായ കടിച്ചുകൊന്ന സംഭവമാണ് ഏറ്റവും ഒടുവിലത്തെ ഞെട്ടിക്കുന്ന വാർത്ത. രണ്ടുവർഷം മുമ്പുണ്ടായ വീഴ്ചയിൽ കാലിന്റെ എല്ലൊടിഞ്ഞ്, കട്ടിലിൽ നിന്ന് എഴുന്നേല്ക്കാൻ പറ്റാത്ത വിധം കിടപ്പിലായിപ്പോയ വെള്ളറക്കാട് കൊല്ലൻപടിയിൽ കിഴക്കേപുരയ്ക്കൽ കാർത്യായനി എന്ന എൺപത്തിനാലുകാരിയുടെ ജീവനാണ് തെരുവുനായയുടെ കൂർത്ത പല്ലിൽ കോർത്തുപോയത്. ഇവരുടെ മാനസികാസ്വാസ്ഥ്യമുള്ള മകന് നായയുടെ കടിയേറ്റ് ആഴത്തിൽ പരിക്കേല്ക്കുകയും ചെയ്തു. അമ്മയ്ക്കുള്ള ഭക്ഷണവുമായി രാത്രിയിൽ എത്തിയ മറ്റൊരു മകനാണ് ഈ നടുക്കുന്ന കാഴ്ച ആദ്യം കണ്ടത്. കടിച്ച നായയെ പിറ്റേന്നു രാവിലെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. ഇതിന് പേവിഷബാധയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതേ നായ ഒട്ടേറെ വഴിയാത്രക്കാരെയും വളർത്തുമൃഗങ്ങളെയും കടിച്ച് പരിക്കേല്പിച്ചിരുന്നു. തെരുവുനായ ശല്യത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നതും, എത്ര ഭീതിദമാണ് സാഹചര്യമെന്ന് ബോദ്ധ്യപ്പെടുത്തുന്നതുമാണ് തൃശൂരിലെ സംഭവം.
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള 'ആനിമൽ ബർത്ത് കൺട്രോൾ" (എ.ബി.സി) പദ്ധതിയുടെ നിർവഹണച്ചുമതല അതത് തദ്ദേശ സ്ഥാപനങ്ങൾക്കാണ്. വന്ധ്യംകരണത്തിനും ഷെൽട്ടറുകൾ പണിയാനും അവിടെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനുമൊക്കെ തദ്ദേശ സ്ഥാപനങ്ങൾക്ക് നിലവിലുള്ള പരിമിതി സാമ്പത്തികത്തിന്റേതാണ്. നിർവഹണത്തിന് കാശില്ലെന്നു പറഞ്ഞ് നീട്ടിവയ്ക്കാവുന്നതല്ല, തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി. ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച പല വികസന പദ്ധതികളുടെയും നിർവഹണ ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. പലതിനുമുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തേണ്ടതും ഈ സ്ഥാപനങ്ങൾ തന്നെ. ഗ്രാമീണ ശുചീകരണത്തിനും കുടിവെള്ള സ്രോതസുകളുടെ പരിപാലനത്തിനും മറ്റുമുള്ള പദ്ധതികൾക്കൊപ്പം എ.ബി.സി പദ്ധതി നടത്തിപ്പിനു വേണ്ടുന്ന ഫണ്ടിനുള്ള മാർഗം കൂടി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കണ്ടെത്തിക്കൊടുക്കണം. അടിയന്തര പരിഹാരം വേണ്ടുന്ന ഇനങ്ങളിൽ ഒന്നാമത്തേതായി തദ്ദേശ സ്ഥാപനങ്ങൾ ഇതിനെ പരിഗണിക്കുകയും വേണം. മനുഷ്യന് ജീവനുണ്ടെങ്കിലേ മറ്രെന്തും ആവശ്യമുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |