SignIn
Kerala Kaumudi Online
Saturday, 27 April 2024 9.03 AM IST

ഇനി വസ്തുതകൾ ശബ്‌ദിക്കട്ടെ

oil

ആഗോളതലത്തിൽ ക്രൂഡോയിൽ വില വർദ്ധിക്കുമ്പോൾ അത് കൃത്യമായി ഉപഭോക്താക്കളിലേക്ക് കൈമാറും. അതേസമയം ഇന്ധനവില കുറയുമ്പോൾ സർക്കാർ പുതിയ നികുതി ചുമത്തി സ്വന്തം വരുമാനം വർദ്ധിപ്പിക്കും. അതിനാൽ വിലകൂടിയിരുന്നപ്പോൾ നൽകിയിരുന്ന പണം തന്നെ ഉപഭോക്താക്കൾ തുടർന്നും നൽകേണ്ടതായി വരുന്നു. യഥാർത്ഥത്തിൽ ഇന്ധന വിലയുടെ വർദ്ധനവിൽ നേട്ടം കൊയ്യുന്നത് സർക്കാരാണ്.

ക്രൂഡോയിലിന്റെ വിലയെ മാത്രം അടിസ്ഥാനമാക്കിയാണ് പെട്രോൾ - ഡീസൽ വില നിശ്ചയിക്കുന്നതെങ്കിൽ ഇന്ത്യയിൽ ഇന്ന് 35 രൂപയ്ക്ക് പെട്രോളും ഡീസലും ലഭിക്കണമായിരുന്നു. എന്നാൽ യാഥാർത്ഥ്യം വ്യത്യസ്തമാണ്.

ഇന്ധനവില നിർണയരീതി

ഇന്ത്യയിൽ ഇന്ധനവില നിർണയിക്കുന്നത് ഇന്ധനത്തിന്റെ നിർമ്മാണ ചെലവ്, കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന നികുതികൾ, ഡീലറുടെ കമ്മിഷൻ എന്നിവ ചേർന്നതാണ്. ഇന്ധനത്തിന്റെ നിർമ്മാണ ചെലവായി പരിഗണിക്കുന്നത് അന്താരാഷ്ട്ര വിപണിയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്റെയും അതിനെ റിഫൈനറികളിൽ കൊണ്ടുപോയി ശുദ്ധീകരിക്കുന്നതിന്റെയും വില്‌പനയ്ക്കായി പെട്രോൾ പമ്പിലേക്ക് എത്തിക്കുന്നതിന്റെയും ചെലവ് കൂടി ഉൾപ്പെട്ടിട്ടാണ്. ഇതാണ് അടിസ്ഥാനവില എന്ന പേരിൽ അറിയപ്പെടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും അടിസ്ഥാനവിലയെ സ്വാധീനിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസങ്ങൾ, ചരക്കുകൂലി, പെട്രോളിയം ഉത്‌പന്നങ്ങളെ വേർതിരിക്കാനുള്ള ശുദ്ധീകരണ ചെലവ് എന്നിവയാണ്. ഇന്ത്യയിലെ ക്രൂഡോയിൽ വിലയെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനഘടകമാണ് ഡോളർ - രൂപ തമ്മിലുള്ള വിനിമയ നിരക്കിലെ വ്യത്യാസം. രണ്ടാമത്തെ ഘടകമായ,​ കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന നികുതികളിൽ പ്രധാനമായത് കേന്ദ്ര സർക്കാരിന്റെ എക്സൈസ് ഡ്യൂട്ടി, സംസ്ഥാന സർക്കാരിന്റെ വില്പനനികുതി, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സെസ് എന്നിവ ഉൾപ്പെടുന്നു. ഡീലറുടെ കമ്മിഷനാണ് മൂന്നാമത്തെ ഘടകം. ഈ മൂന്ന് ഘടകങ്ങളും ചേർന്നതാണ് ഇന്ന് പെട്രോൾ പമ്പിൽ നിന്നും ലഭിക്കുന്ന ചില്ലറവില്പന വില. 2021 ജൂൺ 20 ന് പെട്രോളിന്റെ ചില്ലറ വില്പന വില (തിരുവനന്തപുരം) 98.91 രൂപയും, ഡീസലിന് 94.17 രൂപയുമാണ്.

നികുതികളുടെ യാഥാർത്ഥ്യം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതികളാണ് ഇന്ധന വിലവർദ്ധനയുടെ മറ്റൊരു പ്രധാന കാരണം. 2014 മുതൽ 2021 മാർച്ച് വരെയുള്ള ഏഴ് വർഷത്തിനുള്ളിൽ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയിലുണ്ടായ വർദ്ധന 258 ശതമാനവും ഡീസലിന്റേത് 828 ശതമാനവുമാണ്. നിലവിലുള്ള കേരളത്തിന്റെ സംസ്ഥാന വില്പനനികുതി പെട്രോളിന് അടിസ്ഥാന വിലയുടെ 30.08 ശതമാനം വില്പനനികുതി + ഒരു രൂപ (ലിറ്ററിന്) അധിക വില്പന നികുതി + ഒരു ശതമാനം സെസ് എന്നിങ്ങനെയും, ഡീസലിന് അടിസ്ഥാന വിലയുടെ 22.76 ശതമാനം വില്‌പന നികുതി + ഒരു രൂപ (ലിറ്ററിന്) അധിക വില്പന നികുതി + ഒരു ശതമാനം സെസ് എന്നിങ്ങനെയുമാണ്. കേന്ദ്ര സർക്കാരിന് ലഭിക്കുന്ന പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി നാലായി വിഭജിക്കാം (1) അടിസ്ഥാന എക്സൈസ് ഡ്യൂട്ടി (2.60 രൂപ /ലിറ്ററിന് ), (2) സ്പെഷ്യൽ അധിക എക്സൈസ് ഡ്യൂട്ടി (11 രൂപ / ലിറ്ററിന്), (3) അധിക എക്സൈസ് ഡ്യൂട്ടി ( റോഡ് & അടിസ്ഥാന വികസന സെസ്) ഇനത്തിൽ (18 രൂപ / ലിറ്ററിന്), (4) കാർഷിക- അടിസ്ഥാന വികസന സെസ് (2.50 രൂപ / ലിറ്ററിന് ) എന്നിവയടക്കം ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ 34.10 രൂപ കേന്ദ്ര സർക്കാരിന് നികുതി ഇനത്തിൽ ലഭിക്കുന്നു. ഇതിൽ അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയുടെ 41 ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കിടയിൽ വീതിച്ചു നൽകുന്നത്. അതിൽത്തന്നെ കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കാർഷിക അടിസ്ഥാന വികസന സെസ് ചുമത്തിയതിലൂടെ ഈ വിഹിതത്തിൽ വീണ്ടും കുറവുണ്ടായി. പുതിയ കാർഷിക സെസ് പെട്രോളിന് 2.50 രൂപയും ഡീസലിന് നാലു രൂപയുമാണ്. ഈ കാർഷിക സെസിൽ 2.50 രൂപ കണ്ടെത്തിയത് അടിസ്ഥാന എക്സൈസ് നികുതിയിൽ നിന്നും 1.50 രൂപയും, സ്പെഷൽ അധിക എക്സൈസ് ഡ്യൂട്ടി നിന്ന് ഒരു രൂപയും കൂട്ടിച്ചേർത്താണ്. ഡീസലിന്റെ കാർഷിക സെസ് കണ്ടെത്തിയതും ഇതേ മാനദണ്ഡം പിന്തുടർന്നാണ്. അങ്ങനെ ചുരുക്കത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് വീതിച്ചു കൊടുക്കേണ്ട എക്സൈസ് ഡ്യൂട്ടി 1.50 മാത്രമാണ്. ഇതിന്റെ 41 ശതമാനം മാത്രമാണ് സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുന്നത്.

ജി.എസ്.ടി പരിധിയിൽ വന്നാൽ

പെട്രോളിനും ഡീസലിനും വില ജി.എസ്.ടി പരിധിയിലേക്ക് വന്നാൽ പെട്രോൾ 75 രൂപയ്ക്കും ഡീസൽ 68 രൂപയ്ക്കും ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് എസ് .ബി.ഐ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോക്ടർ സൗമ്യകാന്ത് ഘോഷിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. അതിനൊപ്പം കേന്ദ്ര-സംസ്ഥാനങ്ങളുടെ വരുമാനനഷ്ടം ഏകദേശം ഒരു ലക്ഷം കോടി രൂപയോ അല്ലെങ്കിൽ ജി.ഡി.പി യുടെ 0.4 ശതമാനമോ ആയിരിക്കും. പെട്രോൾ ഉത്‌പന്നങ്ങൾക്ക് വില്‌പന നികുതി, എക്സൈസ് ഡ്യൂട്ടി തുടങ്ങിയ നികുതികൾക്ക് പകരം പെട്രോളിയം ഉൽപ്പന്നങ്ങളെ ഈ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറല്ലെന്നും ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

(ലേഖകൻ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവൺമെന്റ് വനിതാ കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറാണ് Mobile: 9447650112 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUEL PRICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.