SignIn
Kerala Kaumudi Online
Friday, 26 April 2024 6.27 PM IST

ഡ്രോൺ ആക്രമണം: പുറത്തായത് പ്രതിരോധത്തിലെ വൻ പിഴവ്

photo

പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് പ്രധാന ഹൈവേയിലൂടെ ഏതാണ്ട് നൂറുകിലോമീറ്റർ സഞ്ചരിച്ച് ജമ്മുമേഖലയിലേക്ക് കടന്നാൽ എത്തുന്ന പ്രധാന ജംഗ്ഷനാണ് സത്‌വാരി ചൗക്ക്. ആർമി ഡിവിഷണൽ ആസ്ഥാനവും മിലിട്ടറി ആശുപത്രിയും എയർഫോഴ്സ് സ്റ്റേഷനും വിമാനത്താവളവും സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന മേഖല. അവിടെയുണ്ടായ ഡ്രോൺ ആക്രമണം വിരൽചൂണ്ടുന്നത് പ്രതിരോധ മേഖലയിലെ സുരക്ഷാ പിഴവുകളിലേക്കാണ്.

1990കൾ മുതൽ തന്നെ ഡ്രോണുകൾ അഥവാ യു.എ.വി (അൺമാൻഡ് ഏരിയൽ വെഹിക്കിൾ) പഞ്ചാബ്, രാജസ്ഥാൻ, കച്ച്, ഭുജ് തുടങ്ങിയ അതിർത്തി മേഖലകളിൽ പതിവായി പ്രത്യക്ഷപ്പെടാറുണ്ട്. ചിലത് നമ്മൾ തകർത്തു, ചിലത് തനിയെ തകർന്നു വീണു. ശത്രുരാജ്യങ്ങളുടെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളുടെ സ്ഥാനനിർണയം നടത്താനുള്ള ചെലവു കുറഞ്ഞ രീതിയായി ഡ്രോണുകളെ ലോകമെങ്ങും ഉപയോഗിക്കാറുണ്ട്. മറ്റൊരു രാജ്യത്തിരുന്ന് അവയെ നിയന്ത്രിച്ച് സ്ഥാന നിർണയം നടത്താൻ കഴിയുമെന്നതാണ് മെച്ചം. ചെലവു കുറവായതിനാൽ തകർന്നു വീണാലും വലിയ നഷ്‌ടമില്ല.

ജമ്മുവിൽ കൃത്യമായി എയർഫോഴ്സ് താവളത്തിലെ കെട്ടിടത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണിന് ചെറിയ തോതിലെങ്കിലും നാശമുണ്ടാക്കാൻ സാധിച്ചത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഏത് തരത്തിലുള്ള ഭീഷണിയെയും നേരിടാൻ സുസജ്ജമായി നിൽക്കുന്ന ഇന്ത്യയ്ക്ക് ചെറിയ തോതിലുള്ള ഒരു ആക്രമണത്തെ എന്തുകൊണ്ട് ചെറുക്കാൻ കഴിഞ്ഞില്ല? എവിടെയാണ് നമുക്ക് പിഴച്ചത്?

അത്യാധുനിക യുദ്ധവിമാനമായ റാഫേലിന്റെ സ്ക്വാഡ്രൻ പോലും സ്വന്തമാക്കിയ ഇന്ത്യയെ ചെലവു കുറഞ്ഞ, കളിക്കോപ്പുകളെക്കാൾ അൽപം മികച്ചതെന്ന് പറയാവുന്ന ചെറിയ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഡ്രോണുകളെ വിട്ടാണ് ആക്രമിച്ചത്. ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണം ആദ്യമാണ്. പക്ഷേ ആദ്യമായല്ല ഡ്രോണുകൾ അതിർത്തി കടന്നുവരുന്നത്. ആയുധങ്ങൾ കടത്താൻ പതിവായി ഉപയോഗിക്കാറുണ്ട്. പലതവണ അതിർത്തിയിൽ ഡ്രോണുകളെ വെടിവച്ച് തകർത്തിട്ടുണ്ട്. പക്ഷേ ഒരു ആക്രമണ ഭീഷണി മുൻകൂട്ടി കാണുന്നതിൽ, അതിന് തടയിടുന്നതിൽ നമുക്ക് പിഴവു പറ്റിയെന്നത് അംഗീകരിച്ചേ മതിയാകൂ.

പ്രതിരോധ സേനകൾക്ക് പ്രത്യേകിച്ച് വ്യോമസേനയ്ക്കുള്ള മുന്നറിയിപ്പായി വേണം സംഭവത്തെ കാണാൻ. തങ്ങൾ ഇതുവരെ പ്രതീക്ഷിക്കാത്ത മേഖലയിൽ നിന്നുള്ള ഒരു ഭീഷണിയായി. ശത്രു ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ പരമാവധി നാശമുണ്ടാക്കുക എന്ന യുദ്ധതന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഡ്രോൺ ആക്രമണം നടന്നത്. നാം ശത്രുവിനെ വിലകുറച്ച് കണ്ടു, അല്ലെങ്കിൽ നമ്മൾ പ്രതീക്ഷിക്കാത്ത മേഖലയിൽ നിന്നൊരു ആക്രമണമുണ്ടായി.

ഡ്രോണുകളുടെ ഭീഷണി വർഷങ്ങൾക്ക് മുമ്പ് തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടും അതു നിസാരവത്ക്കരിച്ചു എന്നതാണ് പ്രധാനമായും ഉൾക്കൊള്ളേണ്ട പാഠം. വികസിത രാജ്യങ്ങളിലുള്ള, ലക്ഷ്യത്തെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്ന (ഐഡന്റിഫൈ ആന്റ് ഡിസ്ട്രോയ് ദി ടാർഗറ്റ്) സംവിധാനം ഇന്ത്യയിലുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഡ്രോണുകൾക്കെതിരെ പ്രധാനമായും ഈ തന്ത്രമാണ് പ്രയോജനപ്പെടുക. നമ്മൾ ആധുനിക യുദ്ധോപകരണങ്ങൾ സ്വന്തമാക്കുന്നുണ്ട്. പക്ഷേ എന്തുകൊണ്ട് ലക്ഷ്യം കണ്ടെത്തി നശിപ്പിക്കാനുള്ള(ഡിറ്റക്ട് ആന്റ് ഡിസ്ട്രോയ്) വളരെ നിസാരമായ ഉപകരണങ്ങൾ വാങ്ങി തന്ത്രപ്രധാന മേഖലകളിൽ സ്ഥാപിച്ചില്ല? ഇത് നമ്മുടെ യുദ്ധോപകരണ സംഭരണനയത്തിലെ വീഴ്ചയായി വിലയിരുത്തപ്പെടും. പർച്ചേസ് വിഭാഗത്തിൽ എവിടെയെങ്കിലും ഉൾപ്പെടുത്തി ഡ്രോണുകളെ തകർക്കാനുള്ള സംവിധാനം അടിയന്തരമായി സ്വന്തമാക്കേണ്ടിയിരുന്നു. അത്തരമൊരു ദീർഘവീക്ഷണമില്ലായ്മ എങ്ങനെ സംഭവിച്ചു എന്നത് ആത്മപരിശോധന നടത്തേണ്ടതാണ്.

പരമ്പരാഗത ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായവയെ തിരിച്ചറിഞ്ഞ് അതിൽ പ്രാഗല്‌ഭ്യം നേടി പ്രതിരോധമാർഗങ്ങൾ അവലംബിക്കുന്നതിലുള്ള പാളിച്ചയാണ് ഡ്രോൺ ആക്രമണം വെളിച്ചത്തു കൊണ്ടുവന്നത്. ഡ്രോണുകളെ നശീകരണത്തിന് ഉപയോഗിക്കാമെന്ന് ജമ്മു സംഭവം തെളിയിച്ചതോടെ അവയെ ലാഘവത്തോടെ കണ്ടത് വലിയ പിഴവാണെന്ന് വ്യക്തമാകുന്നു. രാജവെമ്പാലയെയും കരിമൂർഖനെയും നേരിടാൻ തയ്യാറെടുത്ത നാം നീർക്കോലിയെ വിലകുറച്ചു കണ്ടു.

ഡ്രോൺ വഴി കൊണ്ടുവരുന്ന വളരെ കുറച്ച് ഐ.ഇ.ഡി(ഇംപ്രോവൈസ്ഡ് എക്സ്‌പ്ളോസീവ് ഡിവൈസ്) ഏതെങ്കിലും എണ്ണ സംഭരണശാലകൾക്കു മേൽ പതിച്ചാലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന പഴഞ്ചൊല്ല് അപ്പോൾ അന്വർത്ഥമാകും. നീർക്കോലികളെയും നേരിടാൻ തയ്യാറെടുക്കണമെന്നതാണ് ഡ്രോൺ ആക്രമണം നൽകുന്ന പാഠം.

(പ്രതിരോധ വിദഗ്ദ്ധനാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRONE ATTACK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.