SignIn
Kerala Kaumudi Online
Friday, 26 April 2024 8.45 PM IST

കോടതി നിർദ്ദേശമുണ്ട് ; വിവാദം അസ്ഥാനത്ത്

covid-death

സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ കണക്കിനെച്ചൊല്ലി പ്രതിപക്ഷവും സർക്കാരും തമ്മിൽ പോര് നടക്കുകയാണിപ്പോൾ. ഖ്യാതി നേടാൻ വേണ്ടി യഥാർത്ഥ കണക്ക് സർക്കാർ മറച്ചുവയ്ക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ട കൊവിഡ് മരണങ്ങളിൽ എത്രയോ അധികമാണ് യഥാർത്ഥ കണക്കെന്നും അവർ വാദിക്കുന്നു. വാദം സമർത്ഥിക്കാൻ ഒട്ടേറെ ഉദാഹരണങ്ങളും അവർ നിരത്തുന്നുണ്ട്. കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന സുപ്രീംകോടതി വിധിയുടെ വെളിച്ചത്തിലാണ് വിഷയം വിവാദമായത്. മരണങ്ങൾ കുറച്ചുകാണിക്കുന്നതിലൂടെ അനേകം കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യം നഷ്ടമാകുമെന്ന് പ്രതിപക്ഷം ആശങ്കപ്പെടുന്നു. 2020 മാർച്ച് മുതൽ ഇതുവരെയുള്ള കൊവിഡ് മരണപ്പട്ടിക അപ്പാടെ പുനഃപരിശോധിച്ച് തെറ്റു തിരുത്തണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാൽ പിഴവുണ്ടെന്നു തീർത്തും ബോദ്ധ്യമുള്ള സർട്ടിഫിക്കറ്റുകൾ മാത്രം പുനഃപരിശോധിച്ചാൽ മതിയെന്ന നിലപാടിലാണ് സർക്കാർ. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ മാനദണ്ഡമനുസരിച്ചാണ് ആശുപത്രികളിൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുന്നതത്രെ. കൊവിഡ് ബാധിതരായി ചികിത്സയ്ക്കിടെ മരണപ്പെടുന്നവർ മാത്രമേ ഈ പട്ടികയിൽ വരുന്നുള്ളൂ. രോഗം ഭേദമായ ശേഷം മരണപ്പെട്ടാൽ കൊവിഡ് മരണപ്പട്ടികയിൽ വരില്ല. മറ്റു രോഗബാധയുള്ളവർ കൊവിഡ് ചികിത്സയിലിരിക്കെ ജീവൻ നഷ്ടപ്പെട്ടാലും മരണകാരണം കൊവിഡാണെന്നു രേഖപ്പെടുത്താത്ത കേസുകളുമുണ്ട്.

സുപ്രീംകോടതി വിധിപ്രകാരം നഷ്ടപരിഹാരം നൽകാനുള്ള നടപടി ആരംഭിക്കുമ്പോൾ കൃത്യമായ മരണസർട്ടിഫിക്കറ്റും അനുബന്ധ രേഖകളും അനിവാര്യമായി വരും. അതുകൊണ്ടാണ് സർക്കാരിന്റെ കൊവിഡ് മരണപ്പട്ടിക തെറ്റുകൾ പൂർണമായി ഒഴിവാക്കി പുനർനിർണയിക്കണമെന്ന ആവശ്യം ഉയർന്നുകൊണ്ടിരിക്കുന്നത്.

കൊവിഡ് ബാധിച്ചു ചികിത്സയിലിരിക്കെയോ അതിനുശേഷം മൂന്നുമാസങ്ങൾക്കകം അനുബന്ധ രോഗം മൂർച്ഛിച്ചോ മരണമടഞ്ഞാലും കൊവിഡ് മരണമായി കണക്കാക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് നഷ്ടപരിഹാര ഹർജി തീർപ്പാക്കുന്നതിനിടെ സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. കൊവിഡ് ബാധയിൽ നിന്നു മുക്തമായാലും തുടർന്ന് മറ്റു സങ്കീർണതകളുണ്ടായി ആൾ മരണപ്പെട്ട അനവധി കേസുകളുണ്ടായിട്ടുണ്ട്. ഇവർക്കുള്ള സർട്ടിഫിക്കറ്റിൽ മരണ കാരണം കൊവിഡ് എന്നുതന്നെ രേഖപ്പെടുത്താമെന്നാണ് പരമോന്നത കോടതി ചൂണ്ടിക്കാട്ടിയത്. മരണ സർട്ടിഫിക്കറ്റിന്റെ നടപടിക്രമങ്ങൾ ലളിതമാക്കി പുതിയ മാർഗനിർദ്ദേശങ്ങൾ ഇറക്കണമെന്നും സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി ആറാഴ്ചത്തെ സമയമാണു നൽകിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും കൊവിഡ് മരണക്കണക്കിൽ കൃത്യതയില്ലെന്ന വലിയ ആക്ഷേപം ഉയർന്നിട്ടുണ്ട്. അതിതീവ്രമായ നിലയിൽ രോഗം പടർന്ന നാളുകളിലുണ്ടായ പല മരണങ്ങളും കണക്കിൽപ്പെടാതെ പോയിട്ടുണ്ടാകാം. നിരക്ഷരരുടെയും പാവപ്പെട്ടവരുടെയും കേസുകളിൽ മരണ സർട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങാൻ പോലും കഴിഞ്ഞിട്ടുണ്ടാവില്ല. നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങിയപ്പോഴാണ് ശരിയായ കണക്കു സൂക്ഷിക്കാതിരുന്നതിലെ കുരുക്ക് ഏവർക്കും ബോദ്ധ്യമാകുന്നത്. യഥാർത്ഥ രോഗകാരണം രേഖപ്പെടുത്താതെ ലഭിച്ച മരണ സർട്ടിഫിക്കറ്റ് തിരുത്താൻ പ്രത്യേക സംവിധാനമൊരുക്കണമെന്ന് കോടതി വിധിയിൽ നിർദ്ദേശിച്ചിട്ടുണ്ട്. പലർക്കും അത് അനുഗ്രഹമാകും. വിവാദങ്ങൾ സൃഷ്ടിക്കാൻ നോക്കാതെ ഈ ഗണത്തിൽ പെടുന്നവരെ എങ്ങനെ സഹായിക്കാൻ പറ്റുമെന്നാണ് രാഷ്ട്രീയ കക്ഷികൾ ആലോചിക്കേണ്ടത്. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്നവർക്ക് കൊവിഡ് മരണവീടുകൾ നിർണയിച്ച് മരണ സർട്ടിഫിക്കറ്റിലെ പിഴവു കണ്ടെത്താൻ വിഷമമൊന്നുമില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.