SignIn
Kerala Kaumudi Online
Friday, 26 April 2024 8.59 AM IST

മാതൃത്വം സ്ത്രീയുടെ തീരുമാനമാണ്, ചിന്തിപ്പിച്ച് സാറാസ്, മൂവി റിവ്യൂ

saras-movie-review

അന്ന ബെൻ, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത സാറാസ്, മാതൃത്വം ഒരു ആവശ്യഘടകമായി തോന്നാത്ത സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ നീങ്ങുന്ന സിനിമയാണ്. ഇതേക്കുറിച്ച് മറ്റുള്ളവർ എങ്ങനെ ചിന്തിക്കുന്നു എന്ന് പരിഗണിക്കാതെ, മാതാവ് ആകേണ്ടതിനാൽ തങ്ങളുടെ സ്വപ്നങ്ങളെ ത്യജിക്കാൻ ആഗ്രഹിക്കാത്തവരെക്കുറിച്ചുള്ള കഥയാണിത്. ആത്യന്തികമായി സ്ത്രീയുടെ ശരീരത്തക്കുറിച്ച് തീരുമാനം എടുക്കേണ്ടത് സ്ത്രീ തന്നെയാണ് എന്ന് ചിത്രം പറയുന്നു.

saras-movie-review

തന്റെ കുട്ടിക്കാലം മുതൽ തന്നെ ഒരു കുട്ടിയെ പ്രസവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സാറയ്ക്ക് അറിയാമായിരുന്നു. ഒരു സംവിധായികയാകാനുള്ള അവളുടെ ആഗ്രഹം പിന്തുടരുന്നതിലായിരുന്നു സാറാ പലപ്പോഴും. വിവാഹം കഴിക്കുന്നെങ്കിൽ തന്നെ മനസിലാക്കുന്ന, കുട്ടികൾ നി‌‌ർബന്ധമല്ല എന്ന ചിന്തയുള്ള ഒരാൾ ആകണം ജീവിത പങ്കാളി എന്നവൾക്കുണ്ടായിരുന്നു. തന്റെ ആദ്യ സിനിമയുടെ ജോലിക്കിടയിൽ കണ്ടുമുട്ടുന്ന 'ജീവൻ' ഇത്തരം സ്വഭാവഗുണമുള്ള ആളായതിനാൽ തന്നെ ഇരുവരും പെട്ടെന്ന് ഇഷ്ടത്തിലാകുന്നു. അത് പിന്നെ വിവാഹത്തിലേക്കെത്താൻ അധിക താമസമുണ്ടായില്ല. വിവാഹശേഷം ചിന്തകളും ആഗ്രഹങ്ങളും മാറുമെന്നുള്ള പൊതുബോധം നിലനിൽക്കുന്ന സമൂഹത്തിൽ പക്ഷെ സാറയ്ക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. അവൾക്ക് അപ്പോഴും അവളുടെ സ്വപ്നങ്ങൾ തന്നെയായിരുന്നു പ്രധാനം. എന്നാൽ ഈ ഒരു ചിന്താഗതിയോട് പൊരുത്തപ്പെടാനാകാത്ത സമൂഹത്തിൽ അവൾക്കതിന് കഴിയുമോ എന്നതാണ് ചിത്രത്തിന്റെ ബാക്കിപ്പത്രം.

ഇത്തരമൊരു ആശയം അവതരിപ്പിച്ചതിന് ജൂഡ് ആന്തണിയെ പ്രശംസിച്ചേ തീരു. എപ്പോഴും ചുറ്റുമുള്ളവരുടെ വിഷമങ്ങൾക്കും അഭിപ്രായവുമാണ് ഒരു സ്ത്രീയുടെ വൈവാഹിക ജീവിതത്തെ നയിക്കുന്നത്. അത്തരം പരമ്പരാഗത ചിന്തകളോടൊപ്പം സഞ്ചരിക്കാത്തവരെ നെഗറ്റീവ് കഥാപാത്രമായാണ് എന്നും ചിത്രീകരിച്ചിട്ടുള്ളത്. അത് മാറ്റി ചിന്തിക്കേണ്ടതാണ് എന്ന ശക്തമായ സന്ദേശം ഈ ചിത്രം നൽകുന്നു.

saras-movie-review

താൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഒടുവിൽ സ്ക്രീനിൽ തന്റെ പേര് തെളിയുന്നത് സ്വപ്നം കാണുന്ന സാറയെന്ന കഥാപാത്രത്തെ നമ്മൾ സമൂഹത്തിൽ എല്ലായിടത്തുമുണ്ട്. തന്റെ സ്വപ്നങ്ങൾക്കായി പോരാടുന്ന സാറയെ അന്ന ബെൻ നന്നാക്കിയിട്ടുണ്ട്. ബാഹ്യമായ സമ്മർദ്ദവും മാറുന്ന മുൻഗണനകളും സാഹചര്യങ്ങളും കൊണ്ട് വിവാഹശേഷം സ്വഭാവം മാറുന്ന 'ജീവൻ' എന്ന കഥാപാത്രം ഒരു പ്രതീകമാണ്. സണ്ണി വെയ്ൻ അവതരിപ്പിച്ച കഥാപാത്രത്തിന് സാറയുമായി മികച്ച കെമിസ്ട്രിയാണ്. ടിവി വ്യക്തിത്വങ്ങളായ ധന്യവർമ, ‘കളക്ടർ-ബ്രോ’ പ്രശാന്ത് നായർ തുടങ്ങിയവർ ചിത്രത്തിൽ രസകരമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഷാൻ റഹ്മാന്റെ സിനിമയുടെ സംഗീതം മറ്റൊരു ആകർഷക ഘടകമാണ്. അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലം ചിത്രത്തിലും അവരുടെ പിതാവായി എത്തിയത് കൗതുകമുണർത്തുന്നതായി.

saras-movie-review

സാറയുടെ പോരാട്ടങ്ങൾ എന്നാൽ പ്രിവിലേജ്ഡ് വിഭാഗത്തിലുള്ള ഒരു വ്യക്തിയുടേതാണ് എന്ന് പറയേണ്ടി വരും. സാമ്പത്തികമായി ഞെരുക്കമില്ലാത്ത തന്നെ വളരെയധികം പിന്തുണ നൽകുന്ന കുടുംബമാണ് സാറയുടേത്. എന്നിരുന്നാൽ പോലും ഇന്നേവരെ ആരും പറയാത്ത സ്ത്രീയുടെ ഭാഗം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത് എടുത്തുപറയേണ്ടത് തന്നെ.

മിക്കയിടങ്ങളിലും നന്നായി കഥ പറഞ്ഞ് നീങ്ങിയ ചിത്രത്തിന് അവിടവിടെയായി ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. കഥയെ കൂടുതൽ ആകർഷകമായി അവതരിപ്പിക്കാൻ കഴിയാത്തതിനാലാകാം ഇത്. തമാശയും എന്റർറ്റെയിൻമെൻ്റും കുറവാണെങ്കിൽ പ്രേക്ഷകനെ ചിന്തിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ജൂഡ് ആന്തണിയുടെ ഈ ഫീൽ ഗുഡ് ചിത്രത്തിന്റെ പ്രധാന പ്ളസ് പോയിന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SARAS MOVIE, SARAS MOVIE REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.