SignIn
Kerala Kaumudi Online
Friday, 26 April 2024 9.07 PM IST

മഹാമാരി ഒഴിഞ്ഞാലും ലളിത വിവാഹങ്ങളാകാം

wedding

കൊവിഡ് മഹാമാരി മനുഷ്യരാശിക്ക് ഒട്ടനവധി ദുരിതങ്ങൾ നൽകിയതിനൊപ്പം ക്രിയാത്മക സമീപനങ്ങൾ സ്വീകരിക്കാനും നിമിത്തമാകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം ആഡംബരങ്ങൾ പാടേ വെടിഞ്ഞുള്ള ജീവിതരീതി പിന്തുടരാൻ സമൂഹമൊന്നാകെ നിർബന്ധിതരായി എന്നുള്ളതാണ്. വിവാഹം, ചരമം, സാമൂഹിക ഒത്തുചേരലുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ തുടങ്ങി എല്ലാറ്റിനും വന്നു കർക്കശമായ നിയന്ത്രണങ്ങൾ. അത്യാഡംബരമായി നടന്നുവന്ന വിവാഹാഘോഷങ്ങൾ പത്തും ഇരുപതും പേർ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായി. ഒന്നരവർഷമായി സംസ്ഥാനത്തുടനീളം നടന്ന വിവാഹച്ചടങ്ങുകൾ ഏറിയ കൂറും ഇത്തരത്തിലുള്ളവയായിരുന്നു. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇടയ്ക്ക് ഇളവു വന്നപ്പോൾ മാത്രം അപൂർവം ചില അപവാദങ്ങളുണ്ടായി. വിവാഹത്തോടനുബന്ധിച്ച് പ്രകടിപ്പിച്ചിരുന്ന ധൂർത്ത് അനാവശ്യമാണെന്ന ധാരണ സമൂഹത്തിൽ തീരെ മന്ദഗതിയിലാണെങ്കിലും കയറിക്കൂടാൻ തുടങ്ങിയിരിക്കുന്നു. ശുഭകരമായ മാറ്റമായി ഇതിനെ കാണാം. വിവാഹാഘോഷം ഒഴിവായെങ്കിലും സ്‌ത്രീധനം ഉൾപ്പെടെയുള്ള പ്രധാന മാമൂലുകൾ പഴയപടി നില്‌ക്കുകയാണ്. സമീപ ദിവസങ്ങളിലുണ്ടായ വേദനാജനകമായ ചില സംഭവങ്ങൾ സമൂഹത്തിനു ശാപമായ സ്‌ത്രീധനമെന്ന വിപത്തിനെതിരെ ഉറക്കെ ചിന്തിക്കാൻ നിമിത്തമായിട്ടുമുണ്ട്.

സ്‌ത്രീധന പീഡനങ്ങളും ആത്മഹത്യകളും പെരുകുന്ന നാട്ടിൽ ഒരുവിധ ആഡംബരമോ ധനക്കൊഴുപ്പോ ഇല്ലാതെ നടന്ന ഏതാനും ലളിത വിവാഹങ്ങളുടെ പേരിൽ കോഴിക്കോട്ടെ ഒരു ഗ്രാമം വാർത്തയിൽ ഇടംപിടിച്ചിരിക്കുന്നു. പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ ഗ്രാമമാണത്. കഴിഞ്ഞ പതിനഞ്ചുവർഷത്തെ ഇടവേളയിലാണെങ്കിലും ഈ ഗ്രാമത്തിലെ ഉറ്റബന്ധുക്കളുടെ നാല് വിവാഹങ്ങൾ രജിസ്റ്റർ ഓഫീസിൽ നൂറുശതമാനവും ലളിതമായാണു നടന്നത്. താലി ചാർത്തലോ ബന്ധുമിത്രാദികളെ വിളിച്ചുകൂട്ടിയുള്ള ആഘോഷങ്ങളോ ഒന്നുമുണ്ടായില്ല. സബ് രജിസ്ട്രാറുടെ മുമ്പിലുള്ള വിവാഹ രജിസ്റ്ററിൽ ഒപ്പിട്ടതോടെ വിവാഹകർമ്മം പൂർത്തിയായി. ഒളിച്ചോടി എത്തിയതായിരുന്നില്ല വധൂവരന്മാർ. വീട്ടുകാർ ആലോചിച്ചുറപ്പിച്ചതു തന്നെ. കതിർമണ്ഡപവും വിവാഹത്തോടനുബന്ധിച്ചുള്ള മറ്റാഘോഷങ്ങളും വേണ്ടെന്ന് ഇരുവീട്ടുകാരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. പതിനഞ്ചുവർഷം മുമ്പായിരുന്നു ഈ ഗണത്തിൽപ്പെട്ട ആദ്യ വിവാഹം. ഏറ്റവും ഒടുവിലത്തേത് കഴിഞ്ഞ വർഷവും. വിദ്യാഭ്യാസവും യോഗ്യതയും ജോലിയുമൊക്കെയുള്ളവരാണ് വധൂവരന്മാർ. അനാർഭാട വിവാഹമെന്ന ചിന്തയിലേക്ക് ഇവരെ നയിച്ചതും രക്ഷാകർത്താക്കൾ തന്നെയെന്ന പ്രത്യേകതയുമുണ്ട്. അവരും മുൻപ് ഇതേ മാർഗം സ്വീകരിച്ചവരാണ്.

രജിസ്റ്റർ വിവാഹം അപൂർവമൊന്നുമല്ലെങ്കിലും ഈ കോഴിക്കോടൻ ഗ്രാമത്തിലെ വിവാഹങ്ങൾ ഏറെ ശ്രദ്ധേയമാകുന്നത് ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോഴാണ്. ആർഭാടങ്ങൾ ഒഴിവാക്കിയാൽത്തന്നെ ഭൂരിപക്ഷം കുടുംബങ്ങൾക്കും ലഭിക്കുന്ന ആശ്വാസം ചെറുതല്ല. വിവാഹം നടത്തി കടംകയറി ജീവിതത്തിൽ വഴിമുട്ടുന്നവർ അനവധിയാണ്. വിവാഹധൂർത്ത് ഒഴിവാക്കണമെന്ന് സാമൂഹ്യപരിഷ്കർത്താക്കൾ പണ്ടുമുതലേ ഉദ്‌ബോധിപ്പിക്കുന്നതാണ്. സമുദായ നേതാക്കളും ആചാര്യന്മാരുമെല്ലാം ഇടയ്ക്കിടെ അക്കാര്യം ഓർമ്മിപ്പിക്കാറുമുണ്ട്. ആരും ചെവിക്കൊള്ളുന്നില്ലെന്നു മാത്രം. കൊവിഡ് മഹാമാരി സൃഷ്ടിച്ച കടുത്ത നിയന്ത്രണങ്ങൾ വിവാഹാഘോഷങ്ങൾ അതീവ ലളിതമാക്കാൻ നിമിത്തമായിരിക്കുകയാണ്. കൊവിഡ് ഭൂമുഖം വിട്ടുപോയാലും അനുകരിക്കാൻ പറ്റിയ മാതൃക തന്നെയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.