കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ അക്കാദമിക് കേന്ദ്രം മുളങ്കാടകത്തെ വെസ്റ്റ് കൊല്ലം ഗവ.എച്ച്.എസ്.എസ് കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടങ്ങളിൽ സജ്ജമാക്കും. ഇവിടെ നേരത്തെ പ്രവർത്തിച്ചിരുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ കെട്ടിടത്തിലും എൽ.പി സ്കൂളിന്റെ ക്ലാസ് മുറികളിലുമാകും സൗകര്യങ്ങൾ ഏർപ്പെടുത്തുക. കെട്ടിടങ്ങൾ ഓപ്പൺ സർവകലാശാലയ്ക്ക് താത്കാലികമായി വിട്ടുനൽകാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി.
വിവിധ കോളേജുകൾ കേന്ദ്രീകരിച്ചുള്ള സ്റ്റഡി സെന്ററുകൾക്ക് പുറമെ സർവകലാശാലയ്ക്ക് നേരിട്ട് അദ്ധ്യയനം നടത്തുന്നതിനുള്ള ക്ലാസ് മുറികൾ, ഡിജിറ്റൽ ക്ലാസ് മുറികളും വർക്ക് സ്റ്റേഷനുകളും ഉൾപ്പെടുന്ന ഐ.ടി സെന്റർ, 21 പഠനശാഖകളുടെ ആസ്ഥാനം എന്നിവയാകും ആദ്യഘട്ടത്തിൽ വെസ്റ്റ് കൊല്ലം സ്കൂൾ കാമ്പസിൽ സജ്ജമാക്കുക. ഇവയുടെ രൂപരേഖ സർവകലാശാലാ അധികൃതർ ഉടൻ തയ്യാറാക്കും.
യാത്രാ സൗകര്യം കൂടി കണക്കിലെടുത്താണ് വെസ്റ്റ് കൊല്ലം സ്കൂൾ അക്കാദമിക് കേന്ദ്രമാക്കുന്നത്. സർവകലാശാലയുടെ താത്കാലിക ആസ്ഥാനം കുരീപ്പുഴയിൽ തന്നെ തുടരും. ഇവിടെ ഓൺലൈൻ പഠനവിഭവങ്ങൾ തയ്യാറാക്കാനുള്ള സ്റ്റുഡിയോ വൈകാതെ സജ്ജമാക്കും.
2 കോടി ചെലവ്
വെസ്റ്റ് കൊല്ലം സ്കൂൾ കാമ്പസിൽ 5,793 ചതുരശ്രയടി വിസ്തീർണത്തിലുള്ള കെട്ടിട സൗകര്യങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഓപ്പൺ സർവകലാശാലയ്ക്കായി വിട്ടുനൽകിയിരിക്കുന്നത്. സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് രണ്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. രണ്ട് മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം.
'' വരും ദിവസങ്ങളിൽ വെസ്റ്റ് കൊല്ലം സ്കൂൾ കാമ്പസിൽ ഒരുക്കേണ്ട സംവിധാനങ്ങളുടെ രൂപരേഖ തയ്യാറാക്കും. എത്രയും വേഗം പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം.''
പി.എം. മുബാറക് പാഷ (വൈസ് ചാൻസലർ, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |