SignIn
Kerala Kaumudi Online
Saturday, 27 April 2024 8.18 AM IST

മജിസ്ട്രേറ്റിന്റെ അധികാരം പൊലീസിന് ; ഇരുതല വാൾ...!

pol

സർക്കാർ എട്ടുവർഷമായി കിണഞ്ഞു ശ്രമിച്ചിട്ടും പൊതുസമൂഹത്തിന്റെ എതിർപ്പുകാരണം നടപ്പാക്കാനാവാതെ പോയ തിരുവനന്തപുരം, കൊച്ചി മെട്രൊപ്പൊളിറ്റൻ പൊലീസ് കമ്മിഷണറേറ്റ് വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ഏതു വിധേനയും കമ്മിഷണറേറ്റ് യാഥാർത്ഥ്യമാക്കാൻ പൊലീസ് ഉന്നതർ രംഗത്തുണ്ട്. വെടിവയ്ക്കാൻ ഉത്തരവിടാനും ഗുണ്ടാനിയമം ചുമത്താനും കരുതൽ തടങ്കലിലാക്കാനു നിലവിൽ മജിസ്ട്രേറ്റിനുള്ള അധികാരം പൊലീസിന് നൽകുന്നത് പൊലീസിന്റെ അമിതാധികാര പ്രയോഗത്തിനും അതുവഴി പൊലീസ് രാജിനും ഇടയാക്കുമെന്നാണ് സമൂഹത്തിന്റെ ആശങ്ക. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മിഷണറേറ്റ് നടപ്പാക്കാനൊരുങ്ങിയപ്പോൾ മന്ത്രിസഭയിലും മുന്നണിയിലും എതിർപ്പുകളുയർന്നതിനെ തുടർന്ന് പിൻവാങ്ങുകയായിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റ് രൂപീകരിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും വീണ്ടും ശുപാർശ നൽകിയിട്ടുണ്ടെന്നുമാണ് പുതിയ പൊലീസ് മേധാവി അനിൽ കാന്ത് പറയുന്നത്.

2013 ജനുവരിയിൽ യു.ഡി.എഫ് മന്ത്രിസഭ രണ്ടുവട്ടം തീരുമാനമെടുക്കുകയും 2019ൽ പിണറായി വിജയൻ വിജ്ഞാപനമിറക്കാനൊരുങ്ങുകയും ചെയ്‌തിട്ടും ശക്തമായ പ്രതിഷേധമുയർന്നതോടെ മജിസ്റ്റീരിയൽ അധികാരങ്ങളോടെ പൊലീസ് കമ്മിഷണറേറ്റ് രൂപീകരിക്കാനായിട്ടില്ല. ഐ.എ.എസുകാരുടെ മജിസ്റ്റീരിയൽ അധികാരങ്ങൾ വേണ്ടെന്നുവച്ച്, ഗുണ്ടാനിയമം ചുമത്താനുള്ള അധികാരം മാത്രം നൽകി കമ്മിഷണറേറ്റ് രൂപീകരിക്കണമെന്നാണ് ഡി.ജി.പിയുടെ പുതിയ ആവശ്യം. ഗുണ്ടാനിയമം ചുമത്താനും ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാനും നല്ലനടപ്പ് ശിക്ഷ നൽകാനും വെടിവയ്പ്പിനുമൊക്കെ കളക്ടർമാർക്കുള്ള അധികാരം കമ്മിഷണർമാർക്ക് നൽകിയാണ് കമ്മിഷണറേറ്റ് രൂപീകരിക്കാനൊരുങ്ങിയത്. പൊലീസിന് അമിതാധികാരം നൽകുന്നത് പൊലീസ്‌രാജിനും ക്രമസമാധാന തകർച്ചയ്ക്കും ഇടയാക്കുമെന്നാണ് ഐ.എ.എസുകാരുടെ നിലപാട്. കരുതൽതടങ്കൽ, നിരോധനാജ്ഞ അധികാരങ്ങളില്ലെങ്കിൽ കമ്മിഷണറേറ്റ് കടലാസു പുലിയാവുമെന്നാണ് ഐ.പി.എസുകാരുടെ നിലപാട്.

സ്ഥിരം കുറ്റവാളികളെ ഗുണ്ടാനിയമം ചുമത്തി കരുതൽ തടങ്കലിലാക്കാനുള്ള അപേക്ഷകളിൽ കളക്ടർമാർ വേഗത്തിൽ തീരുമാനമെടുക്കുന്നില്ലെന്നാണ് പൊലീസിന്റെ വാദം. എന്നാൽ ലീഡർമാരുടെയും നിയമവകുപ്പിന്റെയും അഭിപ്രായം തേടിയ ശേഷമാണ് കളക്ടർമാർ ഗുണ്ടാനിയമം ചുമത്തുന്നത്. മേൽനോട്ടത്തിനാരുമില്ലാതെ, ഗുണ്ടാനിയമം ചുമത്താൻ പൊലീസിന് അധികാരം നൽകിയാൽ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട്. രാഷ്ട്രീയക്കാർക്കെതിരെയടക്കം കാപ്പ ചുമത്തിയേക്കാം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പി.ജയരാജനടക്കം കണ്ണൂരിലെ നേതാക്കൾക്കെതിരെ കാപ്പ ചുമത്താനുള്ള പൊലീസിന്റെ ശ്രമം സി.പി.എം പരാജയപ്പെടുത്തിയതാണ്. പ്രിവന്റീവ് സെക്ഷൻ107പ്രകാരം, ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നല്ല നടപ്പ് ബോണ്ട് നൽകാനും ഒരുലക്ഷം പിഴയിടാനും മജിസ്ട്രേറ്റിനുള്ള അധികാരം പൊലീസിന് നൽകുന്നതും ഏറെ പ്രത്യാഘാതമുണ്ടാക്കും. നോട്ടീസ് നൽകാനും പിന്നാലെ സമൻസയയ്ക്കാനും അധികാരമുണ്ടാവും. കുറ്റകൃത്യം ചെയ്താൽ ഒരുലക്ഷം പിഴയിടാം. ഉദ്യോഗസ്ഥന്റെ മനോധർമ്മം പോലെ അറസ്റ്റ് ചെയ്യുകയുമാവാം. കേസിൽ പ്രതിയല്ലാത്തവരെയും പൊലീസ് അറസ്റ്റ് ചെയ്യുമെന്നും പൊലീസ്‌രാജിന് വഴിവയ്ക്കുമെന്നുമാണ് ആശങ്ക.

ഗുണദോഷങ്ങൾ ഇവയാണ്

ചെന്നൈ, ബംഗളുരൂ, ഡൽഹി നഗരങ്ങളിലെപ്പോലെ വിപുലമായ അധികാരങ്ങളുള്ള പൊലീസ് കമ്മിഷണറേറ്റ് രൂപീകരിക്കണമെന്നാണ് ഐ.പി.എസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. എന്നാൽ കളക്ടറുടെ അനുമതിയില്ലാതെ, ആർക്കെതിരെയും ഗുണ്ടാനിയമം ചുമത്താനും ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാനും വെടിവയ്പ്പിനുമൊക്കെ പൊലീസിന് അധികാരം നൽകുന്നത് പൊലീസ് രാജിനും ക്രമസമാധാന തകർച്ചയ്ക്കും ഇടയാക്കുമെന്ന് ഐ.എ.എസുകാർ നിലപാടെടുത്തു. നേരത്തേ നിയമസെക്രട്ടറിയും കമ്മിഷണറേറ്റ് രൂപീകരണത്തിൽ സംശയമുന്നയിച്ചിരുന്നു. ജസ്​റ്റിസ് കെ.ടി. തോമസ് കമ്മിഷന്റെ ശുപാർശ പ്രകാരമാണ് തിരുവനന്തപുരത്തും കൊച്ചിയിലും മെട്രോപൊളി​റ്റൻ കമ്മിഷണറേ​റ്റ് രൂപീകരിക്കാൻ തീരുമാനിച്ചത്. സർക്കാർ തീരുമാനിച്ചിട്ടും, ജില്ലാ കളക്ടർമാരുടെ അധികാരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി സമ്മർദ്ദമുണ്ടായതോടെ ആഭ്യന്തരവകുപ്പ് ഇതു സംബന്ധിച്ച തുടർവിജ്ഞാപനം പുറപ്പെടുവിച്ചില്ല.

ഐ.ജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഈ നഗരങ്ങളിൽ മജിസ്​റ്റീരിയൽ അധികാരത്തോടെ കമ്മിഷണർമാരാകുമെന്നായിരുന്നു തീരുമാനം. എന്നാൽ രണ്ടിടത്തും ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കമ്മിഷണറാക്കി എന്നതൊഴിച്ചാൽ തുടർനടപടികളുണ്ടായില്ല.

മെട്രൊപ്പൊളിറ്റൻ പൊലീസ് കമ്മിഷണറേറ്റുകൾ വരുന്നതോടെ പൊലീസിംഗ് കൂടുതൽ മെച്ചപ്പെടുമെന്ന് പൊലീസ് നേതൃത്വം പറയുന്നു. നഗരങ്ങളിൽ കൂടുതൽ അസി.കമ്മിഷണർ, ഇൻസ്പെക്ടർ തസ്തികകൾ വരും. തീവ്രവാദികളെ അമർച്ചചെയ്യാനും തീരസുരക്ഷയ്ക്കുമെല്ലാം പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഗുരുതര കുറ്റകൃത്യങ്ങൾ നേരിടാൻ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ കേന്ദ്രീകൃത സംവിധാനമുണ്ടാകും. അതേസമയം, പൊലീസിന്റെ മേൽനോട്ടത്തിന് സിവിൽ അതോറിട്ടിയില്ലെങ്കിൽ അധികാര ദുർവിനിയോഗമുണ്ടാകാൻ ഇടയുണ്ടെന്ന് സമൂഹം ഭയപ്പെടുന്നു. സ്വമേധയാ വെടിവയ്ക്കാൻ അധികാരം നൽകിയാൽ മനുഷ്യാവകാശലംഘനവും സംഭവിക്കാനിടയുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ സിനിമാ തിയേറ്ററുകൾക്കും കടകൾക്കും ലൈസൻസ് നൽകാനുള്ള അധികാരം പൊലീസ് കമ്മിഷണർക്കുണ്ടെങ്കിലും കേരളത്തിൽ ഈ അധികാരം നൽകില്ല. ക്രമസമാധാനം പാലിക്കാൻ അടിയന്തര ഘട്ടത്തിൽ വെടിവയ്ക്കാനുള്ള ഉത്തരവ് നൽകാൻ കമ്മിഷണർക്ക് അധികാരമുണ്ടാവും. സി.ആർ.പി.സി 129 പ്രകാരം ഇപ്പോൾതന്നെ മജിസ്ട്രേറ്റിന്റെ അസാന്നിദ്ധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് വെടിവയ്ക്കാൻ ഉത്തരവിടാനാകും. നിലവിലെ നിയമപ്രകാരം ഗുണ്ടാനിയമം ചുമത്താനും കരുതൽ തടങ്കലിലാക്കാനുമുള്ള ഉത്തരവ് കളക്ടർ പുറപ്പെടുവിക്കേണ്ടതുണ്ട്. മജിസ്ട്രേറ്റിന്റെ അസാന്നിദ്ധ്യത്തിലുള്ള വെടിവയ്പ്പ് ഉത്തരവ് മാത്രം നിലനിറുത്തി കമ്മിഷണറേറ്റ് രൂപീകരിച്ച് വിജ്ഞാപനമിറക്കാനാണ് ഇപ്പോൾ സർക്കാരിന്റെ നീക്കം. സംഘർഷാന്തരീക്ഷങ്ങളിൽ മജിസ്​റ്റീരിയൽ പദവിയുള്ള ഉദ്യോഗസ്ഥന്റെ അഭാവത്തിൽ ലാത്തിച്ചാർജ് നടത്താനും വെടിവയ്ക്കാൻ ഉത്തരവിടാനുമുള്ള അധികാരം എസ്.പിമാർക്കും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥർക്കുണ്ടാവും.

അമിതാധികാരം കുറയ്ക്കും

പൊലീസിന് അമിതാധികാരം നൽകുന്ന ചട്ടങ്ങൾ ഒഴിവാക്കി കമ്മിഷണറേറ്റുകൾ രൂപീകരിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ബഹുനില മന്ദിരങ്ങൾ നിർമിക്കുന്നതിനു പൊലീസ് ലൈസൻസ് നിർബന്ധമാക്കുന്നതും സിനിമാ തിയേ​റ്ററുകളുടെ നിയന്ത്രണവുമടക്കം നാല് അധികാരങ്ങൾ വേണ്ടെന്നുവയ്ക്കും. മെട്രോപൊളിറ്റൻ കമ്മിഷണറേറ്റുകളിൽ ബഹുനില മന്ദിരങ്ങൾക്ക് അനുമതി നൽകുന്നത് പൊലീസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. ആയുധങ്ങൾക്കും സ്ഫോടകവസ്തുക്കൾക്കും ലൈസൻസ് നൽകൽ, കൈമാറ്റം എന്നിവ മറ്റ് നഗരങ്ങളിൽ പൊലീസിന്റെ നിയന്ത്രണത്തിലാണ്. കളക്ടർമാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കുമാണ് കേരളത്തിൽ ഈ അധികാരം. ഡോക്ടർമാർ കുറിക്കാതെ ചില മരുന്നുകൾ മയക്കുമരുന്നായി ഉപയോഗിക്കുന്നതു തടയാൻ ഡ്രഗ്സ് കൺട്രോളറുമായി ചേർന്ന് നടപടിയെടുക്കാൻ മറ്റിടങ്ങളിൽ അധികാരമുണ്ടെങ്കിലും ദുർവിനിയോഗം ഭയന്ന് കേരളത്തിൽ ഇതും നൽകിയേക്കില്ല. ഗുണ്ടാനിയമം ചുമത്തൽ, ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് നല്ലനടപ്പ് ബോണ്ട് നൽകാനും ഒരുലക്ഷം പിഴയിടാനുമുള്ള അധികാരം എന്നിവയും പൊലീസിന് നൽകിയേക്കില്ല.

കമ്മിഷണറേറ്റ് വന്നാൽ

അസി. കമ്മിഷണർമാരുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാവും

എല്ലാ സ്റ്റേഷനുകളിലും മിനി കൺട്രോൾ റൂമുകൾ സജ്ജമാക്കും

ജില്ലാ ക്രൈംബ്രാഞ്ച് ശക്തിപ്പെടുത്തും, തലപ്പത്ത് എസ്.പിമാർ

സിറ്റി സ്പെഷ്യൽബ്രാഞ്ച് പ്രവർത്തനം ശക്തിപ്പെടുത്തും

ഗുണ്ടാവിരുദ്ധ സ്ക്വാഡ് ശക്തമാവും, അംഗസംഖ്യ കൂട്ടും

പൊലീസ് ആധുനികവത്കരണത്തിന് കേന്ദ്രസഹായം കൂടും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NILAPADU, POLICE COMMISSIONERATE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.