SignIn
Kerala Kaumudi Online
Friday, 26 April 2024 1.40 PM IST

ഒഴുക്ക് തിരിച്ചുപിടിക്കാൻ നാട് ഒരുമിക്കുന്നു : ബാവലിയ്ക്കായൊരു ജലബഡ്ജറ്റ്

bavali

പേരാവൂർ: കണ്ണൂരിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ ബാവലിപ്പുഴയുടെ സംരക്ഷണത്തിനായി നാട് ഒരുമിക്കുന്നു.പേരാവൂർ ബ്ലോക്കിന്റെ നേതൃത്വത്തിൽ ഹരിതകേരള മിഷന്റെയും ജലവിഭവ വകുപ്പിന്റെയും സഹകരണത്തോടെ ജല ബഡ്ജറ്റ് തയ്യാറാക്കി പുഴയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതോടൊപ്പം ശുദ്ധജലം പരമാവധി പ്രയോജനപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ബാവലിപുഴയുടെ ശുദ്ധജലലഭ്യതയും ഉപയോഗവും സാദ്ധ്യതയും പഠിച്ചാണ് ജലബഡ്ജറ്റ് തയ്യാറാക്കുന്നത്. ശാസ്ത്രജ്ഞന്മാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ഇതിനായി അണിനിരക്കും.ഇത് പൂർത്തിയാകുന്നതോടെ പേരാവൂർ ബ്ലോക്കിലെ കോളയാട്, മാലൂർ ഉൾപ്പെടെയുള്ള ഏഴ് പഞ്ചായത്തുകളിലെ മുഴുവൻ ജലസ്രോതസ്സുകളും ശുദ്ധജലസമൃദ്ധിയിലേക്ക് എത്തിക്കാനാണ് പദ്ധതി.

ഈ മാസം 15 ന് ബ്ലോക്കിലെ പഞ്ചായത്ത് പ്രസിഡന്റുമാരുൾപ്പെടെയുള്ള ഭരണസമിതിയുടെയും പഞ്ചായത്തിലെ നിർവ്വഹണ ഉദ്യോഗസ്ഥരുടെയും ഹരിതകേരള മിഷന്റെയും സംയുക്ത യോഗം പേരാവൂരിൽ വിളിച്ചിട്ടുണ്ട്. പിന്നാലെ ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രാദേശിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി സംഘാടക സമിതികൾ രൂപീകരിച്ച് ജല ബഡ്ജറ്റ് നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ബാവലിയെ അടിസ്ഥാനമാക്കി സമഗ്രമായ ഒരു പഠനം നടത്തുന്നതിനായി കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തുതന്നെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ആന്റ് ഡെവലപ്‌മെന്റ്

മാനേജ്‌മെന്റ് 10 ലക്ഷം കൈമാറിയിരുന്നു.2020 ജനുവരിയിൽ മൂവായിരത്തോളം പേർ അണിനിരന്ന് ഒറ്റ ദിവസം കൊണ്ട് ബാവലിയെ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കിയിരുന്നു. 80 ലോഡ് മാലിന്യമാണ് അന്ന് പുഴയിൽ നിന്ന് ശേഖരിച്ചത്.


ജലബഡ്ജറ്റ് തയ്യാറാക്കുന്നത്

പുഴയുടെ നിലവിലെ അവസ്ഥ, വേനലിലും മഴക്കാലത്തുമുള്ള ജലലഭ്യതയുടെ തോത്

കിണറുകളും കുളങ്ങളുമുൾപ്പെടെയുള്ള ജലാശയങ്ങളിലെ വെളളത്തിന്റെ ഗുണനിലവാര പരിശോധന

കൈത്തോടുകളുടെയും കൈവഴികളുടെയും കൃത്യമായ വിവരശേഖരണം

 പുഴയിലെ വെള്ളം എത്രത്തോളം പ്രയോജനപ്പെടുത്തുന്നുവെന്ന കണക്ക്

 മഴക്കാലത്ത് വെള്ളം പരമാവധി പ്രയോജനപ്പെടുത്താനുള്ള മാർഗങ്ങൾ

ആവിഷ്‌കരിക്കേണ്ട നീർത്തട സംരക്ഷണ പ്രവർത്തനങ്ങൾ

ശുദ്ധജല സംരക്ഷണത്തിന് ചെയ്യേണ്ട പ്രവൃത്തികൾ

ബാവലിപ്പുഴയിലെ ജലമെങ്കിലും കൈക്കുമ്പിളിൽ കോരിയെടുത്ത് കുടിക്കാൻ പറ്റുന്ന രീതിയിൽ മാറ്റിയെടുക്കാനുള്ള കൂട്ടായ പരിശ്രമമാണ് നടത്തുന്നത്. വരും തലമുറയ്ക്ക് ഈ പുഴയെ തെളിനീരിന്റെ വിശുദ്ധിയോടെ കൈമാറാൻ നമുക്ക് കഴിയും.

നിഷാദ് മണത്തണ,ജില്ലാ റിസോഴ്സ് പേഴ്സൺ,ഹരിതകേരള മിഷൻ

ബാവലി

വയനാട് ജില്ലയിലെ പശ്ചിമഘട്ടനിരയിലുള്ള ചെകുത്താൻ തോടിൽ നിന്ന് ഉത്ഭവിച്ച് കണ്ണൂർ പേരാവൂർ ബ്ലോക്ക് പരിധിയിലുള്ള കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് എന്നീ പഞ്ചായത്തുകളിലൂടെ 33 കിലോമീറ്ററോളം ഒഴുകുന്നതിനിടയിൽ കാഞ്ഞിരിപ്പുഴയോടൊപ്പം ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ഒഴുകിയെത്തുന്ന ചീങ്കണ്ണിപ്പുഴയുമായും കക്കുവപ്പുഴയുമായും ചേർന്നാണ് ബാവലി ഇരിട്ടി പുഴയിലെത്തുന്നത്.തുടർന്ന് വളപട്ടണം പുഴയുടെ ഭാഗമായി മാറുന്നു.കണ്ണൂരിന്റെ കുടിവെള്ള സ്രോതസ് എന്നതിൽ കവിഞ്ഞ് കൊട്ടിയൂർ വൈശാഖോത്സവവുമായി ബന്ധപ്പെട്ടുള്ള ചടങ്ങുകൾക്കും ബാവലിയുമായി അഭേദ്യമായ ബന്ധമുണ്ട്. ഉത്സവകാലത്ത് കൊട്ടിയൂരിലെത്തുന്ന ഭക്തർ ബാവലിയിൽ മുങ്ങിക്കുളിച്ചാണ് അക്കരെ സന്നിധിയിൽ പ്രവേശിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.