SignIn
Kerala Kaumudi Online
Saturday, 27 April 2024 10.08 AM IST

ധർമ്മത്തിലൂന്നി വമ്പന്റെ പിൻപേ

dr-p-madhavan-kutty-varie

മഹത്തായ പാരമ്പര്യമുള്ള കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ അമരക്കാരനായി നിയോഗിക്കപ്പെട്ടിരിക്കുകയാണ് ഡോ. പി. മാധവൻകുട്ടി വാരിയർ എന്ന പി.എം. വാരിയർ. ഡോ. പി.കെ വാരിയർക്ക് ശേഷം ആര്യവൈദ്യശാലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയെന്ന നിയോഗമാണ് അദ്ദേഹത്തിൽ അർപ്പിതമായിരിക്കുന്നത്. പുതിയ ഉത്തരവാദിത്തത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും മാനേജിംഗ് ട്രസ്റ്റിയായി നിയമിതനായ

അദ്ദേഹം സംസാരിക്കുന്നു .

ഏറ്റെടുക്കുന്നത് ശ്രേഷ്ഠ പാരമ്പര്യത്തിന്റെ തുടർച്ചയാണ്. ഭാഗ്യമായാണോ,​ വെല്ലുവിളിയായാണോ കാണുന്നത് ?

ഒരേസമയം മഹാഭാഗ്യവും വെല്ലുവിളിയുമാണ്. മഹാഭാഗ്യമെന്ന് പറയാൻ കാരണം വലിയമ്മാവൻ വൈദ്യരത്നം പി.എസ്.വാരിയർ സ്ഥാപിച്ച ആര്യവൈദ്യശാലയുടെ പ്രധാന സ്ഥാനത്ത് എത്തുകയെന്നത്. മാനേജിംഗ് ട്രസ്റ്റിയെന്നത് പാരമ്പര്യമായി കിട്ടുന്നതല്ല. ട്രസ്റ്റ് ബോർഡ് മെമ്പർമാർ യോജിച്ച് തിരഞ്ഞെടുക്കുന്നതാണ്. ആ നിലയ്ക്ക് അതൊരു ഭാഗ്യമാണ്. 119 വർഷമായി മികച്ച നിലയിൽ വളരുന്ന ഒരു സ്ഥാപനത്തെ നയിക്കാനും വീണ്ടും ഉയർച്ചയിലേക്ക് എത്തിക്കാനുള്ള ഭാഗ്യമാണ് കൈവന്നിട്ടുള്ളത്. 'വമ്പന്റെ പിൻപ് ' എന്ന് പറയില്ലേ, ചികിത്സയിലും ഭരണത്തിലുമെല്ലാം വളരെ നിപുണനായ അമ്മാവൻ പി.കെ.വാരിയരുടെ പിൻഗാമിയായിട്ടാണ് ഞാൻ വരുന്നത്. അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് ഉയരാൻ സാധിക്കണമെന്നതാണ് വെല്ലുവിളി. ഓരോ കാര്യവും ഏത് നിലയ്ക്ക് ചെയ്താലാവും സ്ഥാപനത്തിനും സമൂഹത്തിനും ഗുണകരമാവുക എന്നാലോചിച്ചാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഈ നിലയിലേക്ക് എത്തുകയെന്നത് വെല്ലുവിളിയാണ്. അദ്ദേഹത്തിന്റെ കൂടെ ഏറെക്കാലം ജോലി ചെയ്യാനും നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാനും, വേണ്ട സമയത്ത് അദ്ദേഹത്താൽ തന്നെ കറക്ട് ചെയ്യപ്പെടാനുമുള്ള അവസരമുണ്ടായിട്ടുണ്ട്. അതെനിക്ക് ലഭിച്ച ഭാഗ്യമായാണ് കാണുന്നത്.

മാനേജിംഗ് ട്രസ്റ്റി എന്ന നിലയിൽ ആദ്യ ദൗത്യമെന്താണ് ?

ആര്യവൈദ്യശാലയുടെയും ആയുർവേദത്തിന്റെയും ഉന്നമനത്തിനായി പ്രവർത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കർത്തവ്യം. സ്ഥാപകൻ പി.എസ്.വാരിയരുടെ പ്രശസ്തമായ ഒസ്യത്തിൽ നിർദ്ദേശിച്ചിട്ടുള്ളതും അതാണ്. ആയുർവേദത്തെ ജനങ്ങൾക്ക് കൂടുതൽ കൂടുതൽ ഉപകാരപ്രദമാക്കാവുന്ന രീതിയിലേക്ക് പരിപോഷിപ്പിക്കുക എന്നതാണ് ആര്യവൈദ്യശാലയുടെ പ്രധാനദൗത്യം. അതേപോലെ രോഗികളെ ചികിത്സിക്കുക, ആശ്വാസമേകുക ഇതൊക്കെ വളരെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളാണ്. ഇവ നിറവേറ്റാൻ സഹായകമായ രീതിയിൽ എന്റെ പ്രവർത്തന ശൈലി മാറ്റുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്.

ആര്യവൈദ്യശാലയുടെ ഏറ്റവും വലിയ കരുത്ത് എന്താണ് ?

പാരമ്പര്യമാണ് ഏറ്റവും വലിയ കരുത്ത്. സത്യം, ധർമ്മം എന്നിവയിൽ ഊന്നിയാണ് പ്രവർത്തിച്ചത്. ഒരു ഔഷധം ഉണ്ടാക്കുമ്പോൾ അതിൽ ഒരു മരുന്ന് വേണ്ടത്ര അളവിൽ കിട്ടിയില്ലെങ്കിൽ ആ ഔഷധം ഉണ്ടാക്കില്ല. കിട്ടിയ മരുന്നുകൾ കൊണ്ട് ഔഷധമുണ്ടാക്കി വിൽക്കില്ല. ഗുണനിലവാരം പരമാവധി കിട്ടുന്ന രീതിയിലേ ഇതുവരെ ആര്യവൈദ്യശാല മരുന്നുകൾ ഉണ്ടാക്കിയിട്ടുള്ളൂ. ഇനി ഉണ്ടാക്കുകയുമുള്ളൂ. മികച്ച ഡോക്ടർമാരെയാണ് ഹെഡ് ഓഫീസിലും ബ്രാഞ്ചുകളിലും നിയോഗിച്ചിട്ടുള്ളത്. ചികിത്സയുടെ കാര്യത്തിലും വളരെയധികം നിഷ്ഠ പാലിക്കുന്നുണ്ട്. ഇതിനു പുറമെ ഫീസ് വാങ്ങാതെയാണ് രോഗികളെ പരിശോധിക്കുക. ഇത് ആര്യവൈദ്യശാലയുടെ പൊതുനയമാണ്. ആര്യവൈദ്യശാലയുടെ പ്രധാന ശാഖയാണ് ധർമ്മാശുപത്രി. പി.എസ്.വാരിയർ നിർദ്ദേശിച്ചപ്രകാരം രോഗികൾക്ക് സൗജന്യമായി ഔഷധം, ചികിത്സ, താമസം, ആഹാരം ഇതൊക്കെ കൊടുക്കുന്നുണ്ട്. ആര്യവൈദ്യശാലയുടെ ലാഭത്തിന്റെ 45 ശതമാനം ധർമ്മാശുപത്രിക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ഈ പ്രവർത്തനങ്ങളെല്ലാം കൂടുതൽ മെച്ചപ്പെടുത്തി നടത്താൻ സാധിക്കുമോ എന്നതാണ് വ്യക്തിപരമായ ലക്ഷ്യം.

വ്യക്തിപരമായി ഏറ്റവും വലിയ കരുത്തും വിശ്വാസവും ?​

സഹപ്രവർത്തകരും കുടുംബാംഗങ്ങളുമാണ് ഏറ്റവും വലിയ കരുത്ത്. 1969ൽ ആര്യവൈദ്യശാലയിൽ അസി. ഫിസിഷ്യനായാണ് തുടക്കം. എല്ലാ തലത്തിലുമുള്ള ജീവനക്കാരുമായും ഡോക്ടർമാരുമായും ധാരാളം ഇടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരുടെയെല്ലാം പിന്തുണ ഉണ്ടാവുമെന്നാണ് എന്റെ വിശ്വാസം. സ്ഥാപകന്റെ ലക്ഷ്യം നിറവേറാൻ വേണ്ടതായ കാര്യങ്ങൾക്ക് കുടുംബാംഗങ്ങളെല്ലാവരും സഹകരിക്കും എന്നുള്ളതാണ് ഏറ്റവും വലിയ കരുത്ത്.

പി.കെ വാരിയരെ കുറിച്ച് ആലോചിക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ഓർമ്മയെന്താണ് ?

ചികിത്സാസംബന്ധമോ, ഔഷധ നിർമ്മാണമോ, ഭരണപരമോ ഏതുകാര്യത്തിലും സംശയങ്ങൾ ചോദിക്കാൻ പറ്റുന്ന മാർഗദർശിയായിരുന്നു , പ്രയോഗികമായ ഒരു പരിഹാരമേകും അദ്ദേഹം. എല്ലാവർക്കും ആശ്രയിക്കാൻ പറ്റുന്ന ഒരാളായിരുന്നു . ആ നിർദ്ദേശങ്ങൾ ഇനിയില്ലായെന്നത് വല്ലാത്തൊരു വിഷമമാണ്. ഓർമ്മകൾ അനവധിയുണ്ടെങ്കിലും ആലോചിക്കുമ്പോൾ എപ്പോഴും മനസിലേക്ക് വരുന്നത് ഇതാണ്.

അദ്ദേഹം നൽകിയ ഏറ്റവും വലിയൊരു ഉപദേശം ?

സത്യവും ധർമ്മവും മുറുകെ പിടിക്കണം. സമൂഹത്തിന് നല്ലത് വരുത്തുന്ന കാര്യങ്ങൾ ചെയ്യണം. വലിയമ്മാവൻ പി.എസ്.വാര്യർ നിർദ്ദേശിച്ച പ്രകാരം സ്ഥാപനം കൊണ്ടുനടക്കണം. അത് നമ്മുടെ ചുമതലയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

പാരമ്പര്യ വൈദ്യശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കേന്ദ്രം ആവിഷ്കരിക്കുന്നുണ്ട്. ഈ അനുകൂല നിലപാടുകളെ കോട്ടക്കൽ ആര്യവൈദ്യശാല എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത് ?

സർക്കാരിൽ നിന്ന് കിട്ടുന്ന സഹായങ്ങളും നിലപാടുകളും ആര്യവൈദ്യശാലയെ വളരെയധികം ബാധിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആയുർവേദത്തിന് അനുകൂലമായിട്ടാണ് പ്രവർത്തിക്കുന്നത്. കൊവിഡിന്റെ കാലത്ത് അതിന് അനുസരിച്ചുള്ള മരുന്നുകളും ഫോർമുലേഷനുകളും തയ്യാറാക്കാനും പ്രചരിപ്പിക്കാനും സർക്കാരുകൾ ശ്രമിക്കുന്നുണ്ട്. ആര്യവൈദ്യശാലയും ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്.

ലോക്ക്ഡൗൺ കാലയളവിനെ എങ്ങനെയാണ് ആര്യവൈദ്യശാല മറികടന്നത്. ഭാവിയിലെ ബിസിനസിന് ഇതെങ്ങനെ പ്രയോജനപ്പെടുത്താൻ പറ്റും?

ആര്യവൈദ്യശാലയെ പൂർണമായും ഒരു ബിസിനസ് സ്ഥാപനമായി കാണാൻ പറ്റില്ല. സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണിത്. ആയുർവേദത്തോടുള്ള സർക്കാരുകളുടെ സമീപനം വളരെ പോസിറ്റീവായത് കൊണ്ട് ആയുർവേദ ഔഷധങ്ങൾക്ക് ചെലവുണ്ടായിരുന്നു. പ്രത്യേകിച്ചും കൊവിഡിന്റെ പ്രതിരോധ ഔഷധങ്ങൾക്ക്. വില്‌പനയിൽ ചെറിയ കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോക്ക്ഡൗൺ കാരണം റോമെറ്റീരിയൽസ് വരാനും ഔഷധങ്ങൾ കൊണ്ടുപോവാനുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ഇതിനെയെല്ലാം തരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്.

കുടുംബത്തിന്റെ പിന്തുണ ?

കുടുംബത്തിന്റെ പിന്തുണയാണ് കരുത്ത്. ഭാര്യ ഷൈലജ ആര്യവൈദ്യശാല മെറ്റീരിയൽസ് വിഭാഗം സീനിയർ മാനേജരാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: P MADHAVAN KUTTY VARIER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.