SignIn
Kerala Kaumudi Online
Saturday, 27 April 2024 9.13 AM IST

സഭയുടെ അഭിമാനമുയർത്തിയ വലിയ ഇടയൻ!

orthodox

കോട്ടയം: നിരന്തരം സംഘർഷഭരിതമായ മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി നേടാൻ മുന്നണിപ്പോരാളിയായിരുന്നു കാതോലിക്കാ ബാവാ. വിധി പൂർണമായി നടപ്പാക്കിയിട്ടില്ലെങ്കിലും നിലപാടിൽ നിന്ന് വിട്ടുവീഴ്ച ചെയ്യാത്ത യോദ്ധാവായും പ്രതിസന്ധിക്കാലത്ത് സഭയെ നയിച്ച വലിയ ഇടയനായും ബാവായുടെ പേര് ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടും.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലങ്കര സഭാ തർക്കത്തിൽ വഴിത്തിരിവായി 2017 ജൂലായ് മൂന്നിന് നിർണായക കോടതി വിധി പുറപ്പെടുവിക്കുമ്പോൾ അമരത്ത് കാതോലിക്കാ ബാവാ ആയിരുന്നു. 1934ലെ ഭരണഘടന സുപ്രീംകോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടതോടെ കേരളത്തിലെ 1064 യാക്കോബായ പള്ളികളുടെ ഉടമസ്ഥാവകാശം ഓർത്തഡോക്‌സ് വിഭാഗത്തിലേയ്ക്ക് വന്നുചേർന്നു. ഏറെ വിമർശനങ്ങളേറ്റപ്പോഴും വ്യവഹാര രഹിതമായ മലങ്കരസഭ എന്ന ലക്ഷ്യം ബാവ മുറുകെപ്പിടിച്ചു. വിധിയിലൂടെ സഭയുടെ അഭിമാനമുയർന്നതായി വിശ്വാസികൾ കണ്ടു. അന്നേവരെ യാക്കോബായ വിഭാഗത്തിന്റെ കൈവശമുണ്ടായിരുന്ന പള്ളികളുടെ ഉടമസ്ഥത ഏറ്റെടുക്കാനായുള്ള ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമത്തിന് പൂർണ പിന്തുണയുമായി ബാവായുമുണ്ടായിരുന്നു. വരിക്കോലി പളളിയിൽ ആരാധനയ്ക്ക് എത്തിയ കാതോലിക്കാ ബാവായെ 8 മണിക്കൂർ യാക്കോബായ വിഭാഗം തടഞ്ഞുവച്ചിട്ടും അണുവിട വ്യതിചലിച്ചില്ല. അപ്പോഴും ഇരുവിഭാഗങ്ങളും യോജിക്കണമെന്നുളള ആഗ്രഹം ബാവാ പങ്കുവച്ചെങ്കിലും സംഘർഷ മനസുകളിൽ മഞ്ഞുരുക്കമുണ്ടായില്ല.

കട്ടച്ചിറ, വരിക്കോലി പള്ളികളിൽ തങ്ങൾക്ക് പ്രവേശിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഭ നൽകിയ ഹർജിയിൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലിൽ അടയ്ക്കുമെന്ന മുന്നറിയിപ്പും കോടതി നൽകി. വിഷയം പരിഹരിക്കാൻ മുഖ്യമന്ത്രി, മറ്റ് ക്രൈസ്തവ സഭകൾ, വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുള്ളവരും ചർച്ച നടത്തിയിട്ടും നിലപാടിൽ നിന്ന് പിന്നാക്കം പോകാത്ത ബാവായ്ക്ക് നേരെ ഉയർന്ന വിമർശനങ്ങളെ അന്ത്യംവരെയും ഗൗനിച്ചതുമില്ല. സഭയുടെ നല്ല ഭാവിമാത്രമായിരുന്നു ബാവായുടെ ശരി.

സ്ത്രീശാക്തീകരണം ചൂടേറിയ ചർച്ചയാകുന്ന ഇൗ അവസരത്തിൽ, അതിനുമെത്രയോ മുമ്പ് സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദികളിലേയ്ക്ക് പരവതാനി വിരിച്ച് ആനയിച്ചതാണ് കഴിഞ്ഞ പതിനൊന്ന് വർഷക്കാലത്തിനിടെ ബാവാ തിരുമേനിയുടെ ഏറ്റവും വലിയ നേട്ടം. അതുവരെ ഓർത്തഡോക്സ് സഭയുടെ ഭരണ കാര്യങ്ങളിൽ സ്ത്രീകൾക്ക് പങ്കാളിത്തമുണ്ടായിരുന്നില്ല. ബാവാ സഭയുടെ പരമാദ്ധ്യക്ഷനായതിന് ശേഷം നടന്നത് വിപ്ളവകരമായ മാറ്റമാണ്.

വനിതകൾ മുന്നോട്ടുവരട്ടെയെന്ന ചിന്ത ഉയർത്തിയാണ് ബാവാ അധികാരമേറ്റത്. സഭയിൽ നൂറ്റാണ്ടുകളായി സ്ത്രീകൾ നേരിടുന്ന അവഗണന മാറ്റിയെടുക്കാൻ അദ്ദേഹത്തിനായി. സഭയുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനവുമായ ഇടവകകളിൽ പുരുഷൻമാർക്കൊപ്പം സ്ത്രീകൾക്കും വോട്ടവകാശം ഏർപ്പെടുത്താനുള്ള 2011ലെ തീരുമാനത്തിലൂടെ സഭാ ഭരണത്തിൽ സ്ത്രീകൾ നിർണായക ശക്തിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CATHOLICS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.