SignIn
Kerala Kaumudi Online
Friday, 26 April 2024 11.55 PM IST

വ്യാപാരികളുടെ പരാതിക്ക് പരിഹാരമുണ്ടാക്കണം

shops

വ്യാപാരി സമൂഹവും സർക്കാരും തമ്മിൽ ഒരു ഏറ്റുമുട്ടൽ ഒഴിവായത് നന്നായി. സംഘടനാ പ്രതിനിധികൾ ഇന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ്. ചർച്ച ക്രിയാത്മകമാകട്ടെ . കടകളും വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിപ്പിക്കുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള കർക്കശ നിയന്ത്രണങ്ങളിൽ അയവു വേണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികൾ സമരപാതയിലേക്കു നീങ്ങിയത്. നിയന്ത്രണം കാരണം വ്യാപാരികൾ വരുമാനം നഷ്ടമായി വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്ന അവരുടെ പരാതി തികച്ചും യാഥാർത്ഥ്യമാണ്. കടകൾ തുറന്നിരുന്നാലേ കച്ചവടം നടക്കൂ. കച്ചവടം നടന്നാലേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവൂ. ഇപ്പോഴത്തെ നിയന്ത്രണങ്ങൾ വ്യാപാരികളെ മാത്രമല്ല ദോഷകരമായി ബാധിച്ചിരിക്കുന്നത്. സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന ലക്ഷക്കണക്കിനു ജീവനക്കാരും ദുരിതത്തിലാണ്. വേതനമില്ലാത്ത സ്ഥിതി തുടരുന്നത് അവരുടെ ജീവിതവും ഇരുളടയാൻ കാരണമാകുന്നു. രണ്ടുമാസമായി തുടരുന്ന ലോക്ക്‌ഡൗണും മറ്റു നിയന്ത്രണങ്ങളും അനവധി പേരുടെ ജീവിതമാർഗം ഇല്ലാതാക്കി.

കൊവിഡ് സാഹചര്യത്തിലും സർക്കാരിനെ ധിക്കരിച്ച് എല്ലാ ദിവസവും കടകൾ തുറക്കാനുള്ള തീരുമാനം വ്യാപാരി സംഘടനകൾ കൈക്കൊണ്ടത് നിവൃത്തികേടു കൊണ്ടാണെന്ന് നേതാക്കൾ പറയുന്നുണ്ട്. ഈ നിലപാടിലെ അപകടം തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാകാം സർക്കാരും ഉടനടി അനുരഞ്ജനത്തിനു സന്നദ്ധമായത്. ചർച്ചകളിലൂടെ പരിഹാരം കാണാനാവാത്ത പ്രശ്നമൊന്നുമില്ല. ഇരുപക്ഷവും തുറന്ന മനസോടെ പ്രശ്നത്തെ സമീപിച്ചാൽ മതി. എതിരിടലിന്റെ പാതയിലേക്കു നീങ്ങാൻ ആർക്കും താത്‌പര്യമില്ലെന്ന് തീർച്ചയാണ്. വ്യാപാരികൾ മുന്നോട്ടുവച്ചിട്ടുള്ള ന്യായമായ ആവശ്യങ്ങൾ സർക്കാർ തുറന്ന മനസോടെ പരിഗണിക്കുകയും വേണം.

കൊവിഡ് വ്യാപനം സംസ്ഥാനത്ത് ആശാവഹമായ വിധത്തിൽ കുറയാത്തതാണ് കടകളും വ്യാപാര സ്ഥാപനങ്ങളും എല്ലാ ദിവസവും തുറക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കുന്നത്. പ്രവർത്തന സമയം കുറച്ചതും ഈ ലക്ഷ്യത്തോടെയാണ്. എന്നാൽ സർക്കാർ ഇതുസംബന്ധിച്ചു നടപ്പാക്കിയ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന അഭിപ്രായം മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർക്കു പോലുമുണ്ട്. ഡോക്ടർമാരുടെ സംഘടന ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. സ്ഥാപനങ്ങൾ പരിമിതമായ ദിവസങ്ങളിൽ തുറക്കുന്നതും പ്രവൃത്തിസമയം കുറച്ചതും രോഗവ്യാപനം വർദ്ധിക്കാനേ ഇടയാക്കൂ എന്നാണ് കാര്യകാരണ സഹിതം അവർ സമർത്ഥിക്കുന്നത്.

അടയ്ക്കലും തുറക്കലുമായി ബന്ധപ്പെട്ട് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു പകരം സാധാരണപോലെ പ്രവർത്തിക്കാൻ അനുവദിക്കുകയാണു വേണ്ടതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ് അനവധി മേഖലകൾ പ്രോട്ടോകോൾ പ്രകാരം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുഗതാഗതം തന്നെ നല്ല ഉദാഹരണമാണ്. ട്രെയിനുകളിൽ ആദ്യനാളുകളിൽ ഒരു സീറ്റിൽ ഒന്നും പിന്നീട് രണ്ടും യാത്രക്കാരെയാണു അനുവദിച്ചതെങ്കിൽ ഇപ്പോൾ ഒരു സീറ്റിൽ മൂന്നുപേർക്കു ടിക്കറ്റ് നൽകുന്നുണ്ട്. ഈ രീതി തന്നെയാണ് ബസുകളിലും കാണുന്നത്. ഓരോ സീറ്റിലും രണ്ടു പേർക്കു യാത്രചെയ്യാനാകുന്നുണ്ട്.

കൃത്യമായ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചുകൊണ്ട് വ്യാപാര സ്ഥാപനങ്ങൾക്കും ഈ വിധം പ്രവർത്തനാനുമതി നൽകാവുന്നതേയുള്ളൂ. ഒരേസമയം എത്രപേരെ പ്രവേശിപ്പിക്കാമെന്ന് വ്യവസ്ഥ ചെയ്യണം. . കടകൾ പതിവ് രീതിയിൽ പ്രവർത്തിക്കാമെന്നു വന്നാൽ തിരക്കിനു ശമനമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHOPS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.