SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.12 AM IST

യുഡിഎഫിൽ നിന്ന് മൂന്ന് ഉന്നതർ ഇടതുപാളയത്തിലേക്ക്? വലവിരിച്ച് ജോസ് കെ മാണി

jose-k-mani

തിരുവനന്തപുരം: ജോസഫ് ഗ്രൂപ്പിലെ ഭിന്നത മുതലാക്കി പ്രമുഖ നേതാക്കളെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാൻ ചരടുവലി നടത്തി ജോസ് വിഭാഗം. പുനഃസംഘടനയെ ചൊല്ലിയുള്ള തർക്കമാണ് ജോസഫ് ഗ്രൂപ്പിൽ പുതിയ തർക്കങ്ങൾക്ക് ഇടവരുത്തിയത്. പി സി തോമസ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ എത്തിയതോടെയാണ് പാർട്ടിയിൽ സ്ഥാനമാനങ്ങൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ പുനഃസംഘടനയിൽ തഴയപ്പെട്ട ജോണി നെല്ലൂർ, ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ തുടങ്ങി നേതാക്കളെ പാർട്ടിയിലേക്കെത്തിക്കാൻ ജോസ് വിഭാഗം വലവിരിച്ച് കാത്തിരിക്കുകയാണ്.

പുനഃസംഘടനയിൽ മോൻസ് ജോസഫ്, ജോയി എബ്രഹാം തുടങ്ങിയ നേതാക്കൾക്ക് ഉന്നത പദവി നൽകി എന്നാണ് എതിർ വിഭാഗമായ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർ പിണങ്ങാനുളള കാരണം. ഇത് പരിഹരിക്കാതെ മുന്നോട്ടു പോകാനാവില്ലയെന്നാണ് ഫ്രാൻസിസ് ജോർജ് ഉൾപ്പടെയുള്ള നേതാക്കൾ പറയുന്നത്. തർക്കം രൂക്ഷമായതോടെ സംഘടനാ തിരഞ്ഞെടുപ്പ് താഴേത്തട്ടു മുതൽ നടത്തി പ്രശ്‌നം പരിഹരിക്കാനാണ് പി ജെ ജോസഫ് ശ്രമം നടത്തുന്നത്. എന്നാൽ ഈ തീരുമാനം പി.ജെ ജോസഫ് പ്രഖ്യാപിച്ച ശേഷവും ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേദിയിൽ നിന്ന് നേതാക്കൾ വിട്ടുനിന്നത് പി ജെ ജോസഫിനെ ഞെട്ടിപ്പിച്ചിട്ടുണ്ട്.

ഫ്രാൻസിസ് ജോർജ് ഉൾപ്പടെയുള്ള ഒരു വിഭാഗം നേതാക്കൾ നടത്തുന്ന വിമത നീക്കത്തെ മോൻസ് ജോസഫ് നേരത്തെ എതിർത്തിരുന്നു. പാർട്ടിയിൽ സ്ഥിരമായി ഇല്ലാത്തവരാണ് കാര്യങ്ങളെ കുറിച്ച് അറിയാതെ പ്രതികരിക്കുന്നത് എന്നായിരുന്നു ഫ്രാൻസിസ് ജോർജിനെ കൃത്യമായി ഉന്നം വച്ച് മോൻസ് ജോസഫ് പറഞ്ഞത്. ഇടക്കാലത്ത് പി ജെ ജോസഫിനെ വിട്ടുപോയി ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച നേതാവാണ് ഫ്രാൻസിസ് ജോർജ്. എന്നാൽ തർക്കങ്ങൾ ഏറെ ഉണ്ടായിരുന്ന സമയങ്ങളിലെല്ലാം പി.ജെ ജോസഫിന് ഒപ്പം നിന്നു എന്നതാണ് മോൻസ് ജോസഫിന് ഗുണമാകുന്നത്. അതുകൊണ്ടുതന്നെയാണ് ഫ്രാൻസിസ് ജോർജിനെക്കാൾ ഉന്നതപദവി മോൻസ് ജോസഫിന് നൽകിയത് എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

ജേക്കബ് ഗ്രൂപ്പിലെ ഒന്നാമൻ പദവി വിട്ടുവന്ന ജോണിനെല്ലൂരിനും ജോസഫ് ഗ്രൂപ്പിൽ കാര്യമായ പരിഗണന നൽകാൻ നേതൃത്വം തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തർക്കങ്ങൾ പരിഹരിക്കാൻ ആയില്ലെങ്കിൽ കാര്യങ്ങൾ വലിയ പൊട്ടിത്തെറിയിലേക്ക് എത്തിച്ചേക്കും.

ജനങ്ങളിൽ അവമതിപ്പുണ്ടാക്കും

പാർട്ടിയിൽ ഒരു പ്രശ്‌നവുമില്ല. ഞങ്ങളാരും ജോസ് വിഭാഗത്തിലേക്ക് പോകാൻ ഉദ്ദേശിച്ചിട്ടില്ല. ഇതൊക്കെ വെറുതെ വാർത്ത സൃഷ്‌ടിക്കാൻ ജോസ് വിഭാഗം നേതാക്കൾ പറഞ്ഞു പരത്തുന്ന കാര്യങ്ങളാണ്. പാർട്ടിയിൽ സ്ഥാനമാനങ്ങൾ ഇല്ലാതെയും പ്രവർത്തിക്കാൻ ഞാനും ഫ്രാൻസിസ് ജോർജും തയ്യാറാണ്. എന്നാൽ പുനഃസംഘടനയുമായി ബന്ധപ്പെട്ടുളള അതൃപ്‌തി പാർട്ടി ചെയർമാനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഭാരവാഹികളുടെ ബാഹുല്യം ജനങ്ങളിൽ അവമതിപ്പുണ്ടാക്കും. ഭക്ഷ്യമന്ത്രി വിളിച്ച ഒരു യോഗത്തിൽ പങ്കെടുക്കാൻ ഉളളതിനാലാണ് ഇന്നലെ പാർട്ടി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തത്.

ജോണി നെല്ലൂർ

ജോസഫ് വിഭാഗം

പിളർത്താൻ റെഡിയായി നിൽക്കുന്നു

ജോസഫ് ഗ്രൂപ്പിനെ പിളർത്താൻ റെഡിയായി നിൽക്കുകയാണ് അവിടെ കുറച്ചു പേർ. അവർ വന്നാൽ ഉൾക്കൊളളാൻ ഞങ്ങൾ തയ്യാറാണ്. രണ്ട് കൈയും നീട്ടി വരുന്ന നേതാക്കളെ സ്വാഗതം ചെയ്യും. അതിലൊരു മടിയുമില്ല.

സ്റ്റീഫൻ ജോർജ്

ജോസ് വിഭാഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOSE K MANI, JOSEPH, THOMAS UNNIYADAN, FRANCIS GEORGE, MONS JOSEPH, KERALA CONGR3ESS, UDF, LDF, PC THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA