ന്യൂഡല്‍ഹി: നവജ്യോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പി സി സി അദ്ധ്യക്ഷനാക്കാനുള്ള ഹൈക്കമാൻഡ് നീക്കത്തെ എതിർത്ത് സംസ്ഥാന മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സിദ്ധു വരുന്നതോടെ പാർട്ടി പിളരുമെന്നാണ് അമരീന്ദർ സോണിയഗാന്ധിക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. സിദ്ധുവിന്‍റെ പ്രവർത്തന ശൈലി സംസ്ഥാന കോൺഗ്രസിനെ നിയന്ത്രിക്കാൻ കഴിയുന്നതല്ല. പാർട്ടിയിലെ മുതിർന്ന നേതാക്കൾ സിദ്ധുവിന്‍റെ വരവിൽ അതൃപ്‌തിയിലാണെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിൽ അമരീന്ദർ സിംഗ് പറയുന്നു.
ഇന്നലെ സോണിയ ഗാന്ധിയുമായി സിദ്ധു ഡൽഹിയിലെത്തി ചർച്ച നടത്തിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നീക്കം. അമരീന്ദർ സിംഗിനെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തും. അമരീന്ദർ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സിദ്ധുവിനെ പി സി സി അദ്ധ്യക്ഷനാക്കാനാണ് ഹൈക്കമാൻഡ് തീരുമാനമെന്നാണ് സൂചന.
സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സിദ്ധു മടങ്ങിയത് പഞ്ചാബില്‍. ഏറെ നാളായി തുടരുന്ന അമരീന്ദര്‍- സിദ്ധു പോരിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ പാർട്ടി അദ്ധ്യക്ഷക്കയച്ച കത്തിലൂടെ താൻ ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന സൂചനയാണ് അമരീന്ദർ സിംഗ് നൽകുന്നത്. സിദ്ധു പാര്‍ട്ടി അദ്ധ്യക്ഷനാകുമെന്ന് ഔദ്യോഗിക അറിയിപ്പുകള്‍ വരുന്നതിന് മുമ്പേ ഇന്നലെ അദ്ദേഹത്തിന്‍റെ വസതിയില്‍ പ്രവര്‍ത്തകര്‍ മധുരവിതരണമടക്കം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |