വീട്ടുമുറ്റത്ത് വേലിയായി വളർത്താൻ കഴിയുന്ന ഉദ്യാനസസ്യമാണിത്. സസ്യകുടുംബം മാൽവേസിയ ആണ്. ഹിബിസ്കസ് റോസസൈനൻസിസ് എന്നതാണ് ശാസ്ത്രനാമം. കേരളത്തിൽ സർവസാധാരണയായി കാണുന്ന അലങ്കാരച്ചെടിയായ ചെമ്പരത്തി നമ്മുടെ വീട്ടുമുറ്റങ്ങളിൽ നിന്നും ഒഴിവാക്കി നിറുത്താൻ കഴിയില്ല.
നിരവധി നാടൻ ഇനങ്ങളും സങ്കരയിനങ്ങളും ഉൾപ്പെടെ അയ്യായിരത്തോളം ഇനങ്ങൾ ചെമ്പരത്തിയിലുണ്ട്. ഒറ്റവരി ഇതളായും അടുക്കിതളായും പൂക്കൾ കാണപ്പെടുന്നു. വലിയ പൂക്കൾ തരുന്ന അലിപ്പൂർ ബ്യൂട്ടി, റൂബ്രോ, പ്ലീനസ് എന്നിവയും കടും ചുവപ്പ് നിറത്തിൽ ചെറിയ പൂക്കൾ തരുന്ന വൈസ്രോയ്, വലിയ പൂക്കളുണ്ടാക്കുന്ന ഹവായിയൻ സങ്കരയിനങ്ങളും അനുരാധഝ, ആശിർവാദജ്, ഭരത് സുന്ദരി, ചിത്രലേഖ, ഗീതാഞ്ജലി, റെഡ്സാറ്രേൺ, ഫുൽക്കാരി, ശ്രീമതി, ഇന്ദിരാഗാന്ധി, ടൈബൽ ക്യൂൺ എന്നീ സങ്കരയിനങ്ങളും ഇന്ന് പ്രചാരത്തിലായിക്കഴിഞ്ഞു.
കമ്പ് നട്ടും, പതിവച്ചും പുതിയ തൈകൾ ഉല്പാദിപ്പിക്കാം. ചെമ്പരത്തി ചെടിച്ചട്ടികളിൽ വളർത്താവുന്നതാണ്. നന, വളപ്രയോഗം, പ്രൂണിംഗ് എന്നീ പരിചരണ മുറകൾ ചെമ്പരത്തിക്ക് യഥാസമയം നൽകണം. ചെമ്പരത്തിപ്പൂവ്, ഇല, മൊട്ട് എന്നിവ വളരെയേറെ ഔഷധപ്രധാനമാണ്. ചെമ്പരത്തിയിൽ നിന്നും തയ്യാറാക്കുന്ന സ്ക്വാഷ്, ജാം എന്നിവയും ഇന്ന് വിപണിയിൽ ലഭ്യമാണ്. ധാരാളം പൂക്കളുണ്ടാകുന്നതിനാൽ പൂന്തോട്ടത്തിന് നിത്യമനോഹാരിത നൽകാൻ ചെമ്പരത്തിക്ക് കഴിയും.
ചെമ്പരത്തി ഹവായിലേയും മലേഷ്യയിലേയും ദേശീയ പുഷ്പമാണ്. ചുവപ്പ്, മഞ്ഞ, വെള്ള, ഓറഞ്ച്, നീല എന്നീ നിറങ്ങളിൽ ചെമ്പരത്തിയിൽ പൂക്കളുണ്ടാകുന്നു.
ചെമ്പരത്തിപ്പൂവിന്റെ ഇതളുകൾ പാലിൽ അരച്ചു ചേർത്ത് കഴിച്ചാൽ മഹോദരം ശമിക്കും. മുഖത്ത് പൂക്കളരച്ച് തേക്കുന്നത് മുഖകാന്തിയും നിറവും വർദ്ധിപ്പിക്കും. ചെമ്പരത്തിപ്പൂക്കൾ ചെറുനാരങ്ങയുമായിചേർത്ത് കൊടുക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ മാറികിട്ടുന്നതിന് നല്ലതാണ്. ഇതിന്റെ മൊട്ട് ഭസ്മവും ചേർത്ത് പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന തടിപ്പ് മാറികിട്ടും. എണ്ണ കാച്ചുന്നതിനും ഇത് ഉപയോഗിച്ചുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |