SignIn
Kerala Kaumudi Online
Friday, 26 April 2024 1.01 PM IST

ഗവർണർ ഉപവസിച്ചതെന്തിന് ?

arif-muhammad-khan

ജൂലായ് 14 ബുധനാഴ്ച കേരള ചരിത്രത്തിൽ ആദ്യമായി ഗവർണർ ഒരു പൊതുപ്രശ്നം മുൻനിറുത്തി ഉപവസിച്ചു. ഒരുപക്ഷേ, രാജ്യ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം അഭൂതപൂർവമായിരിക്കാം. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്ത്രീധന മരണങ്ങളും സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് അദ്ദേഹത്തെ ഉപവാസത്തിന് പ്രേരിപ്പിച്ചത്. രാവിലെ രാജ്ഭവനിൽ ആരംഭിച്ച ഉപവാസം വൈകിട്ട് ഗാന്ധി ഭവനിൽ നാരങ്ങാനീരു കഴിച്ച് അവസാനിപ്പിക്കുകയായിരുന്നു. ഗാന്ധിസ്മാരക നിധി സംഘടിപ്പിച്ച ഉപവാസ പരിപാടിയുടെ ഭാഗമാവുകയായിരുന്നു ഗവർണറെന്ന് സംഘടന അവകാശപ്പെട്ടു. ഗവർണറും അതു സ്ഥിരീകരിച്ചു. കേവലമൊരു കൗതുകത്തിനപ്പുറം ഗവർണറുടെ ഉപവാസത്തിന് രാഷ്ട്രീയവും ഭരണഘടനാപരവും നൈതികവുമായ മാനങ്ങളുണ്ട്.

ഗവർണർ സംസ്ഥാനത്തെ ഭരണത്തലവനാണ്. കേന്ദ്ര സർക്കാരിന്റെ പ്രതിപുരുഷനുമാണ്. അദ്ദേഹത്തിന്റെ ഇടപെടലുകൾക്ക് പരിധികളും പരിമിതികളുമുണ്ട്. ദൈനംദിന ഭരണത്തിൽ ഗവർണർ ഇടപെടാനോ അഭിപ്രായ പ്രകടനങ്ങൾ നടത്താനോ പാടില്ല. സമരം, പ്രതിഷേധം, പരസ്യ പ്രതികരണം, രാഷ്ട്രീയ അഭിപ്രായ പ്രകടനം എന്നിവയിൽ നിന്ന് ഗവർണർമാർ വിട്ടുനിൽക്കണമെന്നാണ് കീഴ്‌വഴക്കം. അതേസമയം ഗുരുതരമായ കലാപമോ ക്രമസമാധാന തകർച്ചയോ ഉണ്ടാകുന്നപക്ഷം കേന്ദ്ര സർക്കാരിലേക്ക് റിപ്പോർട്ട് കൊടുക്കാൻ അദ്ദേഹം ബാദ്ധ്യസ്ഥനാണ്. അതനുസരിച്ച് പ്രവർത്തിക്കാനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിനുമുണ്ട്. ഇപ്പറഞ്ഞ സാമാന്യ നിയമത്തിന് വിപരീതമായി പ്രവർത്തിക്കുന്ന ഗവർണർമാർ കേരളത്തിൽ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇപ്പോഴും മറ്റുചില സംസ്ഥാനങ്ങളിലുണ്ട്.

1957 ൽ സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെ ആംഗ്ളോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്ത ഗവർണർ രാമകൃഷ്‌ണ റാവുവിൽ നിന്ന് ഇത് ആരംഭിക്കുന്നു. പിന്നീട് രാജ്ഭവൻ കേന്ദ്രമായി ഗൂഢാലോചന നടത്തി പട്ടംതാണുപിള്ളയെ പഞ്ചാബിലേക്ക് ഗവർണറായി അയച്ച വി.വി. ഗിരിയിലൂടെയും 1969 ലെ സപ്തകക്ഷി മന്ത്രിസഭ തകർന്നപ്പോൾ ബദൽ മന്ത്രിസഭയുണ്ടാക്കാൻ മുൻകൈയെടുത്ത വിശ്വനാഥനിലൂടെയും സർവകലാശാല വൈസ് ചാൻസലറെ പ്രതിപക്ഷ നേതാവിന്റെ ഉപദേശാനുസരണം നിയമിച്ച ജ്യോതിവെങ്കിടാചലത്തിലൂടെയും ആ പരമ്പര വളർന്നു വികസിച്ചു. രാംദുലാരി സിൻഹയായിരുന്നു കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തി കുപ്രസിദ്ധിയാർജ്ജിച്ച ഗവർണർ. എന്നാൽ പി.ശിവശങ്കർ, ഡോ. സരൂപ് സിംഗ്, സുഖ്ദേവ് സിംഗ് കാംഗ്, ജസ്റ്റിസ് പി. സദാശിവം എന്നിവരൊക്കെ ഭരണഘടനയുടെ നാലതിരുകൾക്കുള്ളിൽ നിന്നുമാത്രം പ്രവർത്തിച്ചവരാണ്.

സരൂപ് സിംഗിനെയോ സദാശിവത്തെയോ പോലെ ഒരു ഗവർണറല്ല ആരിഫ് മുഹമ്മദ് ഖാൻ. പ്രായോഗിക രാഷ്ട്രീയത്തിലെ സകല അടവും അഭ്യാസവും പയറ്റിത്തെളിഞ്ഞ ആളാണ്. അദ്ദേഹത്തെ ഗവർണറായി നിയമിച്ച സമയത്ത് ഭരണകക്ഷിക്ക് വലിയ ആശങ്കകൾ ഉണ്ടായിരുന്നു. ഗവർണർക്ക് സർക്കാരിനോടുള്ള നിലപാട് എന്തായിരിക്കും എന്ന കാര്യത്തിൽ സംശയവും നിലനിന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവർണർ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സംസ്ഥാനത്തെ ഭരണപ്രതിപക്ഷ പാർട്ടികളുടെ നിലപാടിന് കടക വിരുദ്ധമായിരുന്നു. ഇതു സംബന്ധിച്ച് നിയമസഭ പ്രമേയം പാസാക്കുന്നതിന് ഗവർണർ തീർത്തും എതിരായിരുന്നു. അതു തുറന്നുപറയാൻ അദ്ദേഹം മടിച്ചതുമില്ല. പക്ഷേ, പിന്നീടങ്ങോട്ട് ഏറ്റുമുട്ടലുകൾ ഉണ്ടായില്ല എന്നതു ശ്രദ്ധേയമാണ്. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗം വായിക്കാനുള്ള ഹൃദയവിശാലതയും അദ്ദേഹം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ബന്ധം വളരെ വേഗം സൗഹാർദ്ദപരവും ഉൗഷ്മളവുമായി മാറി. പിണറായി വിജയന്റെ ജന്മദിനത്തിൽ ക്ളിഫ് ഹൗസിലെത്തി ആശംസയറിയിക്കുന്ന ആരിഫ് ഖാനെയാണ് പിന്നീടു നാം കാണുന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ഉപവാസത്തിലും പ്രത്യേകിച്ച് രാഷ്ട്രീയ ദുരുദ്ദേശ്യമൊന്നും ഭരണകക്ഷികൾ കാണുന്നില്ല. അഥവാ ആശങ്കയുണ്ടെങ്കിൽ തന്നെ അതു തുറന്നു പ്രകടിപ്പിക്കാൻ തയ്യാറുമല്ല. മറിച്ച് പ്രതിപക്ഷ കക്ഷികൾ വലിയ ആവേശത്തിലാണ്. സംസ്ഥാനത്ത് സ്ത്രീകൾക്ക് രക്ഷയില്ലെന്ന കാര്യം ഗവർണർ അംഗീകരിച്ചെന്നും പ്രതിഷേധ സൂചകമായി അദ്ദേഹം ഉപവസിച്ചെന്നുമാണ് അവരുടെ ഭാഷ്യം.

സാമൂഹ്യ വിഷയങ്ങളിൽ പ്രത്യേകിച്ച് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് വളരെ വ്യക്തവും കൃത്യവുമാണ്. രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന ആരിഫ് ഖാൻ 1986 ൽ ഷാബാനു കേസിലെ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്രം കൊണ്ടുവന്ന മുസ്ളിം വനിതാ സംരക്ഷണ ബില്ലിൽ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവെച്ചയാളാണ്. ആ നടപടിയാണ് അഖിലേന്ത്യാ തലത്തിൽ അദ്ദേഹത്തെ പ്രസിദ്ധനാക്കിത്തീർത്തത്. ഇതേ വിഷയം മുൻനിറുത്തി പിന്നീട് അദ്ദേഹം കോൺഗ്രസിൽ നിന്ന് രാജിവെച്ചു. വി.പി.സിംഗിന്റെ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി തിരിച്ചെത്തി. അതിനുശേഷം അദ്ദേഹം ജനതാദളും ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേരുകയും പിന്നീട് ആ പാർട്ടിയോടു കലഹിച്ച് ബഹുജൻ സമാജ് പാർട്ടിയിൽ ചേക്കേറുകയും ചെയ്തു. ഏറ്റവും ഒടുവിൽ അവിടെ നിന്നു രാജിവെച്ച് ബി.ജെ.പിയിൽ തിരിച്ചെത്തുകയാണുണ്ടായത്. അങ്ങനെയാണ് അദ്ദേഹം കേരള ഗവർണറായി നിയമിക്കപ്പെട്ടത്.

സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിൽ കേവലം മൂകസാക്ഷിയല്ല താനെന്ന് ആരിഫ് ഖാൻ മുമ്പുതന്നെ തെളിയിച്ചിട്ടുണ്ട്. സമകാലിക വിഷയങ്ങളിൽ അദ്ദേഹത്തിന് വ്യക്തമായ അഭിപ്രായമുണ്ട്. അതു കഴിയുന്ന വേദികളിലൊക്കെ പ്രകടിപ്പിക്കാറുമുണ്ട്. സമീപകാലത്ത് സൗമ്യ സന്തോഷ് എന്ന യുവതി ഇസ്രായേലിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടപ്പോൾ നമ്മുടെ ഭരണപ്രതിപക്ഷ പാർട്ടി നേതാക്കൾ ദുരൂഹമായ മൗനം പാലിച്ചു. മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയുമടക്കം ഫേസ്ബുക്ക് പോസ്റ്റുകൾ ഭേദഗതി ചെയ്യുന്നതും കാണാനിടയായി. അങ്ങനെയൊരുഘട്ടത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കി ജില്ലാ കളക്ടർ മുഖേന സൗമ്യയുടെ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. അധികമാരും ശ്രദ്ധിക്കാതെ പോയ ഒരിടപെടലും ഐക്യദാർഢ്യ പ്രകടനവുമായിരുന്നു അത്. നിലമേലിൽ സ്ത്രീധനത്തുകയെ ചൊല്ലി ആത്മഹത്യ ചെയ്യേണ്ടി വന്ന വിസ്മയയെന്ന യുവതിയുടെ വീട് സന്ദർശിക്കുകയും മാതാപിതാക്കളെ ഗവർണർ ആശ്വസിപ്പിക്കുകയും ചെയ്തു. ഇതും മുമ്പൊരു ഗവർണറും ചെയ്തിട്ടില്ലാത്ത പ്രവൃത്തിയാണ്.

ഇത്തരം കാര്യങ്ങളിൽ സംസ്ഥാന ഭരണത്തലവനായ ഗവർണർ ഇടപെടാമോയെന്ന ചോദ്യം മുമ്പും ഉയർന്നു വന്നിട്ടുണ്ട്. ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭരണകാലത്ത് ബംഗാളിൽ നന്ദിഗ്രാം വെടിവയ്പ് ഉണ്ടായപ്പോൾ അന്നത്തെ ഗവർണർ ഗോപാലകൃഷ്‌ണ ഗാന്ധി നന്ദിഗ്രാം സന്ദർശിക്കുകയും ഗ്രാമീണരെ ആശ്വസിപ്പിക്കുകയും സ്കൂൾ കുട്ടികളുമൊത്ത് ക്രിക്കറ്റ് കളിക്കുകയും ചെയ്തു. അന്നും ചില ഭരണഘടനാ പാരംഗതന്മാർ ഗവർണറെ വിമർശിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്, ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ് എന്നൊക്കെ വ്യാഖ്യാനിച്ചു. ഗോപാലകൃഷ്‌ണ ഗാന്ധി രാഷ്ട്രപിതാവിന്റെ ചെറു മകനായതുകൊണ്ട് ചെറിയ സൗജന്യമൊക്കെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അനുവദിച്ചു കൊടുത്തുവെന്ന് വേണമെങ്കിൽ പറയാം. അതേത്തുടർന്ന് പിന്നീട് വലിയ വാദപ്രതിവാദമൊന്നും നടന്നില്ല. കേരള ഗവർണർ വിസ്മയയുടെ വീടു സന്ദർശിച്ചതും അതുപോലൊരു സൗമനസ്യ പ്രകടനമായി കാണാനാണ് ഭരണകക്ഷി നേതാക്കൾ ആഗ്രഹിക്കുന്നതെന്ന് വ്യക്തം.

അതേസമയം സംസ്ഥാനത്ത് സ്ത്രീധന മരണങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതു കേവലം ക്രമസമാധാനത്തകർച്ചയുടെ മാത്രം പ്രശ്നമല്ല. നമ്മുടെ സമൂഹം നേരിടുന്ന ഗുരുതരമായ ഒരു പ്രതിസന്ധിയുടെ ബഹിർസ്ഫുരണമാണ്. ആത്മഹത്യകൾ വർദ്ധിക്കുന്നതും യുവാക്കൾക്കിടയിൽ മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപഭോഗം വർദ്ധിക്കുന്നതും വിവാഹമോചനക്കേസുകൾ പെരുകുന്നതും സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നതും നൽകുന്ന സൂചന വളരെ വ്യക്തമാണ്. നമ്മുടെ സമൂഹം രോഗഗ്രസ്തമാണ്. അങ്ങനെയൊരു സന്ദർഭത്തിലാണ് ഗവർണറുടെ ഭാഗത്തു നിന്ന് പ്രതീകാത്മകമെങ്കിലും നിർണായകമായ ഒരു ഇടപെടലുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

സ്ത്രീപീഡനക്കേസുകളെ സംബന്ധിച്ചിടത്തോളം അന്വേഷിക്കും, നടപടിയെടുക്കും, നിയമത്തിനു മുന്നിൽ കൊണ്ടുവരും, മാതൃകാപരമായി ശിക്ഷിക്കും എന്നൊക്കെയുള്ള പതിവു വായ്‌ത്താരികൾക്കപ്പുറം എന്തെങ്കിലും സംഭവിക്കുന്നുണ്ടോയെന്ന കാര്യം സംശയാസ്പദമാണ്. കുപ്രസിദ്ധമായ വാളയാർ ബാലികാ പീഡനക്കേസ് തന്നെ ഒന്നാന്തരം ഉദാഹരണം. പണമോ രാഷ്ട്രീയ സ്വാധീനമോ ഉള്ള കുറ്റവാളികൾ നിയമവാഴ്ചയെ വെല്ലുവിളിച്ച് നെഞ്ചുവിരിച്ച് നടക്കുന്ന കാഴ്ചയാണ് കാണുന്നത്. വനിതാ കമ്മിഷൻ പോലുള്ള സർക്കാർ ഏജൻസികളും ഇക്കാര്യത്തിൽ പരമ പരാജയമാണെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. പരാതിക്കാരിയോട് കയർത്തു സംസാരിച്ച വനിതാ കമ്മിഷൻ അദ്ധ്യക്ഷ രാജിവെച്ചു പോയിട്ട് അധികനാളായില്ല. ജനാധിപത്യ മഹിളാ അസോസിയേഷനിൽ നിന്നു തന്നെ പുതിയൊരു അദ്ധ്യക്ഷയെ കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നു വാർത്തകളുണ്ട്. ലൈംഗിക പീഡനത്തിനിരയായി ജീവനോടെ കെട്ടിത്തൂക്കപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേക്ക് വനിതാ കമ്മിഷനിലെ മറ്റൊരു അംഗം പുഞ്ചിരി തൂകിക്കൊണ്ടു പോകുന്ന ദൃശ്യം സെൽഫിയെടുത്ത് ഫേസ്ബുക്കിലിടുന്നത് നമ്മൾ കണ്ടു. ഇതാണ് വനിതാ കമ്മിഷന്റെ പൊതുനിലവാരം. സംസ്ഥാനത്ത് ഇടതുപക്ഷ ഭരണമായതുകൊണ്ടും സാഹിത്യ, സംഗീത - നാടക, ലളിതകലാ അക്കാഡമികൾ ഉടൻ പുന:സംഘടിപ്പിക്കുമെന്നതിനാലും അന്യഥാ പ്രതികരണ കുതുകികളായ നമ്മുടെ സാംസ്കാരിക നായികാ നായകന്മാർ അഗാധ നിദ്ര‌യിലോ മഹാമൗനത്തിലോ ആണ്. അങ്ങനെയൊരു സാഹചര്യത്തിലാണ് ഗവർണറുടെ ഉപവാസത്തിന്റെ പ്രസക്തി വർദ്ധിക്കുന്നത്. സ്ത്രീധന സമ്പ്രദായത്തിലും സ്ത്രീ സുരക്ഷയിലുണ്ടായ വലിയ പാളിച്ചകളിലും പൊതുജന മന:സാക്ഷിയുണർത്താൻ ഗവർണറുടെ ഉപവാസം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. സങ്കുചിതമായ കക്ഷി താത്പര്യങ്ങൾക്കപ്പുറം അതിന് രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് വ്യക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHATHURAMGAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.