SignIn
Kerala Kaumudi Online
Friday, 26 April 2024 7.41 PM IST

ലോക ടൂറിസം ഭൂപടത്തിലെ കോന്നി

gavi

ലോകവിനോദസഞ്ചാര ഭൂപടത്തിൽ മലയോര ഗ്രാമമായ കോന്നിയും കളംപിടിക്കുന്നു. മലയോര ടൂറിസം രംഗത്ത് സംസ്ഥാനത്ത് പുതിയൊരു ചുവട് വയ്‌‌പിന് കോന്നി ഒരുങ്ങുകയാണ്. ആനത്താവളവും അടവിയും ഗവിയും പരസ്പരം ബന്ധിപ്പിച്ചുള്ള വിനോദസഞ്ചാര വികസനത്തിന്റെ സാദ്ധ്യതാ പഠനം ആരംഭിച്ചു. വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം കഴിഞ്ഞ ദിവസം സ്ഥലങ്ങൾ സന്ദർശിച്ച് ആദ്യ യോഗം ചേർന്നു. കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന് ഏറ്റവും അനുയോജ്യമാണ് ആനത്താവളവും അടവിയും ഗവിയുമെന്ന് സംഘം വിലയിരുത്തി.

ആനയെ പ്രധാന ആകർഷക കേന്ദ്രമാക്കി പ്രകൃതിയെ സംരക്ഷിച്ച്, പ്രകൃതിക്കിണങ്ങുന്ന ടൂറിസം ഗ്രാമമായാണ് കോന്നിയെ മാറ്റിയെടുക്കുന്നത്. കോന്നിയുടെ പതിനൊന്ന് പഞ്ചായത്തും നിരവധി ടൂറിസം സാദ്ധ്യതാ പ്രദേശങ്ങളാൽ സമ്പന്നമാണ്.
ഇവയുടെ വികസനം ഉന്നത നിലവാരത്തിൽ നടത്താനാണ് പദ്ധതി തയാറാക്കുന്നത്. വിപുലമായി വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കത്തക്ക നിലയിൽ കോന്നി ടൂറിസം വില്ലേജിനെ മാറ്റിത്തീർക്കാൻ കഴിയുമെന്ന് വിദഗ്ധസംഘം അഭിപ്രായപ്പെട്ടു.
കോന്നി ഇക്കോ ടൂറിസം, അടവി, ഗവി എന്നിവയാണ് നിലവിൽ പ്രവർത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങൾ. കോന്നിയും, ഗവിയും രണ്ട് പ്രധാന മേഖലകളാക്കി തിരിച്ച് ടൂറിസം വികസനം സാദ്ധ്യമാക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിർദേശം.

ചരിത്രവും എെതീഹ്യവും ഇഴചേർന്ന പടുകൂറ്റൻ കരിമ്പാറകളും മലകളും വെള്ളച്ചാട്ടങ്ങളും ചേർന്നതാണ് കോന്നിയുടെ ഭൂപ്രകൃതി. പുതിയ ട‌ൂറിസം പദ്ധതിയിൽ ഇതെല്ലാം കണ്ണികളാകും. ഏനാദിമംഗലം പഞ്ചായത്തിലെ അഞ്ചുമല പാറ, കലഞ്ഞൂർ പഞ്ചായത്തിലെ രാക്ഷസൻ പാറ, പ്രമാടം പഞ്ചായത്തിലെ നെടുംപാറ, അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തിപ്പാറ എന്നീ മലകൾ നിലവിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. മണ്ണീറ വെള്ളച്ചാട്ടം, കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം തുടങ്ങിയവ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കണം. വനത്തിനുള്ളിലെ ആരാധനാ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസവും നടപ്പാക്കാൻ കഴിയും.
വിവിധ ഭാഗങ്ങളിൽ ഫുഡ് കോർട്ടുകൾ, റോപ്പ് വേ, ട്രക്കിംഗ്, സൈക്ലിംഗ്, മുള ചങ്ങാടങ്ങൾ, അക്വേറിയം, വാക്‌സ് മ്യൂസിയം, ഐ മാക്‌സ് തിയറ്റർ, റോക്ക് പാർക്ക്, കുട്ടികളുടെ അഡ്വഞ്ചർ പാർക്ക്, കുതിരസവാരി, ഹട്ട്, റിസോർട്ട്, ഹോം സ്റ്റേ, ക്രാഫ്റ്റ് വില്ലേജ്, ആയുർവേദം, ഓർഗാനിക് ഫാമിംഗ് തുടങ്ങിയവയും സംഘം നിർദേശിച്ചിട്ടുണ്ട്.

അഴകായി അണക്കെട്ടുകൾ

ഗവി കേന്ദ്രമാക്കി ചിറ്റാർ, സീതത്തോട് പഞ്ചായത്തിലെ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കാൻ കഴിയും. കാരിക്കയം, കക്കി ഡാമുകളിൽ ബോട്ടിംഗ്, സീതത്തോട് കക്കാട്ടാറിൽ കയാക്കിംഗ് തുടങ്ങിയവ ആരംഭിക്കാൻ കഴിയും. കോന്നി ഫിഷിംഗിന്റെ ഭാഗമായി കക്കി ഡാമിൽ ആരംഭിക്കുന്ന കൂട് മത്സ്യകൃഷിയും ടൂറിസവുമായി ബന്ധിപ്പിക്കാൻ കഴിയും. ഗവി മേഖലാ ടൂറിസത്തിന്റെ ഭാഗമായി ടൂറിസ്റ്റുകൾക്ക് വിപുലമായ താമസ സൗകര്യം ഒരുക്കണമെന്ന് സംഘം നിർദേശിച്ചു. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന ലയങ്ങൾ അതേ നിലയിൽ നിലനിറുത്തി ഉന്നത നിലവാരത്തിൽ പുനരുദ്ധരിച്ച് താമസസൗകര്യം ഒരുക്കണമെന്ന നിർദേശം ഉയർന്നുവന്നു. കെ.ടി.ഡി.സി വനംവകുപ്പുമായി ചേർന്ന് താമസസൗകര്യം ഒരുക്കണം.
അന്തരീക്ഷ മലിനീകരണം കോന്നിയിൽ വളരെ കുറവാണ്. വർഷം മുഴുവൻ മഴ ലഭിക്കുന്ന പ്രദേശവുമാണ്. ഇത് വിദേശ ടൂറിസ്റ്റുകളെയും സ്വദേശികളെയും ഒരു പോലെ ആകർഷിക്കുന്ന ഘടകമാണ്. പൂർണമായും പ്ലാസ്റ്റിക്ക് രഹിത ഗ്രാമമായി വേണം കോന്നി ടൂറിസം വില്ലേജ് പ്രവർത്തിക്കേണ്ടത്. ടൂറിസം കേന്ദ്രത്തിൽ പരമാവധി ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഗൈഡുകൾ, ആശുപത്രി സഹായം തുടങ്ങിയവ ടൂറിസ്റ്റുകൾക്ക് ഉറപ്പാക്കണമെന്നും സംഘം നിർദേശിച്ചു.

സർക്കാർ, സ്വകാര്യ പങ്കാളിത്തം

സർക്കാർ, സ്വകാര്യ സംയുക്ത പങ്കാളിത്തോടെയുള്ള വികസന നിർദേശങ്ങളാണ് പ്രധാനമായും ഉയർന്നുവന്നത്. ഉയർന്നുവന്ന നിർദേശങ്ങളെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ മാസ്റ്റർ പ്ലാൻ തയാറാക്കി സർക്കാരിനു സമർപ്പിക്കും. പ്രാദേശിക ടൂറിസം സാദ്ധ്യതകൾ എങ്ങനെയായിരിക്കണം വികസിപ്പിക്കുക എന്നും മാസ്റ്റർ പ്ലാൻ വിശദമാക്കും. കോന്നിയിൽ നിന്നും ആരംഭിച്ച സംഘത്തിന്റെ സന്ദർശനം ഗവിയിലാണ് അവസാനിച്ചത്. കോന്നി ഐബി, ഗവി എന്നിവിടങ്ങളിലാണ് സംഘം യോഗം ചേർന്ന് ചർച്ചകൾ നടത്തിയത്. മാസ്റ്റർ പ്ലാൻ തയാറാക്കും വരെ സംഘത്തിന്റെ പ്രവർത്തനം തുടരും.
അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എ, സന്തോഷ് ജോർജ് കുളങ്ങര എന്നിവരെ കൂടാതെ കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻ ലാൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സുബൈർ കുട്ടി, പ്രമുഖ ആർക്കിടെക്‌ട് ജോർജ് കോശി, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം കൺസൾട്ടന്റ് റെയ്‌സൺ വി. ജോർജ്, ഇക്കോ ടൂറിസം വിദഗ്ധൻ എസ്. ഉണ്ണികൃഷ്ണൻ, ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് രമേശ് രംഗനാഥ്, ടൂറിസം അഡ്വൈസർമാരായ ബിയോജ്, ബിനോജ്, ജില്ലാ ടൂറിസം ഇൻഫർമേഷൻ ഓഫീസർ ടി. പവിത്രൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

മൂവായിരം പേർക്ക് തൊഴിൽ

കോന്നിയെ മാതൃകാ ടൂറിസം ഗ്രാമമായി മാറ്റുന്നതിലൂടെ ആയിരം പേർക്ക് പ്രത്യക്ഷത്തിലും മൂവായിരം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ, പ്രകൃതിക്കിണങ്ങുന്ന രീതിയിൽ കോന്നി ടൂറിസത്തെ മാറ്റിത്തീർക്കുകയാണ് ലക്ഷ്യം.
ടൂറിസവും അനുബന്ധ മേഖലയും കോന്നിയുടെ പ്രധാന വരുമാന മാർഗമായി മാറ്റാൻ കഴിയും. സ്വദേശികൾക്കൊപ്പം വിദേശ സഞ്ചാരികളെയും ആകർഷിക്കാൻ കഴിയുന്ന നിലയിൽ ടൂറിസത്തെ മാറ്റിത്തീർക്കും.
ഇതിനാണ് വിശ്വസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങരയുടെ സഹായം തേടിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം വിദഗ്ധരുടെ നിരയെ അണിനിരത്തിയിട്ടുണ്ട്. വയനാടിനും, ആലപ്പുഴയ്ക്കുമൊപ്പം വിനോദ സഞ്ചാര മേഖലയിലെ പ്രധാന കേന്ദ്രമായി കോന്നി ടൂറിസം ഗ്രാമവും മാറും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PTA DIARY, KONNI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.