കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി. പാർട്ടിക്കാരൻ എന്ന സൗഹൃദമാണ് അർജുൻ ആയങ്കിയുമായി ഉള്ളതെന്നും സ്വർണക്കടത്ത് വിവരങ്ങൾ അറിഞ്ഞത് അവസാനമാണെന്നുമാണ് ആകാശ് മൊഴി നൽകിയത്. തന്‍റെ പേര് ഉപയോഗപ്പെടുത്തി അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് അർജുൻ പിടിയിലായ ശേഷം മാത്രമാണ്. സ്വർണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ആകാശ് തിലല്ലങ്കേരി കസ്റ്റംസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
ആകാശിന്‍റെ മൊഴിയും, ഫോൺ കോൾ രേഖകളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ടി പി കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാൻ ഉടൻ കോടതിയെ സമീപിക്കാനും കസ്റ്റംസ് തീരുമാനിച്ചു.
ആകാശ് തില്ലങ്കേരിയെ 12 മണിക്കൂർ നേരമാണ് കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്‌തത്. രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 11 മണിവരെ നീണ്ടു. അർജുൻ ആയങ്കിയുടെയും ടി പി വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്‌തത്. ഇരുവരുടെയും മൊഴികളിൽ സ്വർണക്കടത്തിനെ സംബന്ധിച്ച് ആകാശ് തില്ലങ്കേരിക്ക് അറിവുണ്ടായിരുന്നെന്ന സൂചനയാണ് കിട്ടിയത്. ഇതിന്‍റെ വിശദാംശങ്ങളാണ് കസ്റ്റംസ് ഇയാളിൽ നിന്ന് ചോദിച്ചറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |