SignIn
Kerala Kaumudi Online
Saturday, 17 October 2026 1.14 PM IST

കോടിയേരിയുടെ കാലത്ത് ഫോൺ ചോർത്തൽ യന്ത്രം വാടകവീട്ടിൽ: ചെന്നിത്തല

news

തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയുമടക്കം ഫോൺ ചോർത്തൽ കേരളത്തിലും രഹസ്യമായി നടക്കുന്നുണ്ടെന്ന 'കേരളകൗമുദി" റിപ്പോർട്ട് ശരിവച്ച് മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് പേരൂർക്കടയിൽ വാടക വീടെടുത്താണ് ഫോൺ ചോർത്താനുള്ള ഉപകരണം പൊലീസ് സ്ഥാപിച്ചിരുന്നതെന്നും താൻ ആഭ്യന്തരമന്ത്രിയായിരിക്കെ അത് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയെന്നും ചെന്നിത്തല വെളിപ്പെടുത്തി. തുടർന്ന് നിയമവിരുദ്ധമായും ആഭ്യന്തരമന്ത്രിയുടെ അനുമതിയില്ലാതെയും ഫോൺ ചോർത്തരുതെന്ന കർശന നിർദ്ദേശവും നൽകിയിരുന്നു.

കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തരമന്ത്രിയായിരിക്കെയാണ് വാടകവീട്ടിൽ ചോർത്തൽ യന്ത്രം സ്ഥാപിച്ചത്. പ്രധാന വ്യക്തികളുടെയെല്ലാം ഫോൺ അക്കാലത്ത് ചോർത്തി. എന്നാൽ, പിന്നീട് രാജ്യദ്രോഹം, കള്ളനോട്ട് കേസുകളുമായി ബന്ധമുള്ളവരുടെ ഫോൺ നിയമാനുസൃതം മാത്രമേ ചോർത്തിയിട്ടുള്ളൂ. വീണ്ടും ഇടതുസർക്കാർ വന്നപ്പോൾ ഫോൺചോർത്തൽ തുടരുകയാണെന്നും ചെന്നിത്തല ആരോപിച്ചു. താനടക്കം പ്രതിപക്ഷത്തെ നേതാക്കളുടെ ഫോൺ പൊലീസ് ചോർത്തുന്നതായി 2019 ഒക്ടോബറിൽ ചെന്നിത്തല ആരോപിച്ചിരുന്നു.

ഇസ്രയേൽ ചാരസോഫ്‌റ്ര്‌വെയറുപയോഗിച്ച് വ്യാപകമായി നടത്തിയ ഫോൺചോർത്തൽ പുറത്തായതോടെയാണ് പൊലീസിന്റെ ചോർത്തലും ചർച്ചയായത്. പേരൂർക്കടയിലെ വീട്ടിൽ ഫോൺ ചോർത്താനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഒരു മുൻ പൊലീസ് മേധാവിയും വിജിലൻസ് ഡയറക്ടറായിരിക്കെ തന്റെ ഫോൺ പൊലീസ് ചോർത്തിയെന്ന് ഡോ.ജേക്കബ് തോമസും വെളിപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA