SignIn
Kerala Kaumudi Online
Friday, 26 April 2024 10.03 AM IST

സ്വർണമുള്ളപ്പോൾ എന്തിനു കടുത്ത നിബന്ധന

photo

സാധാരണക്കാർക്ക് സ്വർണം കൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം പണത്തിനു മുട്ടുവരുമ്പോൾ പണയം വച്ച് കാര്യം നിവർത്തിക്കാമെന്നതാണ്. വിവാഹക്കമ്പോളത്തിൽ സ്വർണം പ്രധാന വിലപേശൽ ഇനമായി മാറിയതിന്റെ പ്രധാന കാരണവും ഇതാകാം. ബാങ്കുകളിൽ നിക്ഷേപങ്ങൾ കുമിഞ്ഞുകൂടുകയും വായ്പകൾക്ക് നിബന്ധനകൾ കർശനമാക്കുകയും ചെയ്തതോടെ സ്വർണപ്പണയം ഇപ്പോൾ ഉദാരമായിട്ടുണ്ട്. സ്വർണ ഈടിന്മേൽ വളരെ വലിയ തുക പോലും ബാങ്കുകൾ വായ്പ നൽകാൻ തുടങ്ങിയത് അങ്ങനെയാണ്. വായ്പ തിരിച്ചടച്ചില്ലെങ്കിലും സ്വർണം ലേലം ചെയ്തു കുടിശിക ഈടാക്കാമെന്നതിനാൽ സ്വർണവായ്പ നൽകാൻ ബാങ്കുകൾ തമ്മിൽ വലിയ മത്സരവും നടക്കുന്നുണ്ട്. സ്വകാര്യ ബാങ്കുകളും ബാങ്കിതര സ്ഥാപനങ്ങളും ഏതാണ്ടു കുത്തകയാക്കി വച്ചിരുന്ന സ്വർണപ്പണയ വായ്പാ മേഖലയിൽ ഇന്ന് ദേശസാത്‌കൃത ബാങ്കുകളുടെ സാന്നിദ്ധ്യവും വലിയ തോതിൽ കാണാം.

ഇതിനിടയിലാണ് അർബൻ സഹകരണ ബാങ്കുകളുടെ സ്വർണപ്പണയ വായ്പയ്ക്ക് കർക്കശമായ ചില നിബന്ധനകളുമായി റിസർവ് ബാങ്ക് രംഗത്തുവന്നിരിക്കുന്നത്. ഏറെ വിചിത്രവും സാമാന്യബുദ്ധിക്കു നിരക്കാത്തതുമായ നിബന്ധനയ്ക്കു പിന്നിലെ ഉദ്ദേശ്യശുദ്ധി മനസിലാക്കാൻ വിഷമമാണ്. പണയസ്വർണം തൊണ്ണൂറു ദിവസമാകുമ്പോൾ തിരികെ എടുക്കണമെന്നാണു നിർദ്ദേശം. നിലവിൽ പലിശയടച്ച് അതു പുതുക്കാൻ ഇടപാടുകാരനെ അനുവദിച്ചിരുന്നു. ഇനി ആ സൗകര്യം നൽകേണ്ടതില്ലെന്നാണു തീരുമാനം. പണയം പുതുക്കി വയ്ക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. വായ്പാ കാലാവധി മൂന്നുമാസമായി നിശ്ചയിച്ചതു തന്നെ തലതിരിഞ്ഞ നടപടിയാണ്. മറ്റു ബാങ്കുകളിൽ ആറുമാസമോ ഒരു വർഷമോ ആണ് വായ്പാ കാലവാധി. ആവശ്യമുണ്ടെങ്കിൽ അതുവരെയുള്ള പലിശയടച്ച് വായ്പ പുതുക്കുകയുമാകാം. അർബൻ ബാങ്കുകൾക്കു ബാധകമായ പുതിയ നിബന്ധനയനുസരിച്ച് മൂന്നുമാസമാണ് സ്വർണപ്പണയ കാലാവധി. അതുകഴിഞ്ഞ് മൂന്നു മാസത്തിനുള്ളിൽ പണയം തിരികെ എടുത്തില്ലെങ്കിൽ പണയക്കാരനെ കുടിശികക്കാരനായി കണക്കാക്കും. സ്വർണവായ്പ കിട്ടാക്കട പരിധിയിലാക്കുകയും ചെയ്യും. ഭാവിയിൽ ഏതു ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുക്കേണ്ടിവരുമ്പോഴും അത് കറുത്ത പുള്ളിയായി കിടക്കും.

ഭൂരിഭാഗം സ്വർണവായ്പകളും കുറഞ്ഞ തുകയ്ക്കുള്ളതായിരിക്കും. അത്യാവശ്യ സന്ദർഭങ്ങളിലാകും ആളുകൾ സ്വർണവുമായി ധനകാര്യ സ്ഥാപനങ്ങളിലേക്കു ഓടുന്നത്. സ്വർണത്തിന്റെ പരിശുദ്ധി പലവട്ടം ഉറപ്പാക്കിയ ശേഷമേ സാധാരണഗതിയിൽ വായ്പ അനുവദിക്കുകയുള്ളൂ. കാലാവധി കഴിഞ്ഞാലും ബാങ്കിന് നഷ്ടമൊന്നും വരാനില്ലാത്തതിനാൽ ഏറ്റവും സുരക്ഷിത വായ്പയായിട്ടാണ് സ്വർണവായ്പ കരുതിവരുന്നത്. റിസർവ് ബാങ്ക് ഇപ്പോൾ അർബൻ ബാങ്കുകൾക്ക് ഏർപ്പെടുത്തിയ പുതിയ നിബന്ധന അചിരേണ മറ്റു ബാങ്കുകൾക്കും ബാധകമാക്കുമോ എന്ന ആശങ്കയും പൊതുവേയുണ്ട്. സ്വർണപ്പണയക്കാരെ അർബൻ ബാങ്കുകളിൽ നിന്ന് പൂർണമായും അകറ്റുക എന്ന ലക്ഷ്യമല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. ക്രമേണ മറ്റു ബാങ്കുകളെയും ഈ വഴിക്കു കൊണ്ടുവരാനും ആലോചനയുണ്ടാകാം. അമിതപലിശ ഈടാക്കുന്ന സ്വകാര്യ പണയസ്ഥാപനങ്ങളെ പരോക്ഷമായി സഹായിക്കുന്ന ഏർപ്പാടാണിത്. സ്വർണപ്പണയ പലിശയ്ക്ക് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ബാങ്കുകളെക്കാൾ ഉയർന്ന നിരക്കാവും സ്വകാര്യ പണിമിടപാടു സ്ഥാപനങ്ങൾ ഈടാക്കുന്നത്. അർബൻ ബാങ്കുകളെ ഞെരുക്കാനുള്ള പുതിയ നിബന്ധനകൾ പുനഃപരിശോധിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD LOAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.