ബെയ്ജിംഗ് : കൊവിഡ് ഉദ്ഭവത്തെക്കുറിച്ച് ലോകത്തിന്റെ സംശയങ്ങൾക്ക് മുന്നിൽ ശാസ്ത്രീയമായ മറുപടി നൽകാനാവാതെ ചൈനീസ് ശാസ്ത്രജ്ഞർ. കൊവിഡ് ഉദ്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം വേണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യത്തിനോട് മുഖം തിരിച്ചിരിക്കുകയാണ് ചൈന ഇപ്പോൾ. ലാബിൽ നിന്നും ചോർന്നതോ മനുഷ്യ നിർമ്മിതമായതോ ആണ് കൊറോണ വൈറസ് എന്ന ഗൂഢാലോചന സിദ്ധാന്തത്തിന്റെ മുനയൊടിക്കാൻ ഇനിയും ചൈനയ്ക്കായിട്ടില്ല, ഇതിന് പുറമേ അന്വേഷണങ്ങളോട് സഹകരിക്കാത്തതും ചൈനയെ സംശയമുനയിൽ നിർത്തുന്നു.
മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന വൈറസാണ് കൊവിഡിന് കാരണമാകുന്നതെന്ന വാദത്തിലാണ് ചൈന ഇപ്പോഴും നിൽക്കുന്നത്. ലാബിൽ നിന്ന് ചോർന്നതാണെന്ന വാദത്തിന് തെളിവുകളൊന്നുമില്ലെന്നാണ് ചൈനീസ് ഉന്നത ശാസ്ത്ര ഉദ്യോഗസ്ഥരുടെ സംഘം വ്യാഴാഴ്ച ബെയ്ജിംഗിൽ അഭിപ്രായപ്പെട്ടിരുന്നു. സാമാന്യബുദ്ധിയെ നിരാകരിക്കുന്നതാണ് ഈ വാദങ്ങളെന്ന് പറഞ്ഞ സംഘം അങ്ങനെ വന്നാൽ ചൈനയിൽ എങ്ങനെ കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെടും എന്ന് ചോദിച്ചു. മനുഷ്യ നിർമ്മിതമെന്ന വാദം അതിനാൽ തന്നെ നിലനിൽക്കില്ല. വുഹാൻ ലബോറട്ടറിയിൽ ഒരിക്കലും വൈറസ് ഉണ്ടായിരുന്നില്ലെന്നും ലാബ് ലീക്ക് അന്വേഷണം കൂടുതലായി നടത്തേണ്ട ആവശ്യമില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ആവശ്യത്തിനോടുള്ള മറുപടിയായി പറഞ്ഞു.
മുൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കാലത്താണ് ചൈനീസ് കരങ്ങളാണ് മഹാമാരിക്കെന്ന ആരോപണം ശക്തമായി ഉയർത്തിയത്. എന്നാൽ ജോ ബൈഡൻ സത്യം കണ്ടെത്താനുള്ള അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടത്. മൃഗങ്ങളുമായുള്ള മനുഷ്യ സമ്പർക്കത്തിൽ നിന്നാണോ ലബോറട്ടറി അപകടത്തിൽ നിന്നാണോ വൈറസ് ഉണ്ടായതെന്ന പഠനത്തിൽ അമേരിക്കൻ ഏജൻസികളും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചത്. കൊവിഡ് കണ്ടെത്തിയെന്ന് കരുതുന്ന പ്രാഥമിക ഉറവിട വസ്തുക്കളിലേക്ക് വിദേശ അന്വേഷക സംഘങ്ങളെ പ്രവേശിപ്പിക്കുവാൻ ചൈന ഒരുക്കമല്ലായിരുന്നു. ലോകാരോഗ്യ സംഘടന നിയോഗിച്ച സംഘത്തിന് പോലും തെളിവുകൾ ശേഖരിക്കാൻ മതിയായ സമയമോ സൗകര്യമോ ലഭ്യമായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |