ന്യൂഡൽഹി: പീപ്പിൾ ലിബറേഷൻ ആർമിയിലേക്ക് (പി.എൽ.എ) ടിബറ്റിൽ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനുളള ശ്രമങ്ങൾ ശക്തമാക്കി ചെെന. ടിബറ്റൻ സ്വയംഭരണ പ്രദേശങ്ങളിലെ ഒരു കുടുംബത്തിൽ നിന്നും കുറഞ്ഞത് ഒരു യുവാവിനെയെങ്കിലും നിർബന്ധമായും സേനയിൽ ചേർക്കണമെന്നാണ് നിർദ്ദേശമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ലഡാക് മുതൽ അരുണാചൽപ്രദേശ് വരെയുളള 3,488 കിലോമീറ്റർ നിയന്ത്രണ രേഖയിൽ ചെെന സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിനിടെയാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
ഈ വർഷം പി.എൽ.എ വിവിധ സർവകലാശാലകളിൽ നിന്നും 17നും 20നും ഇടയിൽ പ്രായമുളള 70തോളം ടിബറ്റൻ വിദ്യാർത്ഥികളെ സെെനിക സ്ഥാപനങ്ങളിൽ ചേർത്ത് പരിശീലനം നൽകാൻ ആരംഭിച്ചിരുന്നു. സിക്കിമിന് എതിർവശത്തുളള ചുംബി താഴ്‌വരയിൽ പി.എൽ.എ പരിശീലിപ്പിച്ച പ്രാദേശിക ടിബറ്റൻ യുവാക്കളെ ഇതിനോടകം വിന്യസിച്ചിട്ടുണ്ട്. അതിർത്തി ഗ്രാമങ്ങളിലെ ടിബറ്റൻ നിവാസികളുടെ നിയന്ത്രണ രേഖകയെക്കുറിച്ചുളള അറിവ് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യവും ടിബറ്റിൽ നിന്നുളള യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന് പിന്നിലുണ്ട്.
നേരത്തെ ഉത്തരാഖണ്ഡിലെ ബരഹൊതി മേഖലയിൽ നിയന്ത്രണ രേഖയ്ക്കു സമീപം ചെെന സെെനിക വിന്യാസം ശക്തമാക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പി.എൽ.എയുടെ 40 ട്രൂപ്പുകൾ ബരഹൊതിയിലെ നിയന്ത്രണ രേഖയോടു ചേർന്നു പട്രോളിംഗ് നടത്തുന്നുണ്ടെന്നാണ് വിവരം. ഇന്ത്യ-ചെെന കമാൻഡർതല ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതിർത്തി തർക്കത്തിന് പൂർണമായും പരിഹാരം കാണാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുളള പന്ത്രണ്ടാമത് കമാൻഡർതല ചർച്ച നടക്കാനിരിക്കെയാണ് അതിർത്തിയിൽ ചെെന നീക്കങ്ങൾ നടത്തുന്നതായ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |