SignIn
Kerala Kaumudi Online
Friday, 26 April 2024 5.01 PM IST

പൊലീസ് സ്‌റ്റേഷൻ പി.ആർ.ഒമാർ പാതിവഴിയിലാണ് വേഗം കൂട്ടിക്കൊട്ടുവരിക

police-pro

പൊലീസിന് 'പുതുമുഖം' നൽകാനുള്ള പലവിധ പരീക്ഷണങ്ങൾ അടുത്തകാലങ്ങളിൽ അരങ്ങേറി. ജനമൈത്രി പൊലീസെന്ന ആശയം അതിന്റെ തുടക്കം മാത്രമായിരുന്നു. പൊലീസ് ജനങ്ങൾക്കൊപ്പമാണെന്ന സന്ദേശം നൽകുകയായിരുന്നു ലക്ഷ്യം. സേനയിലെ വലിയൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു അത്. സംസ്ഥാനത്തെ മിക്കയിടങ്ങളിലും ജനമൈത്രി പൊലീസ് സ്‌റ്റേഷനുകൾ ഉയർന്നു. ജനങ്ങളും പൊലീസും തമ്മിലുള്ള സൗഹൃദം വളർന്നെങ്കിലും സ്‌റ്റേഷനിലെത്തുന്നവർക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതികൾ വ്യാപകമായിരുന്നു. അതോടെയാണ് സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും പബ്ളിക് റിലേഷൻസ് ഓഫീസർ ( പി.ആർ.ഒ) വേണമെന്ന ഉത്തരവ് മുൻ ഡി.ജി.പി ലോക്‌നാഥ് ബഹ്റ ഇറക്കിയത്. പദ്ധതി നടപ്പായെങ്കിലും പാതിവഴിയിൽ പൂട്ടിക്കെട്ടി. സ്‌റ്റേഷനുകളിൽ സ്ഥിതി പഴയതു തന്നെ. പൊതുജനങ്ങളിൽ നിന്ന് വ്യാപക വിമർശനങ്ങൾക്ക് വഴിതുറന്നതോടെ പുതിയ ഡി.ജി.പി അനിൽകാന്ത് പഴയ ഫയൽ പൊടിതട്ടിയെടുത്തു. മുൻ ഡി.ജി.പിയുടെ ഉത്തരവ് അതേപടി നടപ്പാക്കാനുള്ള നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തീർച്ചയായും അഭിനന്ദനം അർഹിക്കുന്ന നടപടിയാണിത്. അനാവശ്യമായി ഒരാൾ പോലും പൊലീസ് സ്‌റ്റേഷനിലെത്തില്ല. ഗതികെട്ടെത്തുന്ന അവരുടെ പരാതികൾക്ക് അർഹമായ പരിഗണനയും തീരുമാനവുമുണ്ടാകണം. പി.ആർ.ഒമാർ ആ റോൾ ഭംഗിയായി നിറവേറ്റുമെന്ന് ഉറപ്പാക്കുകയാണ് ഇനി വേണ്ടത്.

പൊലീസ് സ്‌റ്റേഷനിൽ എത്തുന്നവരെ മാന്യമായി സ്വീകരിക്കുകയെന്നതാണ് പി.ആർ.ഒമാരുടെ പ്രഥമ ദൗത്യം. ഇവരായിരിക്കും ഒരു സ്‌റ്റേഷന്റെ മുഖമായി ജനങ്ങളിലേക്ക് എത്തുക. ജനങ്ങൾക്കും സ്‌റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർക്കുമിടയിലെ പാലമായി പ്രവർത്തിക്കണം. പരാതികൾ സ്വീകരിച്ച് രസീത് നൽകുക, കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരം സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരെ (എസ്.എച്ച്.ഒ) ധരിപ്പിക്കുക, എഫ്.ഐ.ആറിന്റെ കോപ്പി നൽകുക, വിവരാവകാശപ്രകാരമുള്ള സേവനങ്ങൾ നൽകുക തുടങ്ങിവയാണ് പി.ആർ.ഒമാരുടെ പ്രധാന ചുമതലകൾ. സ്‌റ്റേഷനിലെത്തുന്ന സ്‌ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ എന്നിവർക്കുള്ള സഹായങ്ങളും പി.ആർ.ഒ ഉറപ്പുവരുത്തണം. എന്നാൽ, പരാതികളിൽ ഇടപെടാനോ തീർപ്പ് കല്‌പിക്കാനോ പി.ആർ.ഒമാർക്ക് അധികാരമില്ല. ആകർഷകമായ വ്യക്തിത്വമുള്ള എ.എസ്.ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എന്നീ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് പി.ആർ.ഒമാരായി നിയമിക്കുക. ജില്ലാ പൊലീസ് മേധാവിയാണ് പി.ആർ.ഒമാരെ തിരഞ്ഞെടുക്കുന്നത്. പൊലീസ് സ്‌റ്റേഷനിൽ പിടിച്ചെടുത്ത വാഹനങ്ങളുടെ രജിസ്‌റ്റർ തയ്യാറാക്കുക, പൊലീസ് സ്‌റ്റേഷന്റെ ശുചിത്വമേൽനോട്ടം എന്നിവയും പി.ആർ.ഒ മാരുടെ ചുമതലയിലേക്ക് മാറും. ജനമൈത്രി പൊലീസ്, സ്‌റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതി എന്നിവ വിജയകരമായി കൊണ്ടുപോകുന്നതിന്റെയും ഉത്തരവാദിത്വമുണ്ട്. എല്ലാ ദിവസവും രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണി വരെയാണ് ഇവരുടെ സേവനം.

നിയമനം വൈകരുത്

പബ്ളിക് റിലേഷൻ ഓഫീസർ പൊലീസ് സ്‌റ്റേഷനുകളിൽ ഉണ്ടായിരുന്ന സമയത്ത് പൊതുജനങ്ങൾ വേഗത്തിൽ നടപടികൾ പൂർത്തിയാക്കി മടങ്ങിയിരുന്നു. എന്നാൽ, ഇവരെ മറ്റ് ഡ്യൂട്ടികളിലേക്ക് നിയോഗിച്ചതോടെയാണ് പദ്ധതി പാളിയത്. മേലുദ്യോഗസ്ഥർക്ക് പല കാര്യങ്ങളിലും അലർട്ട് നൽകുന്ന ഉദ്യോഗസ്ഥനായും പി.ആർ.ഒമാർ മാറിയിരുന്നു. അതിനാൽ കൃത്യമായി കേസുകൾ രജിസ്‌റ്റർ ചെയ്യാനും അന്വേഷണം പൂർത്തിയാക്കാനും സാധിച്ചിരുന്നു. കേസിന്റെ വിവരങ്ങൾക്കായി സ്‌റ്റേഷനിലെത്താതെ പി.ആർ. ഒയെ ഫോണിൽ വിളിച്ചാൽ കാര്യങ്ങളറിയാമായിരുന്നു. സ്‌റ്റേഷനിലേക്ക് കയറിവരുന്നിടത്തായിരുന്നു പി.ആർ.ഒയുടെ ഇരിപ്പിടം. സ്‌റ്റേഷനിൽ കേസുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥർ തിരക്കിലാണെങ്കിൽ പോലും പി.ആർ.ഒയെ പരാതി ഏല്‌പിച്ച് പോകാം. ഈ സംവിധാനം വീണ്ടും നടപ്പാകുന്നതോടെ ജനങ്ങളും പൊലീസും തമ്മിലുള്ള അകലം കുറയുമെന്ന കാര്യത്തിൽ തർക്കമില്ല.

പദ്ധതി നടപ്പാക്കുന്നതിൽ അധിക ചെലവോ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടതിന്റെയോ ആവശ്യമില്ല. പി.ആർ.ഒയായി ജോലി ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥർ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലുമുണ്ട്. ഇക്കാര്യത്തിൽ കാര്യശേഷിയുള്ളവരെ തിരഞ്ഞെടുക്കണമെന്ന് മാത്രം. നിലവിൽ മിക്ക പൊലീസ് സ്‌റ്റേഷനുകളിലും പരാതിയുമായെത്തിയാൽ രസീത് പാേലും ലഭിക്കില്ല. ആവശ്യപ്പെട്ടാൽ പാേലും വളരെ ബുദ്ധിമുട്ടിയാണ് നൽകുന്നത്. സ്‌റ്റേഷനുകളിൽ നിന്ന് അറിയേണ്ട വിവരങ്ങൾക്ക് പി.ആർ.ഒയെ മാത്രം ബന്ധപ്പെട്ടാൽ മതിയെന്നതാണ് മറ്റൊരു പ്രത്യേകത. സംസ്ഥാനത്ത് നടപ്പാക്കി പരീക്ഷിച്ച പദ്ധതിയാണെന്നതിനാൽ കൂടുതൽ കാര്യക്ഷമതയോടെ പ്രാവർത്തികമാക്കുകയാണ് വേണ്ടത്.

പരാജയപ്പെടുന്ന സംവിധാനങ്ങൾ

വാർത്തകളിലും ഫയലുകളിലും സ്‌റ്റേഷനുകളിൽ പി.ആർ.ഒ സംവിധാനമുണ്ട്. എന്നാൽ, സ്‌റ്റേഷനിലെത്തി ആളെ തിരക്കുമ്പോഴാണ് കുത്തഴിഞ്ഞ അവസ്ഥ ബോദ്ധ്യമാകുക. സർ, പുറത്തുപോയെന്നോ മറ്റ് ഡ്യൂട്ടിയിലാണെന്നോ ആയിരിക്കും മറുപടി. അതോടെ പരാതി നൽകാൻ എത്തിയയാൾ എസ്.എച്ച്. ഒയെ കാത്ത് പൊലീസ് സ്‌റ്റേഷനിൽ തമ്പടിക്കേണ്ടി വരും. ഫലത്തിൽ പി.ആർ.ഒ എന്ന സംവിധാനം ഇല്ലാതായെന്ന് വ്യക്തം. എസ്.എച്ച്. ഒമാർ പി.ആർ. ഒ ചുമതലയുള്ളവരെ മറ്റ് ഡ്യൂട്ടികൾക്ക് നിയോഗിച്ചതോടെയാണ് ജനങ്ങൾക്ക് ഫലപ്രദമാകുന്ന പദ്ധതി തല്ലിക്കെടുത്തിയത്. ഇനി അത്തരത്തിൽ ഒരു നീക്കവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. അതിനായി പി.ആർ.ഒയെ തിരഞ്ഞെടുക്കുന്ന ജില്ലാ പൊലീസ് മേധാവികൾ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. നേരത്തെ അത്തരത്തിലുള്ള ഒരു നിരീക്ഷണമുണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു സ്ഥലത്ത് ഉപരോധം നടക്കുമ്പോൾ ആളുകുറവുണ്ടെന്ന പേരിൽ പി.ആർ.ഒമാരെയും ആ ദൗത്യത്തിന് നിയോഗിക്കുന്നത് കർശനമായി ഒഴിവാക്കണം. സ്‌റ്റേഷനിൽ പി.ആർ.ഒമാരുണ്ടെങ്കിൽ ആ സമയങ്ങളിൽ എത്തുന്നവർക്ക് സേവനം ഉറപ്പാക്കാൻ കഴിയും. ഡി.ജി.പിയും ജില്ലാ പൊലീസ് മേധാവിമാരും പി.ആർ.ഒ എന്ന സംവിധാനം എല്ലാ ദിവസും സ്‌റ്റേഷനുകളിലുണ്ടെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.

ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്

അനിൽകാന്ത്

ഡി.ജി.പി

പൊലീസ് സ്‌റ്റേഷനുകളിൽ പരാതിയുമായി എത്തുന്നവർക്ക് നല്ല പരിഗണന ലഭിക്കണം. അവർ ആവശ്യങ്ങൾക്കായി വളരെയേറെ സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കാനാണ് പി.ആർ.ഒ സംവിധാനം. എന്തു പരാതിയും അവിടെ സമർപ്പിക്കാം. അതിന്റെ രേഖകകൾ കൃത്യമായി സൂക്ഷിക്കും. തുടർ നടപടികൾ അറിയാൻ പി.ആർ.ഒമാരെ ബന്ധപ്പെട്ടാൽ മതിയാകും. ചില സ്‌റ്റേഷനുകളിൽ ഈ സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്തെ മു‌ഴുവൻ സ്‌റ്റേഷനുകളിലും കാര്യക്ഷമമായി നടപ്പാക്കുകയാണ് ലക്ഷ്യം. മേലുദ്യോഗസ്ഥർ കൃത്യമായ നിരീക്ഷണം നട‌ത്തും. പി.ആർ.ഒമാരെ മറ്റ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടില്ല. ഇക്കാര്യം ജില്ലാ പൊലീസ് മേധാവികൾ ഉറപ്പു വരുത്തും. പൊലീസ് സ്‌റ്റേഷനിൽ എത്തുന്ന ഒരാളും ബുദ്ധിമൂട്ടരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE PRO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.