SignIn
Kerala Kaumudi Online
Friday, 26 April 2024 11.30 PM IST

കൊവിഡ് കാലവും ആത്മഹത്യകളും

suicide

കൊവിഡ് ദുരിതകാലം ഉടനെങ്ങും ഒഴിയുന്ന ലക്ഷണങ്ങൾ കാണുന്നില്ല. കുറഞ്ഞത് ആറുമാസമെങ്കിലും മുൻകൂട്ടിക്കണ്ട് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ അടിയന്തര മാർഗങ്ങളെക്കുറിച്ച് സർക്കാർ ആലോചിക്കണം. കാരണം സാമ്പത്തിക പ്രതിസന്ധിമൂലം ജീവനൊടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിൽ മാത്രം പത്തോളം പേർ ആത്മഹത്യ ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നിവരാനാകാതെ വന്നവരാണ് ഇവരെല്ലാം. തിരുവനന്തപുരത്ത് ഗൗരീശപട്ടത്തും പാലക്കാട്ടും ലൈറ്റ് ആൻഡ് സൗണ്ട് കച്ചവടം നടത്തിയിരുന്ന രണ്ടുപേർ വരുമാനം നിലച്ചതുകൊണ്ടും ലോൺ തിരിച്ചടയ്ക്കാൻ കഴിയാത്തതുകൊണ്ടും ആത്മഹത്യ ചെയ്തു. അമ്പലങ്ങൾ അടഞ്ഞുകിടക്കുന്നു. സമ്മേളനങ്ങൾ നിരോധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ശബ്ദവും വെളിച്ചവും കച്ചവടം ചെയ്യുന്നവർ പൂർണമായും ഇരുട്ടിലാണ്. ഈ മേഖലയിലെ മറ്റുള്ളവരും കടുത്ത പ്രതിസന്ധിയിലാണ്. സർക്കാരും സാമൂഹ്യനീതിവകുപ്പും മറ്റും ഇത്തരം മേഖലയിലുള്ളവരുടെ പ്രശ്നങ്ങൾക്ക് പ്രത്യേകം പരിഗണന നൽകണം. രാത്രികാല തട്ടുകടകൾ നടത്തി മാത്രം കേരളത്തിൽ ഒട്ടേറെ കുടുംബങ്ങൾ ജീവിതം തള്ളിനീക്കിയിരുന്നു. അതെല്ലാം അടഞ്ഞതോടെ അവരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്.

കൊവിഡ് കാലം കഴിയും വരെ ഇത്തരം വിഭാഗങ്ങളിലുള്ളവർക്ക് തുടർച്ചയായി സൗജന്യറേഷൻ നൽകുന്ന കാര്യം ഭക്ഷ്യവകുപ്പ് പ്രത്യേകം പരിഗണിക്കേണ്ടതാണ്.

ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ ലോക്ക‌്ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ച ദിവസമാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അമ്പലവയലിൽ ബസ് ഉടമ ആത്മഹത്യ ചെയ്ത വാർത്ത പുറത്തുവന്നത്. കടൽമാട് - ബത്തേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിന്റെ ഉടമയായിരുന്നു ആത്മഹത്യ ചെയ്ത 48കാരനായ രാജാമണി. സുഹൃത്തിനെ വിളിച്ച് തനിക്ക് റീത്ത് വയ്ക്കണമെന്നും ഇനിയും പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് അദ്ദേഹം ജീവനൊടുക്കിയത്. ഒന്നും രണ്ടും ബസുകൾ മാത്രമുള്ളവരുടെ അവസ്ഥ പരമദയനീയമാണ്. സർവീസ് പുനരാരംഭിക്കാൻ തന്നെ ടയറിന്റെയും ബാറ്ററിയുടെയുമൊക്കെ വകയിൽ വലിയൊരു തുക അവർക്ക് മുടക്കേണ്ടിവരും. പന്തീരായിരത്തോളം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സംസ്ഥാനത്ത് ലോക്‌ഡൗൺ ഇളവുകളെത്തുടർന്ന് പതിനഞ്ച് ശതമാനം ബസുകൾ പോലും നിരത്തിലിറങ്ങിയിട്ടില്ല. വണ്ടിയിൽ കയറാൻ ആൾക്കാർ കുറവായതിനാലും സാമൂഹ്യ അകല നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും സർവീസ് നടത്തിയാലും നഷ്ടമാണുണ്ടാവുക. ലോക്‌ഡൗണിൽ ബസുകൾ ഓടാത്ത സമയത്തെയും നികുതികൾ നൽകേണ്ടിവരുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. പലരും പലിശയ്ക്ക് പണമെടുത്താണ് ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. ഇത് ഇവരുടെ ജീവിതത്തിലെ സംഘർഷം മൂർച്ഛിക്കാനും ഇടയാക്കിയിരിക്കുന്നു.

ഒരു മാസം മുമ്പാണ് തിരുവനന്തപുരത്ത് ഒരു കുടുംബം ആത്മഹത്യ ചെയ്തത്. എട്ടുവർഷമായി നന്തൻകോട്ട് വാടകയ്ക്ക് താമസിച്ചിരുന്ന മുണ്ടക്കയം സ്വദേശി സാനിറ്റൈസർ കുടിച്ചാണ് ആത്മഹത്യ ചെയ്തത്. പിന്നാലെ ഭാര്യയും മകളും പൊട്ടാസ്യം സൈനേഡ് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ജുവലറികളിൽ ആഭരണങ്ങൾ നിർമ്മിച്ച് നൽകുന്ന തൊഴിലായിരുന്നു അവർ ചെയ്തിരുന്നത്. സർക്കാരിന് പുറമെ സന്നദ്ധ സംഘടനകളും സാമ്പത്തികവും മാനസികവുമായ പിന്തുണ ഇത്തരം കുടുംബങ്ങൾക്ക് നൽകണം.

നിയന്ത്രണങ്ങൾ തുടരുന്തോറും പരിതാപകരമായ അവസ്ഥയിലായ പ്രത്യേക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനുള്ള സന്മനസ് സർക്കാർ പുലർത്തണം. ഇല്ലെങ്കിൽ ആത്മഹത്യകൾ പെരുകും എന്ന ഗുരുതരവും ദുഃഖകരവുമായ അവസ്ഥയാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUICIDE IN THE TIME OF COVID
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.