പാലാ : ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ട്രാക്കിലിറങ്ങുന്ന റിലേ ടീമംഗം അമോജ് ജേക്കബ് രാമപുരത്തിന്റെ സ്വന്തമാണ്. പാലാ രാമപുരത്താണ് അമോജിന്റെ കുടുംബവേരുകൾ. കായിക താരവും കുടുംബവും അനേക വർഷങ്ങളായി ഡൽഹിയിലാണെങ്കിലും അടുത്ത ബന്ധുക്കൾ രാമപുരത്തുണ്ട്. അമോജ് ജേക്കബ് ട്രാക്കിൽ പടർന്നു പന്തലിച്ചത് ഡൽഹിയിൽ കാലൂന്നിയാണ്. 10ാം ക്ലാസ് വരെ ഫുട്ബോളിനു ചുറ്റം ഓടിക്കളിച്ചിരുന്ന അമോജിനെ രോഹിണി സെന്റ് സേവ്യേഴ്സ് സ്കൂളിലെ കായികാദ്ധ്യാപകൻ അരവിന്ദ് കപുറാണു ട്രാക്കിലേക്ക് എത്തിച്ചത്. ടോക്കിയോയിൽ 4400 റിലേയിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമംഗം അമോജ് ഡൽഹിയിൽ രോഹിണി സെക്ടർ 6 ൽ ബാബാ സാഹിബ് അംബേദ്കർ ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജേക്കബ്- മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. നഴ്സിംഗ് ഓഫീസറായ അമ്മയും പിതാവും കായികതാരം കൂടിയായ ഇളയ സഹോദരി അൻസുവും ടോക്കിയോയിൽ ഇരുപത്തിമുന്നുകാരൻ അമോജ് ഓടുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്. ഇങ്ങകലെ രാമപുരവും തറവാട്ടുവീടും അമോജിന്റെ നേട്ടത്തിന്റെ ആഹ്ലാദ തിമിർപ്പിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |