SignIn
Kerala Kaumudi Online
Monday, 27 September 2021 4.32 AM IST

ആദ്യ സഹകരണബാങ്ക് കുംഭകോണം കരുവന്നൂരിലേതല്ല, അതിനു പിന്നിൽ ഒരു കോൺഗ്രസ് നേതാവ്, ഭരണപക്ഷത്തിന്റെ അവസ്ഥ പരമ ദയനീയമെന്ന് ജി ശക്തിധരൻ

karuvannur

തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് പുറത്തായതിനു പിന്നാലെ കേരളത്തിലെ ആദ്യ സഹകരണബാങ്ക് കുംഭകോണം ഓർമ്മിപ്പിച്ച് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി. ശക്തിധരൻ. വർഷങ്ങൾക്ക് മുൻപ് നടന്ന ആ കുംഭകോണത്തിന് പിന്നിൽ കോൺഗ്രസിന്റെ സമുന്നതനായ ഡി.സി.സി പ്രസിഡന്റും ഒരു ജില്ലാസഹകരണ ബാങ്ക് തലവനും നിയമസഭാ സാമാജികനുമായ നേതാവുമായിരുന്നു എന്നും അദ്ദേഹം പറയുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ ഇപ്പോഴത്തേത് സംഘം ചേർന്ന കൊള്ളയായിരുന്നെങ്കിൽ പഴയ കൊള്ള നടത്തിയത് ഈ ഉന്നത നേതാവ് ഒറ്റയ്ക്കായിരുന്നു. ഇതിന്റെ ചരിത്രം കോടികൾ മുടക്കി ഭരണപക്ഷം നടത്തുന്ന മാദ്ധ്യമങ്ങളിലെ തലപ്പത്തു ഇരിക്കുന്നവർക്ക് അറിയില്ല. ഇതാണ് ഇന്നത്തെ ഭരണപക്ഷത്തിന്റെ പരമ ദയനീയാവസ്ഥ. അരണബുദ്ധിക്കാരാണ് അവർ ഇന്നെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.

ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്


ആദ്യ സഹകരണബാങ്ക് കുംഭകോണം സഖാക്കളും മറന്നോ?
(FB യിലെ വാസം ഒഴിവാക്കണമെന്ന് കരുതിയിരുന്നതാണ്. പക്ഷെ ഒരു സത്യത്തിനു മുകളിൽ കാർമേഘം കട്ടപിടിച്ച്മറഞ്ഞുകിടക്കുന്നതു കണ്ടപ്പോൾ ഒന്നിടപെടണമെന്ന് തോന്നി. ഇതുകൂടി വേണമെങ്കിൽ വായിക്കാം.)

കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ കുംഭകോണം കേരളത്തിലെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മറുപടിയില്ലാതെ സ്തബ്ധരായിരിക്കുകയാണ് ഭരണപക്ഷം. ഇതാണ് ഇന്നത്തെ ഭരണപക്ഷത്തിന്റെ പരമ ദയനീയാവസ്ഥ. അരണബുദ്ധിക്കാരാണ് അവർ ഇന്ന്. അവർക്ക് ചരിത്രം അറിയില്ല. കോടികൾ മുടക്കി അവർ നടത്തുന്ന മാധ്യമങ്ങളിലെ തലപ്പത്തു ഇരിക്കുന്നവർക്കും ചരിത്രം അറിയില്ല. അന്നന്ന് വെട്ടുന്ന വാളിന് എണ്ണയിട്ട് വാഴുന്ന ഉദരംഭരികകൾ.

സംസ്ഥാന സർക്കാർ ഏറ്റവും മികച്ച വാർത്താ റിപ്പോർട്ടിന് 1981ൽ പുതുതായി അവാർഡ് പ്രഖ്യാപിച്ചപ്പോൾ ആ ബഹുമതി ദേശാഭിമാനിക്ക് നൽകാത്തതിൽ ശക്തിയായി വിമർശിച്ചു കലാകൗമുദി എഴുതിയിരുന്നു. കലാകൗമുദി എന്തുകൊണ്ടാണ്, ഏതു റിപ്പോർട്ടിനാണ് അത്തരത്തിൽ ആദ്യ അവാർഡ് കൊടുക്കേണ്ടിയിരുന്നതെന്ന് പറഞ്ഞുകേട്ടെങ്കിലും അറിവുള്ള ഒരു പത്രപ്രവർത്തകൻ ദേശാഭിമാനിയിൽ ഇന്നുണ്ടായിരുന്നെങ്കിൽ, വഴിയിൽ കെട്ടിയ ചെണ്ടപോലെ നിന്ന് ഈ ഭരണപക്ഷം ഇങ്ങനെ അതിന്മേൽ കൊട്ടില്ലായിരുന്നു. "കേരളത്തിലെ സഹകരണ ബാങ്കുകളുടെ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ സംഭവമാണെന്ന്" പ്രതിപക്ഷ നേതാക്കള്‍ കരുവന്നൂർ സഹകരണ ബാങ്ക് സംഭവത്തെ ഉയർത്തിപ്പിടിക്കില്ലായിരുന്നു. കോൺഗ്രസ്സിന്റെ സമുന്നതനായ ഡി സി സി പ്രസിഡന്റും ഒരു ജില്ലാസഹകരണ ബാങ്ക് തലവനും നിയമസഭാ സാമാജികനുമായ നേതാവാണ് ഈ ബഹുമതിക്ക് അർഹൻ എന്ന് പറയാനുള്ള പൊതുവിജ്ഞാനം പോലും ഇവർക്ക് കമ്മി.

‌അന്ന് ചെയ്തതു ഇതിലും വലിയ തട്ടിപ്പായിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിൽ ഇപ്പോഴത്തേത് സംഘം ചേർന്ന കൊള്ളയായിരുന്നെങ്കിൽ പഴയ കൊള്ള നടത്തിയത് ഈ ഉന്നത നേതാവ് ഒറ്റയ്ക്കായിരുന്നു. ബാങ്കിൽ അംഗത്വം നേടിയ നൂറു കണക്കിന് സഹകാരികളുടെ വ്യാജ വായ്‌പ്പാ അപേക്ഷകൾ സമാഹരിച്ചു അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ദശ ലക്ഷങ്ങൾ അവരുടെ പേരിൽ വായ്പ്പയായി ജില്ലാ ബാങ്ക് പ്രസിഡന്റ് തന്നെ അപഹരിച്ച കേരളചരിത്രത്തിലെ ആദ്യ സംഭവമായിരുന്നു ഇത്. ലക്ഷങ്ങൾ തിരിച്ചടയ്ക്കാൻ നോട്ടീസ് ലഭിച്ചപ്പോഴാണ് പല അംഗങ്ങളും അവർ വായ്പ്പ എടുത്തകാര്യം തന്നെ അറിയുന്നത്. കരുവന്നൂർ സഹകരണ ബാങ്കിലെ പണം തിരിമറി നടത്തി ലക് ഷ്വറി ഹോട്ടലുകളും മറ്റുമാണ് വാങ്ങിയതെങ്കിൽ അന്ന് ഈ പണം ഉപയോഗിച്ച് നേതാവിന്റെ ജില്ലയിലെ തന്നെ പ്രമുഖ പട്ടണത്തിൽ സർക്കാർ റസ്റ്റ് ഹൗസിനു ചേർന്ന് കിടന്ന കോടികൾ വിലമതിക്കുന്ന 45 സെന്റ് സ്ഥലം രണ്ട് പ്രമാണമാക്കി നേതാവ് സ്വന്തം പേരിൽ വാങ്ങുകയാണ് ചെയ്തത്. ഇതിന്റെ പ്രമാണങ്ങളും സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ദേശാഭിമാനി കൈക്കലാക്കിയിരുന്നു.

വായ്‌പകൾ കൂട്ടത്തോടെ അനുവദിച്ചതും വസ്തുവിന്റെ പ്രമാണം നടത്തിയ ദിവസവും ഒത്തുനോക്കിയാൽ തന്നെ നിരപരാധികളായ സഹകാരികളുടെ പേരിൽ നടന്ന തട്ടിപ്പ് മനസിലാകുമായിരുന്നു ആ നേതാവിനെ ചോദ്യം ചെയ്യാൻ ശേഷിയുള്ള ഒരാളും അന്ന് ആ ജില്ലയിൽ ഉണ്ടായിരുന്നില്ല. അടിയന്തിരാവസ്ഥയിൽ ഈ ജില്ലയെ കിടുകിടാ വിറപ്പിച്ച നേതാവിന്റെ വീരസാഹസിക കഥകൾ മാധ്യമങ്ങൾക്കു പോലും കടങ്കഥകളായിരുന്നു. അതിന്റെ അപ്രമാദിത്വത്തിലാണ് ഇത്ര ധൈര്യം കാട്ടിയത്. കേരളത്തിൽ മുപ്പതുവർഷം മുമ്പ് നടന്ന ഈ തട്ടിപ്പു അന്ന് ശൈശവദശയിലായിരുന്നു എന്നും ഓർക്കണം. എന്നിട്ടും ഈ കോടികൾ അനായാസം അമുക്കി.

കോൺഗ്രസ്സ് രണ്ടായി പിളർന്ന് എ കെ ആന്റണി വിഭാഗം ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട കാലമായിരുന്നു അത്. ഇടതുപക്ഷവും ആന്റണി വിഭാഗവും ഒന്നിച്ചു ഒരേ മന്ത്രിസഭയിൽ അധികാരം പങ്കിടുന്നകാലം. ദേശാഭിമാനിയിൽ ഒന്നാം പേജിൽ എട്ടുകോളത്തിൽ ഈ വാർത്ത കൊടുക്കുമ്പോൾ ആ പത്രത്തിന്റെ പരിമിതിയെക്കുറിച്ചു ഞങ്ങൾക്ക് നല്ല ധാരണ ഉണ്ടായിരുന്നു. കോൺഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണത്തിലും കേരള കൗമുദിയിലും കൂടി ഈ വാർത്ത വരുത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വീക്ഷണം എഡിറ്റർ പ്രമുഖ സാഹിത്യകാരനായ സി രാധാകൃഷ്‌ണൻ ആയിരുന്നു. അദ്ദേഹം എറണാകുളത്തു കലൂരിൽ ദേശാഭിമാനിക്ക് എതിരെ പോണോത്ത് റോഡിൽ ആയിരുന്നു നവവധുവിനോടൊപ്പം താമസം. എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും അദ്ദേഹത്തെ കാണാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ പിജിയും ഒപ്പം വരാമെന്ന് പറഞ്ഞു.

ഈ തട്ടിപ്പിന്റെ ചുരുൾ ഞങ്ങൾ അഴിച്ചപ്പോൾ അദ്ദേഹം ആവേശഭരിതനായി. പക്ഷെ ഒരു ഉപാധിവെച്ചു. ഏ കെ ആന്റണിയുടെ അനുമതി നേടണം. ഞാൻ അതേറ്റു. ഉടനെ മാസ് ഹോട്ടലിൽ പോയി ശ്രീ ആന്റണിയുമായി സംസാരിച്ചു. ഒരു മറയുമില്ലാതെ ആന്റണി തുറന്നു പറഞ്ഞു: " നാളെ ഞങ്ങൾക്കൊപ്പം വരേണ്ട ആളാണ്.അത് കൊണ്ട് ബുദ്ധിമുട്ടാണ് " അവിടെ അവസാനിപ്പിച്ചു ആ ദൗത്യം. പക്ഷെ ദേശാഭിമാനി അടുത്ത ദിവസം ഈ വാർത്തയുമായി ഇറങ്ങിയപ്പോൾ മാധ്യമലോകം ഞെട്ടിപ്പോയി. ആയിരക്കണക്കിന് കോപ്പികൾ കൂടുതലായി അച്ചടിച്ച് ജില്ലയുടെ മുക്കിലും മൂലയിലും എത്തിച്ചു ചൂടപ്പം പോലെ വിറ്റു സംസ്ഥാന സഹകരണ ബാങ്ക് രജിസ്ട്രാർ പാഞ്ഞെത്തി അന്വേഷണം നടത്തി ജില്ലാ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു. നേതാവ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിൽക്കാലത്തു ഒരിക്കൽ പോലും ഈ നേതാവിന് ഈ ബാങ്കിന്റെ ഭരണനേതൃത്വത്തിൽ എത്താനായുമില്ല.

ഈ കൊള്ള പുറത്തു കൊണ്ടുവരുന്നതിൽ സ്വന്തം ഉദ്യോഗം പോലും ബലികൊടുക്കാൻ തയ്യാറായി ഒപ്പം നിന്ന പലരും ഇപ്പോഴും കേരളത്തിൽ പലഭാഗത്തായി ജീവിച്ചിരിപ്പുണ്ട്. ശരിക്കും പലരാത്രികളിലും മരണത്തെ മുഖാമുഖം കണ്ട അന്വേഷണമായിരുന്നു അന്ന് നടത്തിയത്. വർഷങ്ങൾക്ക് ശേഷം ദില്ലിയിൽ കൃഷ്ണമേനോൻ മാർഗിലെ ശ്രീ കെ കരുണാകരന്റെ വസതിയിൽ എന്നെ യാദൃശ്ചികമായി ഈ നേതാവ് കണ്ടപ്പോൾ അദ്ദേഹം സ്തബ്ധനായി നോക്കി നിന്നു.. അക്ഷരാർത്ഥത്തിൽ ഞെട്ടി. ശ്രീ കരുണാകരനോട് അദ്ദേഹം സങ്കടത്തോടെ എന്നെ പരിചയപ്പെടുത്തിയത് ഇപ്രകാരമായിരുന്നു: "എന്നെ ഈ നിലയിൽ നിലം പരിശാക്കിയ ആളാണ് ലീഡർ:" ഉരുളക്കുപ്പേരി പോലെയായിരുന്നു ശ്രീ കരുണാകരന്റെ മറുപടി " എങ്കിൽ കണക്കായിപ്പോയി" ഞാൻ ഒന്നും പ്രതികരിച്ചില്ല. ശ്രീ കെ കരുണാകരൻ അറിയാം തെറ്റിനൊപ്പം നിൽക്കുന്ന പത്രപ്രവർത്തകൻ അല്ല മുൻപിൽ നിൽക്കുന്നത് എന്ന്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: G SAKTHIDHARAN, KARUVANNUR BANK, CPMS, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.