തിരുവനന്തപുരം:ശബരിമലയിൽ സ്വന്തമായി വൈദ്യുതി ഉദ്പാദിപ്പിക്കാൻ സന്നിധാനത്തും നിലയ്‌ക്കലും സ്പോൺസർമാരുടെ സഹായത്തോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കും. ഇതിന്റെ പ്രാരംഭ നടപടികൾ തുടങ്ങി.
തീർത്ഥാടന സീസണിൽ ഒരു വർഷം പത്തു കോടിയോളം രൂപയാണ് ശബരിമലയിലെ വൈദ്യുതി ചെലവ്. കൊവിഡ് കാലത്ത് ഇത് വളരെ കുറഞ്ഞെങ്കിലും സീസണിലെ വൈദ്യുതി ചെലവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയൊരു ഭാരമാണ്. അത് ഒഴിവാക്കാനാണ് സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. രണ്ട് സോളാർ പ്ലാന്റുകൾക്ക് 20 കോടിയോളം രൂപ ചെലവ് വരും. കൊവിഡ് പ്രതിസന്ധിയിൽ ഇത്രയും തുക മുടക്കാനും ബോർഡിന് സാധിക്കില്ല. അതിനാലാണ് സ്പോൺസർമാരെ തേടുന്നത്.
ആദ്യം നിലയ്‌ക്കലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
സോളാർ വൈദ്യുതി ഉൽപ്പാദനത്തിൽ വിജയചരിത്രം കുറിച്ച കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ ) സാങ്കേതിക സഹായത്തോടെയാവും നിർമ്മാണം. വരും ദിവസങ്ങളിൽ ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും സിയാൽ അധികൃതരുമായി ചർച്ച നടത്തും. തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ടും (ഡി.പി.ആർ ) മറ്റ് നടപടികളും പൂർത്തിയാക്കും. ഒരു വർഷത്തിനുള്ളിൽ പ്ലാന്റുകൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതോടെ ശബരിമലയ്‌ക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഉത്പാദിപ്പിക്കാനാവും. വൈദ്യുതിക്ക് ചെലവിടുന്ന ഭീമമായ തുക മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.
കൊവിഡ് ഷോക്കിൽ ശബരിമലയിലെ വൈദ്യുതി ഉപയോഗം വളരെ കുറഞ്ഞിട്ടുണ്ട്.
- മേയിൽ 31,668 യൂണിറ്റും ജൂണിൽ 22,220 യൂണിറ്റും മാത്രം.
സ്‌പോൺസർമാർ
സോളാർ പ്ലാന്റ് ഉൾപ്പെടെ ശബരിമലയുടെ വികസനത്തിന് അയൽ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരുടെ സഹായം ലഭ്യമാക്കും. മലയാളികളും അല്ലാത്തവരുമായ നിരവധി ബിസിനസുകാർ താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ബിസിനസുകാരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
സോളാർ പ്ലാന്റിന്റെ പ്രാരംഭ ചർച്ച തുടങ്ങി. സ്‌പോൺസർഷിപ്പോടെയാകും നിർമ്മാണം. സിയാലുമായി ചർച്ച കഴിഞ്ഞാകും തുടർ നടപടികൾ.
അഡ്വ.എൻ.വാസു,
ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |