#കവർച്ചയ്ക്ക് പിന്നിൽ കാരാട്ട് നൗഷാദും സംഘവുമെന്ന് സൂചന
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ മൊബൈൽ കടയിൽ നിന്നും 15 ലക്ഷത്തിന്റെ മൊബൈലുകൾ കവർച്ച നടത്തി ഓഹരി മുതലുമായി ഓട്ടോയിൽ കടന്നുകളയുന്നതിനിടെ യുവാവ് പിടിയിൽ. കവർച്ചയ്ക്ക് പിന്നിലെ സൂത്രധാരൻ കുപ്രസിദ്ധ ക്രിമിനൽ കാരാട്ട് നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാന്നെന്ന് സൂചന. ചെർക്കള അറന്തോട് സ്വദേശി മുഹമ്മദ് ശരീഫ് (40) നെയാണ് വിദ്യാനഗർ സി.ഐ വി.വി മനോജും സംഘവും അറസ്റ്റ് ചെയ്തത്.
സംശയം തോന്നിയ പൊലീസ് കൈകാണിച്ച് ഓട്ടോ നിർത്തിച്ച് പരിശോധിച്ചപ്പോഴാണ് 15 ലധികം മൊബൈൽ ഫോണുകളും ആയുധങ്ങളും ഈയാളിൽ നിന്ന് കണ്ടെത്തിയത്. നിരവധി കവർച്ച കേസിൽ ശരീഫ് ഇതിന് മുൻപും പിടിയിലായിട്ടുണ്ട്. ഇക്കഴിഞ്ഞ മേയ് 16 നാണ് കാസർകോട്ടെ കവർച്ചകേസിൽ ജയിലിലായിരുന്ന ഷരീഫ് റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്. ഹൊസ്ദുർഗ് പൊലീസ് കവർച്ചയുമായി ബന്ധപ്പെട്ട് കോടതി മുഖേന ഈയാളെ കസ്റ്റഡിയിൽ വാങ്ങും.
കാരാട്ട് നൗഷാദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കാഞ്ഞങ്ങാട്ടെ മൊബൈൽ കട കൊള്ളയടിച്ചതെന്നാണ് സൂചന. കവർച്ചക്കാരുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഹൊസ്ദുർഗ്ഗ് പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും വ്യക്തത കുറവുണ്ടായിരുന്നു. കേസിലെ ഒരു പ്രതി പിടിയിലായതോടെയാണ് കൂട്ടാളികളെ കുറിച്ചുള്ള സൂചനകൾ പുറത്ത് വന്നിരിക്കുന്നത്. കൊള്ളയടിച്ച മുക്കാൽ ഭാഗം മുതലുകളുമായാണ് കാരാട്ട് നൗഷാദും കൂട്ടാളി ടോമിയും രക്ഷപ്പെട്ടിരിക്കുന്നത്.പ്രതികൾക്ക് വേണ്ടി ഹൊസ്ദുർഗ്ഗ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് നയ ബസാറിലെ മജസ്റ്റിക്ക് മൊബൈൽ കടയിൽ നിന്നാണ് 15 ലക്ഷത്തിന്റെ മൊബൈൽ ഫോണുകൾ കൊള്ളയടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |