ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,689 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 415 പേർ മരണമടഞ്ഞു.132 ദിവസത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 30,000ൽ താഴെ എത്തുന്നത്. നിലവിൽ ഇന്ത്യയിൽ 3,98,100 കൊവിഡ് രോഗികളാണുള്ളത്. രാജ്യത്ത് ഇതു വരെ 44 കോടി കൊവിഡ് വാക്സിൻ ഡോസുകൾ നൽകി കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.33 ശതമാനവുമാണ്.
അതേസമയം രാജ്യത്ത് വാക്സിനേഷൻ നൽകുന്നതിൽ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാൻ സാധിക്കാത്തത് ഒരു ആശങ്കയായി നിലനിൽക്കുന്നു. സർക്കാർ കണക്കുകൾ അനുസരിച്ച് ജൂലായ് മാസത്തിൽ ഇതുവരെ 9.94 കോടി വാക്സിൻ ഡോസുകൾ ഇതു വരെ നൽകികഴിഞ്ഞു. ജൂലായ് മാസത്തിൽ 13.5 കോടി വാക്സിൻ ഡോസുകൾ വിതരണം ചെയ്യാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. വാക്സിനേഷൻ നൽകുന്നത് ഈ നിരക്കിൽ തുടർന്നാൽ ജൂലായ് മാസം 12 കോടി ഡോസുകൾ മാത്രമേ വിതരണം ചെയ്യാൻ സാദ്ധ്യതയുള്ളുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൊവിഡിന്റെ മൂന്നാം തരംഗം വന്നെത്തിയാൽ ദിവസേനയുള്ള കൊവിഡ് കേസുകൾ നാല് മുതൽ അഞ്ച് ലക്ഷം വരെ ഉയർന്നേക്കാമെന്ന് വിദഗ്ദ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |