SignIn
Kerala Kaumudi Online
Friday, 26 April 2024 11.11 AM IST

കേരം കൈവിട്ട കേരനാട്

v

കൊല്ലം: കേരംതിങ്ങും നാടെന്ന് മൺറോത്തുരുത്തിനെ വിശേഷിപ്പിച്ച ഒരു കാലമുണ്ടായിരുന്നു. തെങ്ങും നാളികേരവും കയർ ഉത്പാദനവുമായി ജീവിതം സമൃദ്ധമായിരുന്ന തുരുത്ത്. കാലം മാറിയതോടെ രോഗബാധയേറ്റ് വീണ തെങ്ങുകളുടെ ശവപ്പറമ്പായി തുരുത്തുമാറി. കയർ ഉത്പാദനവും നാമമാത്രമായി.

കല്ലടയാർ സൃഷ്ടിച്ച ഫലഭൂയിഷ്ഠതയാണ് മൺറോതുരുത്തിനെ തെങ്ങുംതോപ്പുകളുടെ തുരുത്താക്കിയത്. നദിയിൽ നിന്നുള്ള എക്കൽ അടിഞ്ഞുകൂടിയത് തെങ്ങുകൾക്ക് വളരാൻ അനുയോജ്യമായി. അങ്ങനെ തുരുത്ത് നിവാസികളുടെ ഉപജീവനമാർഗമായി കേരകൃഷി മാറി. നാളികേരവും കയർ ഉത്പാദനവും കള്ളുചെത്തും ഉൾപ്പടെ വലിയ തൊഴിൽ മേഖല രൂപപ്പെട്ടു. 1985 വരെ ഏതാണ്ട് 1300 ആളുകൾ വരെ കയർ മേഖലയിൽ ജോലി ചെയ്തിരുന്നു. രണ്ടുമാസം കൂടുമ്പോൾ ആയിരം മുതൽ 18,000 വരെ തേങ്ങകൾ ലഭിച്ചിരുന്ന കുടുംബങ്ങളുണ്ടായിരുന്നു. അക്കാലത്ത് 40ൽ അധികം തെങ്ങുകയറ്റത്തൊഴിലാളികളും നിരവധി ചെത്തുകാരുമുണ്ടായിരുന്നു.

ആർ. ശങ്കർ കൊല്ലം എസ്.എൻ കോളേജ് ആരംഭിക്കുമ്പോൾ സ്ഥാപിച്ച ഷെഡുകൾ കെട്ടി മേഞ്ഞത് തുരുത്തിലെ സ്ത്രീകൾ മെടഞ്ഞ ഓലകൊണ്ടായിരുന്നു. കാലക്രമത്തിൽ കായ്‌ഫലം കുറഞ്ഞ തെങ്ങുകളുടെ നാടായി തുരുത്തു മാറി. തെങ്ങുകൾക്ക് രോഗം ബാധിച്ചതോടെ കള്ള് ചെത്തും ഇല്ലാതായി.

കയർ സഹകരണ സംഘങ്ങൾ

നീറ്റുംതുരുത്തിനും പട്ടംതുരുത്തിനും മദ്ധ്യേയുള്ള എസ് വളവിലെ ടൂറിസ്റ്റുകളുടെ ആകർഷണകേന്ദ്രമായ കായൽ ഒരു കാലത്ത് തൊണ്ട് അഴുകാൻ ഇട്ടിരുന്ന ഇടമായിരുന്നു. അഷ്ടമുടി, മങ്ങാടൻ കയറുകൾക്ക് വിപണിയിൽ വലിയ പ്രിയമായിരുന്നു. കേരളസംസ്ഥാനം രൂപീകൃതമാകുന്നതിനും മുൻപ് 1951ൽ കയർ സഹകരണ സംഘങ്ങൾ തുരുത്തിൽ രൂപീകൃതമായി. പേഴുംതുരുത്ത്,​ വില്ലിംമംഗലം സംഘങ്ങളാണ് ആദ്യം രൂപീകരിച്ചത്. വലിയ ആസ്തിയുള്ള സംഘമായിരുന്നു പേഴുംത്തുരുത്തിലേത്. ഒരു ഘട്ടത്തിൽ അടൂർ സർക്കിളിനുകീഴിൽ 17 സംഘങ്ങൾ വരെ പ്രവർത്തിച്ചിരുന്നു.

കയർ ഉത്പാദനം കുറഞ്ഞതോടെ ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ എണ്ണം സ്വകാര്യ, സഹകരണ മേഖലകളിലായി 550 ആയി. പ്രതിദിനമുള്ള കയർ ഉത്പാദനം 750 കിലോഗ്രാമായി. സജീവമായി പ്രവർത്തിക്കുന്ന സംഘങ്ങൾ 7എണ്ണം മാത്രമായി. പേഴുംതുരുത്ത്, പട്ടംതുരുത്ത്, പെരിങ്ങാലം, വില്ലിമംഗലം, നെന്മേനി, കിടപ്രം, കൺട്രാങ്കാണി സംഘങ്ങളാണ് അവശേഷിക്കുന്നത്. സർക്കാർ നൽകുന്ന 110 രൂപ സബ്സിഡിയും ചേർത്ത് ഒരു തൊഴിലാളിക്ക് ദിവസം ലഭിക്കുന്ന വേതനം 350രൂപയാണ്. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീൻ ഉപയോഗിച്ചാണ് കയർ പിരിക്കുന്നത്.

തെങ്ങുകൃഷിയുടെ തകർച്ച

 കല്ലടയാറ്റിൽ ഡാം നിർമ്മിച്ചതോടെ കായലിലേക്കുള്ള നീരോഴുക്ക് കുറഞ്ഞു

 തുരുത്തിന്റെ ഫലഭൂയിഷ്ഠത കുറഞ്ഞു

 തെങ്ങുകൾക്ക് രോഗബാധ കൂടി

 തുരുത്തിലെ വേലിയേറ്റം മൂലമുണ്ടാകുന്ന വെള്ളക്കെട്ട് തെങ്ങുകളുടെ നാശത്തിന് കാരണമായി

 കയർ ഉത്പാദനത്തെയും ഇത് ബാധിച്ചു

 തുച്ഛമായ വേതനവും ഇ.എസ്.ഐ ആനുകൂല്യം ഇല്ലാതിരുന്നതും തൊഴിലാളികളെ ഈ മേഖലയിൽ നിന്ന് അകറ്റി

 സർക്കാർ റബർ മേഖലയ്ക്ക് പ്രാമുഖ്യം നൽകി. പൊള്ളാച്ചി, സേലം, കന്യാകുമാരി എന്നിവടങ്ങളിൽ തെങ്ങുകൃഷി വ്യാപകമായി

നാളികേര കൃഷിയും കയർ ഉത്പാദനവും പുനരുജ്ജീപ്പിക്കാൻ സർക്കാർ ഇടപെടണം. കൂടുതൽ സബ്സിഡികൾ നൽകണം. കയർ ഭൂവസ്ത്രം ഉപയോഗിച്ച് ബണ്ടുകൾ ബലപ്പെടുത്തണം. തുരുത്തിനെ കയർ ഗ്രാമമായി പ്രഖ്യാപിക്കണം. കയർ ഉത്പന്നങ്ങൾ ടൂറിസ്റ്റുകളെ പരിചയപ്പെടുത്താൻ ക്രമീകരണം വേണം. തൊഴിലുറപ്പ് പദ്ധതിയിൽ കയർ ഉത്പാദനം ഉൾപ്പെടുത്തണം.

രവികുമാർ, മേഖലാ സെക്രട്ടറി, കയർ വർക്കേഴ്സ് സെന്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.