SignIn
Kerala Kaumudi Online
Friday, 26 April 2024 8.11 AM IST

ഒ.എൻ.വിയിൽ ആത്മമുരളീരവം

onv

കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം- എന്ന് എഴുത്തച്ഛൻ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ശ്രീരാമപട്ടാഭിഷേകം മുടക്കി ഭരതനെ വാഴിക്കാനുള്ള മന്ഥരയുടെ കുതന്ത്രത്തിൽ വീണുപോയ കൈകേയിയെ മുൻനിറുത്തിയാണ് എഴുത്തച്ഛൻ ഇങ്ങനെ പറയുന്നത്.

ദുർജ്ജനസംസർഗമേറ്റമകലവേ

വർജ്ജിക്കവേണം,​ പ്രയത്നേന സൽപുമാൻ

കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം.- ചെളി,​ കരി എന്നൊക്കെ അർത്ഥമുള്ള കജ്ജളമായിട്ടാണ് മന്ഥരയെ ഇവിടെ കല്പിക്കുന്നത്. ഇതിനൊരു മറുവശം കൂടിയുണ്ട്. ശ്രീരാമനായാലും ഭരണാധികാരിയായാൽ സുഖങ്ങളിൽ മുഴുകിപ്പോകും. മനുഷ്യനായാലും ദേവനായാലും അപ്പോൾ ലക്ഷ്യം മറന്നുപോകാം. അതിനാൽ സരസ്വതീദേവിയെക്കൊണ്ട് ദേവന്മാർ ചെയ്യിക്കുന്ന പണിയാണ് മന്ഥരയുടെ നാവിലൂടെ ഏഷണിയായി പുറത്തുവന്നത്. അപ്പോൾ ആരാണ് യഥാർത്ഥ വില്ലൻ ?​ മന്ഥരയോ​ കൈകേയിയോ രാമനോ ഭരതനോ സരസ്വതിയോ ദേവന്മാരോ ?​ ഇവരെല്ലാം ചേർന്നുനില്ക്കുന്ന അധികാരം. ഏതു നിമിഷവും കജ്ജളം പുരളാവുന്ന ഈ അധികാരത്തിന്റെ വിവിധ വർണങ്ങളാണ് 'എന്റെ ഒ.എൻ.വി' എന്ന പുസ്തകത്തിൽ പിരപ്പൻകോട് മുരളി ചെങ്കൊടി അണിയിച്ച് ആവിഷ്കരിക്കുന്നത്. അറിവുകൾ,​ അനുഭവങ്ങൾ,​ ഓർമ്മപ്പെടുത്തലുകൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകം 'മഹാകവി ഒ.എൻ.വിയുടെ ജീവചരിത്രമല്ല. എന്റെ കേവലമായ ഓർമ്മപ്പെടുത്തലുകളുമല്ല. എന്നാൽ ഇത് രണ്ടും അതിലുണ്ടുതാനും. ഒരർത്ഥത്തിൽ ഇത് കവിയുടെ രാഷ്ട്രീയ സാംസ്കാരിക ജീവചരിത്രമാണ്.'- എന്നാണ് ഗ്രന്ഥകാരൻ മുഖവുരയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. നാടകകൃത്തും കവിയുമായ പിരപ്പൻകോട് മുരളി വളരെ സൗമ്യനായ രാഷ്ട്രീയനേതാവാണെന്ന് എല്ലാവർക്കും അറിയാം. ഒ.എൻ.വിയുടെ വത്സലശിഷ്യനായ അദ്ദേഹം മുല്ലപ്പടർപ്പിൽനിന്ന് പൂക്കൾ നുള്ളിയെടുത്ത് മാലകോർക്കും പോലെയാണ് കവിയുടെ സഞ്ചാരപഥങ്ങളെ രേഖപ്പെടുത്തുന്നത്. അത്രയും മൃദുവായി,​ ഇഴ പിന്നിപ്പോകാതെ...

പ്രകാശിതമായപ്പോൾത്തന്നെ രാഷ്ടീയവിവാദമായ സാഹചര്യത്തിലാണ് സഹപ്രവർത്തകനായ സി.പി.ശ്രീഹർഷന്റെ പക്കൽനിന്ന് പുസ്തകം കടംവാങ്ങി വായിച്ചത്. സി.പി.എം ജില്ലാ നേതൃത്വത്തിൽ നിന്ന് തനിക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളും ഒ.എൻ.വിയെ അകറ്റിനിറുത്തി സാഹിത്യക്കസേരകൾ സ്വന്തമാക്കാൻ ചിലർ നടത്തിയ ചരടുവലികളുമാണ് വിവാദത്തിന് തിരികൊളുത്തിയത്. പലതും മറച്ചും ചിലതെല്ലാം തെളിച്ചുമാണ് പറയുന്നത്. രാഷ്ട്രീയ നടപടികൾക്ക് വെടിമരുന്ന് കിട്ടാത്ത വിധമാണ് വി.എസിനോടുള്ള ഒ.എൻ.വിയുടെ പക്ഷപാതവും അനാവരണം ചെയ്യുന്നത്. വളരെ കരുതലോടെ എഴുതിയ ഈ പുസ്തകത്തോട് പലനിലയിൽ വിയോജിക്കാനാവും. അതിന് ഏതെങ്കിലും പക്ഷക്കാരനായിരിക്കണമെന്നില്ല. പക്ഷേ,​ അതിനുള്ള ശ്രമമല്ല ഇവിടെ നടത്തുന്നത്. ഒ.എൻ.വിയുമായി ബന്ധപ്പെട്ട് ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും സാഹിത്യപ്രേമികൾക്കും രാഷ്ട്രീയപ്രവർത്തകർക്കും വിലപ്പെട്ട അനുഭവങ്ങളാണ്. പിരപ്പൻകോട് മുരളി ഈ ഉദ്യമം നിർവഹിച്ചില്ലായിരുന്നെങ്കിൽ ഒ.എൻ.വിയുടെ സാംസ്കാരികജീവിതത്തിന്റെ വലിയൊരേട് നമ്മൾ കാണാതെ പോകുമായിരുന്നു. അതിൽ ഒരു സന്ദർഭം പറയാം.

ചാരക്കേസിൽ കെ.കരുണാകരനെ താഴെയിറക്കി എ.കെ.ആന്റണിയെ മുഖ്യമന്ത്രിയാക്കിയപ്പോൾ അദ്ദേഹത്തിന് മത്സരിക്കാൻ തിരഞ്ഞെടുത്തത് മുസ്ലീം ലീഗിന്റെ സുരക്ഷിതമണ്ഡലമായ മലപ്പുറം തിരൂരങ്ങാടിയാണ്. സി.പി.ഐയ്ക്ക് സ്ഥിരമായി തോൽക്കാൻ അവകാശപ്പെട്ട അവിടെ 1995 മേയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സർവസമ്മതനായ എൻ.എ.കരീമിനെയാണ് ആന്റണിയ്ക്കെതിരെ ഇടതുപക്ഷം സ്വതന്ത്രനായി മത്സരിപ്പിച്ചത്. ആരും ആവശ്യപ്പെടാതെതന്ന ഒ.എൻ.വി പിരപ്പൻകോട് മുരളിയോട് ചോദിച്ചു: "നമുക്ക് നമ്മുടെ കരീം സാർ മത്സരിക്കുന്ന തിരൂരങ്ങാടിയിൽ പോയി നാലഞ്ചു പ്രസംഗം നടത്തേണ്ടെ." ചോദിക്കേണ്ട താമസം അങ്ങോട്ടുള്ള ടിക്കറ്റ് റെഡിയായി. ഇരുവരും തിരൂരങ്ങാടിയിലെത്തി. ഒരാഴ്ചത്തെ പര്യടനം കഴിഞ്ഞ് രാത്രി 11.30നുള്ള ട്രെയിനിൽ മടങ്ങാനായിരുന്നു പദ്ധതി. 10 ണിയോടെ കമ്മിറ്റി ഓഫീസിലെത്തി മടക്കടിക്കറ്റ് ചോദിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചുതലയുള്ള സഖാവ് വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: "നിങ്ങൾ ബേജാറാവാണ്ടിരിക്കിൻ. ഇമ്മള് ടിക്കറ്റ് എടുത്തിട്ടില്ല. ഇമ്മടെ രണ്ടു നേതാക്കൾ കെ.ഇ. ഇസ്മയിലും കൃഷ്ണൻ കണിയാംപറമ്പിലും,​ ഓര് എം.എൽ.എമാരാണ്. ഓര് ങ്ങളെ കൂടെ തിരുവന്തോരത്ത് കൂട്ടിക്കൊണ്ടുപോകും". ഒ.എൻ.വിക്ക് പിറ്റേന്ന് രാവിലെ 10 മണിക്ക് കേരള യൂണിവേഴ്സിറ്റിയിൽ ഒരു പ്രഭാഷണമുണ്ട്. കമ്പാനിയന്മാരെ കൂട്ടാൻ എം.പി മാർക്കേ കഴിയൂ. പിരപ്പൻകോടിന്റെ പ്രതികരണം കേട്ട് സഖാവ് വീണ്ടും മൊഴിഞ്ഞു: "ഇങ്ങൾക്ക് ട്രെയിൻ യാത്രയെക്കുറിച്ച് അറിയാത്തതു കൊണ്ടാണപ്പാ".

മറ്റൊരിടത്ത് ഇരിക്കുകയായിരുന്ന ഒ.എൻ.വി വിവരം അറിഞ്ഞപ്പോൾ പറഞ്ഞു: നമുക്ക് പോകാം. ഇനി അവരോട് ടിക്കറ്റെടുത്ത് തരാനൊന്നും പറയേണ്ട. ഇരുവരും പെട്ടിയും തൂക്കി സ്റ്റേഷനിലെത്തി. തിങ്ങിനിറഞ്ഞു വന്ന ട്രെയിനിന്റെ ലോക്കൽ കമ്പാർട്ടുമെന്റിൽ സ്റ്റേഷൻ മാസ്റ്ററുടെയും മറ്റും സഹായത്താൽ കയറിപ്പറ്റിയ ഇരുവരെയും തിരിച്ചറിഞ്ഞ യാത്രക്കാരായ ചെറുപ്പക്കാർ ഒ.എൻ.വിക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. തമ്പാനൂർ എത്തിയപ്പോൾ പിരപ്പൻകോട് മുരളി വിളിച്ചുണർത്തി. ഒ.എൻ.വി ചിരിച്ചുകൊണ്ട് പിരപ്പൻകോടിനോട് പറഞ്ഞു: ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി.

2006 ലെ തിരഞ്ഞെടുപ്പിൽ വി.എസിന്റെ സ്ഥാനാർത്ഥി പ്രശ്നങ്ങളിൽ ഏറെ ഉത്‌കണ്ഠയും മനക്ഷോഭവും ഒ.എൻ.വിക്ക് ഉണ്ടായിരുന്നതായും പിരപ്പൻകോട് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന ഉടനേ മലമ്പുഴ പോകണമെന്നും ഒ.എൻ.വി പിരപ്പൻകോടിനെ അറിയിച്ചു. തിരഞ്ഞടുപ്പു യോഗങ്ങളുടെ ഉദ്ഘാടനത്തിനു തന്നെ അവിടെ എത്തുകയും ചെയ്തു."ഒരു നാട്ടുരാജാവിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ആയുധമേന്തിയ ഐതിഹാസികമായ പുന്നപ്ര - വയലാർ സമരത്തിന് നേതൃത്വം നൽകിയ വി.എസ് പാർലമെന്ററി ജനാധിപത്യഭരണത്തിനും നേതൃത്വമേകാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം. ജനസമരത്തിന്റെ അഗ്നിവീഥികളിലൂടെ നടന്നുകയറിയ വി.എസിനെ നമുക്കാദരിക്കാം..." എന്നിങ്ങനെയായിരുന്നു ഒ.എൻ.വിയുടെ പ്രസംഗം.

തന്നിലൂടെ ഒ.എൻ.വിയിലേക്കും ഒ.എൻ.വിയിലൂടെ തന്നിലേക്കും മാറിയും തിരിഞ്ഞും സഞ്ചരിക്കുന്ന ഈ സാംസ്കാരിക ജീവചരിത്രത്തിലെ മറ്റൊരു പ്രധാന ഏട് പിരപ്പൻകോട് മുരളി എന്ന നാടകകൃത്തിനെ രൂപപ്പെടുത്തുന്നതിലും ജനസമക്ഷം എത്തിക്കുന്നതിലും ഒ.എൻ.വി വഹിച്ച പങ്കിനെക്കുറിച്ചാണ്. സി.പി.എം ജില്ലാനേതൃത്വത്തിൽ നിന്ന് കടുത്ത അവഹേളനം നേരിട്ടിരുന്ന ഘട്ടത്തിലാണ് സ്വാതിതിരുനാളിനെക്കുറിച്ച് നാടകമെഴുതാൻ പിരപ്പൻകോട് തീരുമാനിച്ചത്. ആ വിവരം ആദ്യം പറഞ്ഞത് ഒ.എൻ.വിയോടാണ്. യൂണിവേഴ്സിറ്റി ലൈബ്രറേറിയനായ വേലപ്പൻനായരെ അദ്ദേഹം പരിചയപ്പെടുത്തി. ആ സന്ദർഭത്തെക്കുറിച്ച് പിരപ്പൻകോട് രേഖപ്പെടുത്തിയത് വായിക്കാം: 'എന്റെ മനസാകെ അസ്വസ്ഥമായിരുന്നു. നാം ഉടൽപ്പിറപ്പിനെപ്പോലെ സ്നേഹിക്കുന്നവർ പോലും,​ അധികാരമുള്ളവരുടെ പ്രീതിക്കുവേണ്ടി നമ്മെ തള്ളിപ്പറയുന്നതും മുറുകെപ്പിടിക്കുന്ന ആദർശങ്ങൾ പോലും നിസാരമായ ചില സ്ഥാനങ്ങൾ നേടാൻ തള്ളിപ്പറയുന്നതും എല്ലാം നേരിട്ടനുഭവിച്ചു മുറിവേറ്റ മനസുമായി വേലപ്പൻനായരുടെ ശിക്ഷണത്തിൽ ലൈബ്രറിയിൽനിന്നു കിട്ടിയ പുസ്തകങ്ങളും ആർക്കെവ്സിൽ നിന്നു കിട്ടിയ തിരുവിതാംകൂർ ചരിത്രരേഖകളും വായിച്ചുപഠിച്ച് നോട്ടുകൾ തയ്യാറാക്കി. ഇനി എഴുതാതെ വയ്യ എന്ന ഒരവസ്ഥയിൽ എത്തിയപ്പോൾ എഴുതാനിരുന്നു.'

നാടകം പൂർത്തിയായപ്പോൾ ആദ്യം വായിച്ചത് നാടകസംവിധായകൻ പി.കെ. വേണുക്കുട്ടൻനായരാണ്. മുരളിയെപ്പോലെ ഒരാളുടെ പേരിൽ ഇത്തരം ഒരു നാടകം പുറത്തുവരുന്നത് രാഷ്ട്രീയഭാവിയെ തകർക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഒന്നാന്തരം നാടകമാണ്. പക്ഷേ,​ സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചാൽ പാർട്ടിക്ക് പുറത്താകും. എന്നുകൂടി കേട്ട് തളർന്നുപോയ നാടകകൃത്തിനെ ആ പ്രതിസന്ധിയിൽനിന്നു കരകയറ്റിയതും ഒ.എൻ.വിതന്നെ. പ്രൊഫ. എൻ.കൃഷ്ണപിള്ളയുടെയും സംഗീതചക്രവർത്തി ദേവരാജന്റെയും മാത്രമല്ല വി.എസിന്റെയും ടി.കെ. രാമകൃഷ്ണന്റെയും ഉൾപ്പെടെ അനുഗ്രഹത്തോടെയാണ് സ്വാതിതിരുനാൾ അരങ്ങിലെത്തിയത്. സാംസ്കാരികവകുപ്പ് മന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണന്റെ സുതാര്യതയും മഹത്വവും നിശ്ചയദാർഢ്യവും അനാവരണംചെയ്യുന്ന ചില സന്ദർഭങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം വായിക്കുമ്പോൾ അല്പബുദ്ധികളായ ചിലർക്ക് ചൊറിച്ചിലുണ്ടാകാതിരിക്കില്ല. ഒരു നല്ല പുസ്തകം പിറവികൊള്ളുമ്പോൾ അങ്ങനെ ചിലതുകൂടി സംഭവിക്കും.

ഒരു കാര്യംകൂടി ഓർമ്മിക്കാം. അനീതിക്ക് കൂട്ടുനില്ക്കുവരും അവസരവാദികളും കവികളല്ല. കാരുണ്യത്തിന്റെ വഴി സത്യത്തിലേക്കുള്ള രാജപാതയാണെന്നറിയുന്നവരാണ് ലോകത്തെവിടെയും മഹാകവികളായി വാഴ്ത്തപ്പെട്ടിട്ടുള്ളത്. കവികളുടെ കാര്യത്തിൽ മാത്രമല്ല, കവിത തുളുമ്പുന്ന കഥകളും നോവലുകളും നാടകങ്ങളും നിരൂപണങ്ങളും എഴുതുന്നവരും ഈ ഗണത്തിൽ വരും. അധികാരത്തോട് ചേർന്നുനില്ക്കുകയാണെങ്കിലും അതിന്റെ സുഖങ്ങൾ നേടാൻ വേണ്ടി മാത്രം അനീതിക്കു കൂട്ടുനില്ക്കുകയും അവസരവാദികളാവുകയും ചെയ്യാൻ യഥാർത്ഥ എഴുത്തുകാർക്ക് കഴിയില്ല. ഈ തിരിച്ചറിവിന്റെകൂടി മുൻവിധിയോടെയാണ് പിരപ്പൻകോട് മുരളിയുടെ 'എന്റെ ഒ.എൻ.വി' എന്ന പുസ്തകം വായിച്ചത്. വായനക്കാരനെ നവീകരിക്കാനോ തിരുത്താനോ ഉതകുന്നതാവണം സാഹിത്യസൃഷ്ടികൾ എന്ന് കരുതുന്നവരുടെ പക്ഷത്ത് കാലിടറാതെ നിൽക്കാനാഗ്രഹിക്കുന്ന പിരപ്പൻകോട് മുരളിക്ക് ഈ പുസ്തകം അതിനുള്ള ഉത്തരീയമാകട്ടെ എന്ന് ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM, PIRAPPANKODU MURALI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.