വ്യക്തിഗത ഫൈനലിൽ നിന്നും സിമോൺ ബൈൽസ് പിന്മാറി
ടോക്യോ: റിയോ ഒളിമ്പിക്സിൽ നാലു സ്വർണവുമായി സൂപ്പർ താരമായി മാറിയ അമേരിക്കൻ ജിംനാസ്റ്റിക്സ് താരം സിമോൺ ബൈൽസിന് ടോക്യോയിൽ കാര്യങ്ങൾ അത്ര സുഖകരമല്ല. മാനസിക സമ്മർദത്തെത്തുടർന്ന് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് വ്യക്തിഗത ഫൈനലിൽ നിന്നും സിമോൺ പിന്മാറി.നേരത്തേ ടീം ഫൈനലിൽ നിന്നും സിമോൺ പിന്മാറിയിരുന്നു. മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് താരത്തിന്റെ പിന്മാറ്റമെന്ന് അമേരിക്കൻ ജിംനാസ്റ്റിക്സ് അധികൃതർ അറിയിച്ചു.
അടുത്തയാഴ്ച നടക്കാനിരിക്കുന്ന നാല് വ്യക്തിഗത ഫൈനലുകളിലും പങ്കെടുക്കുമോ എന്ന കാര്യം സിമോൺ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.വലിയ പ്രതീക്ഷകളുമായി ടോക്യോയിലെത്തിയ സിമോണിന് ആദ്യ മത്സരത്തിൽ തന്നെ കാലിടറിയിരുന്നു. അഞ്ചുസ്വർണം എന്ന ലക്ഷ്യമായിരുന്നു ടോക്യോയിലെത്തുമ്പോൾ സിമോണിനുണ്ടായിരുന്നത്. എന്നാൽ ഇത് തകർന്നതോടെ സിമോണിന് മത്സരത്തിനിറങ്ങാൻ പോലും കഴിയാതെയായി.തുടർന്നാണ് ടീം ഫൈനലിൽ നിന്ന് പിന്മാറിയത്.ഇതോടെ അമേരിക്കൻ ടീം റഷ്യക്കാരോട് തോൽക്കുകയും ചെയ്തു.
എന്നാൽ വേണ്ടത്ര മനസുഖമില്ലാതെ മത്സരിക്കാൻ താരത്തിനെ നിർബന്ധിക്കില്ലെന്ന് അമേരിക്കൻ ടീം അധികൃതർ പറഞ്ഞു. മാനസികാരോഗ്യത്തിന് മുൻഗണന നൽകാനുള്ള സിമോണിന്റെ ധൈര്യത്തെ പിന്തുണയ്ക്കുന്നെന്നും യു.എസ്.എ ജിംനാസ്റ്റിക്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |