ടോക്യോ : ഷൂട്ടിംഗ് റേഞ്ചിൽ നിരാശ തന്നെ. ഇന്നലെ വനിതകളുടെ 25 മീറ്രർ പിസ്റ്റളിൽ മനു ഭാകറും രാഹി സർണോബതും ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ പുറത്തായി. വ്യാഴാഴ്ച പ്രിസിഷൻ റൗണ്ടിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ്ചെയ്ത് പ്രതീക്ഷ നൽകിയ മനു റാപ്പിഡ് റൗണ്ട് അവസാനിച്ചപ്പോൾ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ആദ്യ എട്ട് സ്ഥാനക്കാരാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. പ്രിസിഷൻ റൗണ്ടിൽ 292 ഉം റാപ്പിഡ് റൗണ്ടിൽ 290ഉം അടക്കം 582 പോയിന്റാണ് മനുവിന് നേടാനായത്. ഏറെ പ്രതീക്ഷയോടെ മത്സരിച്ച മൂന്ന് ഇനങ്ങളിലും ഫൈനലിൽ പോലും എത്താനായില്ലെന്ന സങ്കടത്തോടയാണ് പത്തൊമ്പതുകാരിയായ മനു ടോക്കിയോയിൽ നിന്ന് മടങ്ങുന്നത്.
25 മീറ്രർ പിസ്റ്റളിൽ നിലവിലെ രണ്ടാം റാങ്കുകാരിയായ രാഹിക്ക് റാപ്പിഡ് റൗണ്ട് അവസാനിച്ചപ്പോൾ ആകെ 573പോയിന്റുമായി 31-ാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. വ്യാഴാഴ്ച പ്രിസഷൻ റൗണ്ടിൽ 25-ാം സ്ഥാനത്തായിരുന്നു രാഹി. 44 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. റിയോയിലെ പോലെ തന്നെ ടോക്യോയിലും പിസ്റ്രൾ വിഭാഗത്തിൽ ഒരു മെഡൽ പോലും നേടാനാകാതെയാണ് ഇന്ത്യൻ താരങ്ങൾ മത്സരം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |