SignIn
Kerala Kaumudi Online
Sunday, 26 September 2021 4.38 PM IST

ധർമ്മനീതികൾ താടിവളർത്തി തപസിരിക്കുന്നു

varavisesham

ജൂഡോ,​ ഭാരോദ്വഹനം,​ ജിംനാസ്റ്റിക്സ്,​ നൂറ് മീറ്റർ ഹർഡിൽസ്,​ 400 മീറ്റർ ഹ‌ർഡിൽസ്, ലോംഗ് ജംബ്, ഹൈജംബ് എന്നീ ഇനങ്ങളിൽ ടോക്യോ ഒളിമ്പിക്സിലേക്ക് മന്ത്രി ശിവൻകുട്ടിയണ്ണൻ തീർച്ചയായും പരിഗണിക്കപ്പെടേണ്ടതായിരുന്നു. സുപ്രീംകോടതി വിധി പറയാൻ അല്പം താമസിച്ച് പോയത് കൊണ്ടുമാത്രമാണ് അണ്ണൻ ശ്രദ്ധയിൽപ്പെടാതെ പോയത്. ഇന്ത്യൻ കായികമുതലാളിമാർ അല്ലെങ്കിലും അണ്ണനെ പോലെയുള്ള തൊഴിലാളിവർഗ കായികതാരങ്ങളെ പരിഗണിക്കുമെന്ന് കരുതാനാവില്ല. പക്ഷേ, ടോക്യോയിലെ ആളുകൾ അങ്ങനെയല്ല. അവർക്ക് സ്പോർട്സ്മാൻ സ്പിരിറ്റും തൊഴിലാളിവർഗ താത്‌പര്യവും ഒത്തിണങ്ങിയ പ്രകൃതമാണ്. അതുകൊണ്ട് ഇന്ത്യക്കാർക്ക് താത്‌പര്യമില്ലെങ്കിലും ശിവൻകുട്ടിയണ്ണനെ പോലുള്ള പ്രതിഭകളെ അവർ സ്വന്തം റിസ്കിൽ ഇന്ത്യക്ക് വേണ്ടിത്തന്നെ കളത്തിലിറക്കുമായിരുന്നു എന്നാണ് സകല സിൻഡിക്കേറ്റുകളും പറയുന്നത്. ആ വഴിക്ക് അണ്ണൻ നാല് മെഡലും ഒപ്പിച്ചെടുക്കുമായിരുന്നെന്നും പറയപ്പെടുന്നു.

ഇനിയേതായാലും നമ്മളിവിടെ അങ്ങനെയും ഇങ്ങനെയുമൊന്നും ചിന്തിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യക്ക് നാല് മെഡലുകൾ കിട്ടേണ്ടത് ഇല്ലാതായെന്ന് ഓർക്കുമ്പോഴാണ് അദമ്യമായ നഷ്ടബോധം വന്ന് നമ്മെ പൊതിയുന്നത്.

ശരിക്കും 2015 മാർച്ച് 13 ന്റെ പ്രഭാതത്തിൽ കേരള നിയമസഭയിൽ ഒളിമ്പിക്സിന്റെ യോഗ്യതാ മത്സരമാണ് നിശ്ചയിച്ചിരുന്നത്. ആ യോഗ്യതാ മത്സരത്തിലാണ് തന്റെ സകല കഴിവുകളും ശിവൻകുട്ടിയണ്ണൻ പുറത്തെടുത്തത്. അന്ന് അണ്ണനെ അവിടെ മേശപ്പുറത്ത് വച്ചെന്ന് ചിലർ കളിയാക്കുന്നൊക്കെയുണ്ട്. നിയമസഭയുടെ കാര്യനിർവഹണവും നടപടിക്രമവും സംബന്ധിച്ച് കൃത്യമായ ഒരു ധാരണയുമില്ലാത്ത കൂട്ടരാണ് അത്തരം കളിയാക്കലുകളിൽ ഏർപ്പെടുന്നത്.

നിയമസഭയായാൽ വളരെ സുപ്രധാനമായ ചില രേഖകൾ സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്. അങ്ങേയറ്റം വിലപിടിപ്പുള്ള 'മുതലുകളും' അത്തരത്തിൽ മേശപ്പുറത്ത് വയ്ക്കാം. അതാണ് ആ മാർച്ച് പതിമൂന്നിലും സംഭവിച്ചത്.

അന്നത്തെ നിയമസഭാ സമ്മേളനത്തിനെത്തിയ രാജ്യാന്തര ഒളിമ്പിക്സ് നിരീക്ഷകരെ കണ്ടവരുണ്ട്. അവരന്ന് ശിവൻകുട്ടിയണ്ണന്റെ പ്രകടനത്തിന് നൂറിൽ നൂറ് മാർക്കും രേഖപ്പെടുത്തി യോഗ്യതാറാങ്ക് നിശ്ചയിച്ച് കൊടുത്തിട്ടാണ് മടങ്ങിയത്. പക്ഷേ, പിന്നീട് ചില അൽക്കുൽത്ത് ഏർപ്പാടുകൾക്കിടയിൽ റാങ്ക് പട്ടികയെങ്ങോ കൈമോശം വന്നുപോയി. ഏറ്റവും വിലപിടിപ്പുള്ള കായികതാരം എന്ന നിലയിൽ ശിവൻകുട്ടിയണ്ണന് പ്രത്യേക പരിരക്ഷ ഉറപ്പാക്കണമെന്ന് അന്നത്തെ നിരീക്ഷകർ നിർദ്ദേശിച്ചതിനാൽ കൂടിയാണ് യോഗ്യതാ മത്സരങ്ങൾക്കൊടുവിൽ ആ സഖാവിനെ മേശപ്പുറത്ത് വയ്ക്കാൻ തീരുമാനിച്ചത്. അന്ന് മറന്നുപോയ കാര്യമാണ് ഇക്കഴിഞ്ഞ ദിവസം സുപ്രീംകോടതി ഒന്നുകൂടി ഓർമ്മിപ്പിച്ചത്. പക്ഷേ, അപ്പോഴേക്കും ഒളിമ്പിക്സ് അങ്ങ് ടോക്യോവിൽ ആരംഭിച്ച് പോയിരുന്നു. അതുകൊണ്ട് ആർക്ക് നഷ്ടം?

ഇന്നിപ്പോൾ പ്രതിപക്ഷം ആ കഴിവിനെ അപ്പാടെ റദ്ദാക്കി തള്ളിപ്പറയുന്നത് കാണുമ്പോൾ ഇമ്മാതിരി അരസികന്മാരുടെ കൂട്ടത്തിലാണല്ലോ ഞാൻ ചെന്നു പെട്ടിരിക്കുന്നത് എന്ന് ശിവൻകുട്ടിയണ്ണന് പോലും തോന്നിപ്പോകുന്നുണ്ട്. അനുഭവങ്ങൾ, പാളിച്ചകൾ സിനിമയിലെ സത്യനോടാണ് എന്തിനും ഏതിനും ഹൈ ഡെസിബെൽ ശബ്ദത്തിൽ ബഹളംകൂട്ടി ശീലിച്ചിട്ടുള്ള തൃക്കാക്കരയംഗം പീടി തോമസ് ജി നിയമസഭയിൽ വച്ച് ശിവൻകുട്ടിയണ്ണനെ ഉപമിച്ചു കണ്ടത്.

ആ ഉപമ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ശിവൻകുട്ടിയണ്ണൻ സ്വന്തം താടിയുഴിഞ്ഞുകൊണ്ട് അനുഭവങ്ങൾ പാളിച്ചകളിലെ ആ പാട്ട് ആത്മഗതം പാടിയത്രെ: "ഇവിടെയുയർത്തിയ വിശ്വാസ ഗോപുരങ്ങൾ ഇടിഞ്ഞുവീഴുന്നു, കാറ്റിൽ ഇടിഞ്ഞു വീഴുന്നു... ഈ വഴിത്താരയിൽ ആലംബമില്ലാതെ, ഈശ്വരൻ നിൽക്കുന്നൂ... ധർമ്മനീതികൾ താടി വളർത്തി... തപസിരിക്കുന്നൂ...തപസിരിക്കുന്നൂ..."

.....................................

നിയമസഭാ നടുത്തളം കണ്ടാൽ ഭയപ്പാട് തോന്നുന്ന ഒരു മാതിരി നടുത്തളോ ഫോബിയ ബാധിച്ച പ്രതിപക്ഷത്തെയാണ് ഇപ്പോൾ കണ്ടുവരുന്നത്. അത് സുപ്രീംകോടതിയുടെ ചില ലീലാവിലാസങ്ങളുടെ ഭാഗമായിട്ടാണെന്ന് സങ്കല്പിക്കുന്നവരുണ്ട്. അതല്ല, ആദർശാത്മകവും ക്രിയാത്മകവുമായ പ്രതിപക്ഷത്തിന്റെ അസ്കിത കലശലായതിന്റെ പരിണിതഫലമാണെന്ന് കരുതുന്നവരുമുണ്ട്.

കഴിഞ്ഞ അഞ്ച് വർഷവും എല്ലാ സഭാസമ്മേളനത്തിലും നടുത്തളത്തിലിറങ്ങി ക്ഷീണിച്ച ചെന്നിത്തലഗാന്ധി രമേശ്ജിയുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥ ഓർത്താൽ ആർക്കും ഇത്തരം ഫോബിയകൾ എപ്പോൾ വേണമെങ്കിലും പിടികൂടാം. സഭയ്ക്കകത്ത് നടുത്തളത്തിലിറങ്ങി അതുമിതും കാട്ടിക്കൂട്ടിയാൽ ഇനി സുപ്രീംകോടതി വരെ പോകാവുന്ന കേസായി മാറാനും മതി. അതിനാൽ കുറച്ചുകാലം നടുത്തളോ ഫോബിയ അസുഖം പിടികൂടുന്നത് തന്നെയാണ് നല്ലത്. ഒരു സോഷ്യൽ ഡിസ്റ്റൻസിംഗ് നടുത്തളത്തോട് കാട്ടുന്നത് ആരോഗ്യത്തിനും നല്ലതാണ്.

ഇ-മെയിൽ: dronar.keralakaumudi@gmail.com

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.