SignIn
Kerala Kaumudi Online
Saturday, 27 April 2024 7.29 AM IST

അടച്ചിടൽ നയം മാറ്റാൻ സമയമായി

lock-down

അടച്ചിടലിലൂടെ കൊവിഡ് മഹാമാരിയെ തളയ്ക്കാനാവില്ലെന്ന് തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. മേയ് മുതൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആഴ്ചയിൽ മൂന്നു ദിവസമാണ് കടകളും വ്യാപാരകേന്ദ്രങ്ങളും മറ്റ് സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കടകളും ഭക്ഷ്യശാലകളും മാത്രമാണ് കൂടുതൽ ദിവസം തുറക്കുന്നത്. മറ്റെല്ലാ മേഖലകളും ആഴ്ചകളായി പ്രവർത്തനരഹിതമാണെന്നു പറയാം. ഇതിന്റെ ആഘാതം എത്ര ഗുരുതരമാണെന്ന് ഇതിനകം ബോദ്ധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് നിലവിലെ അടച്ചിടൽ ശൈലിയിൽ മാറ്റത്തെക്കുറിച്ച് സർക്കാർ ചിന്തിച്ചു തുടങ്ങിയത്. എന്തൊക്കെ മാറ്റങ്ങൾ വേണമെന്നു നിർദ്ദേശിക്കാൻ വിദഗ്ദ്ധ സമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. ബുധനാഴ്ചയ്ക്കു മുമ്പ് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

വ്യാപാരസ്ഥാപനങ്ങളുൾപ്പെടെ സകലതും അടച്ചിട്ടുകൊണ്ട് കൊവിഡിനെ തടയാൻ നടത്തിയ ശ്രമം ജനജീവിതത്തെ എത്രമാത്രം ദുരിതമയമാക്കിയെന്ന് നാട്ടിൽ ഒന്നിറങ്ങി നോക്കിയാലേ മനസിലാവൂ. ലക്ഷക്കണക്കിനാളുകളുടെ ഉപജീവന മാർഗമാണ് അടച്ചിടൽ കാരണം അടഞ്ഞിരിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും അനേകം കുടുംബങ്ങളെ വഴിയാധാരമാക്കാൻ മാത്രമേ അനിശ്ചിതമായ അടച്ചിടൽ ഉപകരിച്ചിട്ടുള്ളൂ. ടി.പി.ആർ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഇപ്പോഴത്തെ സമ്പ്രദായം അശാസ്ത്രീയമെന്നു മാത്രമല്ല ലക്ഷ്യപ്രാപ്തിയിലെത്താൻ സഹായകമാവില്ലെന്നാണ് മെഡിക്കൽ രംഗത്തെ പ്രമുഖരുടെ അഭിപ്രായം. തിരക്കും രോഗവ്യാപനവും വർദ്ധിപ്പിക്കാനേ ഇത്തരം നിയന്ത്രണങ്ങൾ ഇടവരുത്തൂ.

ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തൊഴിൽ മേഖലകളിൽ സൃഷ്ടിക്കുന്ന അതീവ ദോഷകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സർക്കാർ വിശദ പഠനം നടത്തിയിട്ടുണ്ടോ എന്നറിയില്ല.. നടന്നിരുന്നെങ്കിൽ ഇതിന്റെ രൂക്ഷത ബോദ്ധ്യമാകുമായിരുന്നു. നിൽക്കക്കള്ളിയില്ലാതെ പതിനായിരക്കണക്കിനു കൊച്ചുകൊച്ചു കടകൾ പ്രവർത്തനം നിറുത്തേണ്ടിവന്നു. പുറത്തിറങ്ങാൻ അനുവാദമില്ലാതായതോടെ ജനങ്ങൾ വളരെ അത്യാവശ്യ കാര്യങ്ങൾക്കേ വീടുവിട്ടിറങ്ങാറുള്ളൂ. സ്ഥാപനങ്ങൾ നിശ്ചിതദിവസം മാത്രം തുറക്കുന്നതിനാൽ ആ ദിവസങ്ങളിൽ എല്ലായിടത്തും വലിയ തിരക്കാണ്. നിയന്ത്രണങ്ങളിൽ ജീവിതം തീർത്തും വഴിമുട്ടിയപ്പോൾ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തവരുണ്ട്. അത്തരത്തിലൊരു സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് വ്യവസായമന്ത്രി നിയമസഭയിൽ പറഞ്ഞതെങ്കിലും അതാണ് യാഥാർത്ഥ്യമെന്ന് അറിയണം. വ്യാപാര - വ്യവസായ മേഖലയ്ക്ക് സർക്കാർ നൽകുന്ന കൊവിഡ്‌കാല സഹായം അപര്യാപ്തമാണെന്ന് മുൻ ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പരമ്പരാഗത മേഖലകളിലുള്ളവരുൾപ്പെടെ പലരും വലിയ ദുരിതത്തിലൂടെയാണു കടന്നുപോകുന്നത്. പൊതുപരിപാടികൾക്കും ആഘോഷങ്ങൾക്കും നിരോധനമുള്ളതിനാൽ ആ രംഗത്തെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ആയിരങ്ങൾ കൊടിയ വറുതിയിലാണ്. കയർ, കൈത്തറി, കശുഅണ്ടി തൊഴിലാളികളുടെ ദുരിതവും കൊവിഡ് കാലമായതിനാൽ പതിന്മടങ്ങ് വർദ്ധിച്ചു.

കൊവിഡ് മഹാമാരി ദീർഘകാലം നീണ്ടുനിൽക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ നേരത്തെ മുന്നറിയിപ്പു നൽകിയതാണ്. അതിനൊപ്പം ജീവിക്കാനുള്ള തന്ത്രങ്ങൾ സ്വായത്തമാക്കുകയാണു വേണ്ടതെന്നും അവർ ഉപദേശിച്ചിരുന്നു. എല്ലാം അടച്ചിട്ട് രോഗത്തെ തടയാമെന്ന മിഥ്യാധാരണ പല രാജ്യങ്ങളും ഉപേക്ഷിച്ചുകഴിഞ്ഞു. ഇന്ത്യയിൽത്തന്നെ പല സംസ്ഥാനങ്ങളിലും രോഗവ്യാപനം ഫലപ്രദമായി കുറയ്ക്കാൻ കഴിഞ്ഞു. കേരളം ഉൾപ്പെടെ ചുരുക്കം സംസ്ഥാനങ്ങളാണ് ഇപ്പോഴും രോഗവ്യാപനത്തിൽ മുന്നിലുള്ളത്. ജീവിതമാർഗങ്ങൾ തുടർച്ചയായി അടച്ചിട്ടുകൊണ്ട് കൊവിഡിനെ നേരിടുകയെന്ന തന്ത്രം നിഷ്‌ഫലമാണെന്നു കണ്ട സ്ഥിതിക്ക് നയം മാറ്റുകയാവും അഭികാമ്യം. ഉദ്യോഗസ്ഥരുടെയും പൊലീസ് മേധാവികളുടെയും മാത്രം അഭിപ്രായം കേട്ട് തീരുമാനമെടുക്കുന്നതിനു പകരം ആരോഗ്യവിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCK DOWN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.