SignIn
Kerala Kaumudi Online
Friday, 26 April 2024 8.04 AM IST

വൃക്ക മാറ്റിവച്ചവർക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത്

t

അർഹതയുള്ളവർക്ക് ഒരു ലക്ഷം രൂപ വീതം നൽകും

കൊല്ലം: കഴിഞ്ഞ ജനുവരി മുതൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുന്ന ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതി ആശ്വാസമാകുന്നു. അടുത്ത ആഴ്ച മന്ത്രി കെ.എൻ.ബാലഗോപാൽ ആദ്യ ധനസഹായ വിതരണം നിർവഹിക്കും. ഈ വർഷം ഇതിനകം വൃക്ക സ്വീകരിച്ച 22 പേരുടെ അപേക്ഷകൾ ജില്ലാ പഞ്ചായത്തിൽ ലഭിച്ചിട്ടുണ്ട്. ഇതിൽ നിന്ന് അർഹതയുള്ള 19 പേർക്ക് സഹായധനം നൽകും. 5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൃക്കരോഗികളെ സഹായിക്കാനായി ജീവനം കിഡ്നി വെൽഫെയർ ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി 17 അംഗ കമ്മിറ്റിയാണ് ഫൗണ്ടേഷന് നേതൃത്വം വഹിക്കുന്നത്. ജില്ലാ-ബ്ളോക്ക്-ഗ്രാമപഞ്ചായത്തുകളുടെ വിഹിതവും പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും സ്വീകരിച്ചാണ് സേവന പ്രവർത്തനങ്ങൾ. ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സംവിധാനം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് ആദ്യം ഏറ്റെടുത്തത്. നിലവിൽ 20 ഡയാലിസിസ് യൂണിറ്റുകളുണ്ട്. ഐസൊലേഷൻ സൗകര്യമുള്ളതടക്കം 10 യൂണിറ്റുകൾ കൂടി ഉൾപ്പെടുത്തി 4 ഷിഫ്റ്റുകളിലായി ദിനംപ്രതി 120 പേർക്ക് ഡയാലിസിസ് നൽകുന്ന പ്രവർത്തനങ്ങൾ സജ്ജമാക്കിയത് ജീവനം ഫൗണ്ടേഷനാണ്. ഇതിൽ മൂന്ന് യൂണിറ്റുകൾ എയ്ഡ്സ്, കൊവിഡ് രോഗികൾക്ക് ഉപയോഗിക്കാൻ സംവിധാനമുള്ളതാണ്.

ജില്ലാ ആശുപത്രിക്ക് പുറമേ കടയ്ക്കൽ, പുനലൂർ, ശാസ്താംകോട്ട, കൊട്ടാരക്കര, നീണ്ടകര താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗജന്യമാക്കിയത് ജീവനം ഫൗണ്ടേഷനാണ്. നെടുങ്ങോലം രാമറാവു ആശുപത്രിയെക്കൂടി ഉടൻ ഉൾപ്പെടുത്തും.

.................................

₹ 2.5 കോടി: ജീവനം ഫൗണ്ടേഷന്റെ അക്കൗണ്ടിലുള്ളത്

₹ 550: ഒരു ഡയാലിസിസിന് ആശുപത്രികൾക്ക് ജീവനം നൽകുന്നത്

₹ 5 ലക്ഷം: വാർഷിക വരുമാനം അഞ്ചുലക്ഷത്തിൽ കവിയരുത്

....................................

 മെഡിക്കൽ സ്റ്റോർ ഉടൻ

വൃക്കരോഗികൾക്കുള്ള എല്ലാ മരുന്നുകളും ലഭ്യമാക്കുന്ന മെഡിക്കൽ സ്റ്റോർ ഉടൻ കൊല്ലത്ത് പ്രവർത്തനം തുടങ്ങും. സൗജന്യ നിരക്കിലാകും ആദ്യം മരുന്ന് നൽകുന്നത്. ഘട്ടംഘട്ടമായി മരുന്നുകൾ സൗജന്യമാക്കാനും ഫൗണ്ടേഷൻ ആലോചിക്കുന്നുണ്ട്. വൃക്കരോഗികളെ ചികിത്സയ്ക്ക് കൊണ്ടുവരാനും മറ്റും വാഹനവും ഉടൻ ലഭ്യമാക്കും

............................

ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് തുടങ്ങിയ ജീവനം കിഡ്നി വെൽഫെയർ ഫൗണ്ടേഷൻ വൃക്കരോഗികളെ ചേർത്തുപിടിച്ച് ചെറിയകാലം കൊണ്ട് ശ്രദ്ധേയ പ്രവ‌ർത്തനങ്ങൾ നടത്തി. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് ഒരു ലക്ഷം രൂപ നൽകുന്ന പദ്ധതി രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങുകയാണ്. വൃക്കരോഗ ബാധിതർക്ക് മരുന്ന്, സൗജന്യ ഡയാലിസിസ്, സാമ്പത്തിക സഹായം എന്നിവയ്ക്കുപുറമേ വൃക്ക സംബന്ധമായ അസുഖങ്ങൾ ബാധിക്കാതിരിക്കുന്ന തിനുള്ള പ്രതിരോധപ്രവർത്തനങ്ങൾ കൂടി ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ട്.

അഡ്വ.സാം കെ.ഡാനിയേൽ, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്

................................

ജീവനം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ നിന്നു വലിയ പ്രോത്സാഹനം ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ടും ലഭിക്കുന്നു. വൃക്കരോഗികളുടെ കരുതലാണ് ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. രോഗം വരാതിരിക്കാനുള്ള ബോധവത്കരണവും തുടങ്ങുന്നുണ്ട്. സ്കൂൾ, കോളേജ് തലങ്ങളിലുൾപ്പടെ ജീവിത ശൈലി, ആഹാര രീതി എന്നിവയുൾപ്പടെ വിഷയമാക്കി ബോധവത്കരണം നടത്തും

കെ.പ്രസാദ്, സെക്രട്ടറി, ജില്ലാ പഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.