കോഴിക്കോട്: ഇന്ത്യൻ പനോരമയിൽ മികച്ച ഭാഷാചിത്രത്തിനുള്ള പുരസ്കാരവും മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ച 'കെഞ്ചിര" ആഗസ്റ്റ് 17ന് ആക്ഷൻ ഒ ടി ടി യിലൂടെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചിത്രത്തിന്റെ ട്രെയ്ലർ റസൂൽ പൂക്കുട്ടി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് പ്രകാശനം ചെയ്യും.
പൊതുസമൂഹത്തിന്റെ ക്രൂരതയിൽ സ്വന്തം മണ്ണിൽ നിന്നു പറിച്ചെറിയപ്പെട്ട ആദിവാസി ജനതയുടെ കഥയാണ് 'കെഞ്ചിര" യുടേത്. വയനാട്ടിലെ പണിയ സമൂഹത്തിന്റെ ജീവിതപശ്ചാത്തലത്തിലൂടെ അതിജീവന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ്. 100 രൂപയാണ് സിനിമയുടെ സ്ക്രീനിംഗ് ഫീ. നേര് ഫിലിംസും മങ്ങാട് ഫൗണ്ടേഷനും ചേർന്നു നിർമ്മിച്ച സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത് മനോജ് കാനയാണ്.
വാർത്താസമ്മേളനത്തിൽ നേര് കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് പി.കെ പ്രിയേഷ്കുമാർ, സംവിധായകൻ മനോജ് കാന, നായകൻ വിനുഷ് രവി, നായിക വിനു കുഴിഞ്ഞങ്ങാട്, നടൻ കെ. വി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |