കോഴിക്കോട്: ശബരിമല - മാളികപ്പുറം മേൽശാന്തി നിയമനത്തിലെ ജാതിവിവേചനത്തിനെതിരെ എസ്.എൻ.ഡി.പി വൈദികയോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ കിഡ്സൺ കോർണറിൽ നാമജപ പ്രതിഷേധം നടത്തി. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി സമരം ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളിലെ മേൽശാന്തി നിയമനത്തിലുള്ള ജാതിവിവേചനം അവസാനിപ്പിക്കാൻ പിണറായി വിജയൻ സർക്കാർ ചങ്കൂറ്റം കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷനായിരുന്നു. ഹനുമാൻസേന സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ ചന്ദ്രൻ പാലത്ത്, പി.കെ.വിമലേശൻ, പി.വി സുരേഷ് ബാബു, ഗണേശൻ പോലൂർ എന്നിവർ പ്രസംഗിച്ചു. വൈദികയോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് പി.എസ് തങ്കപ്പൻ ശാന്തി സ്വാഗതവും സെക്രട്ടറി ചുള്ളിയിൽ സുനിൽശാന്തി നന്ദിയും പറഞ്ഞു.
ദേവസ്വം ബോർഡുകളിലെ ജാതിവിവേചനം അവസാനിപ്പിക്കുക, 2016-ലെ ദേവസ്വം ബോർഡ് ഉത്തരവ് നടപ്പാക്കുക, മലയാളി ബ്രാഹ്മണൻ എന്ന വേർതിരിവ് അവസാനിപ്പിക്കുക, ശാന്തിക്കാരെ അയിത്തം കല്പിച്ച് മാറ്റി നിറുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |