SignIn
Kerala Kaumudi Online
Friday, 26 April 2024 6.26 AM IST

പ്രേമപ്പകയും ഭീതിയുടെ ആകാശവും

illustration

ഷെയ്ക്സ്പിയറുടെ നായികമാരിൽ കുലീനതയും സ്വഭാവമഹിമയും സൗന്ദര്യവും കൊണ്ട് മുൻനിരയിലാണ് ഡെസ്ഡിമോണ. സുന്ദരന്മാരും സമ്പന്നരുമായ പലരും ഡെസ്ഡിമോണയെ സ്വന്തമാക്കാൻ ആഗ്രഹിച്ചെങ്കിലും ഒഥല്ലോയോടായിരുന്നു അവൾക്ക് പ്രേമം. പിതാവിനെ ധിക്കരിച്ച് കറുത്തവർഗക്കാരനായ ഒഥല്ലോയ്ക്കൊപ്പം ഇറങ്ങിപ്പോയ അവളുടെ പ്രാണൻ സംശയത്തിന്റെ തൂവാലയിൽ കുരുങ്ങി തകർന്നടിയുന്ന കഥയാണ് ഒഥല്ലോയിൽ ദൃശ്യമാകുന്നത്. വെനീസ് സൈനിക ഉദ്യോഗസ്ഥനായ ഒഥല്ലോയുടെ വിശ്വസ്ത സൈനികനായിരുന്നു കാഷ്യോ. അയാളിലൂടെ കീഴ്ജീവനക്കാരനായ ഇയാഗോ ഒരുക്കിയ കെണിയിൽ താൻ വീഴുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞ ഒഥല്ലോ ഡെസ്ഡിമോണയെ കഴുത്ത് ഞെരിച്ച് കൊല്ലേണ്ടിവന്ന ദുഃഖം താങ്ങാനാവാതെ ജീവനൊടുക്കി. പ്രണയസാക്ഷാത്‌കാരത്തിനായി പ്രാണൻ വെടിയുന്ന കഥകൾ ലോകസാഹിത്യത്തിലെന്നപോലെ മലയാളത്തിലുമുണ്ട് ധാരാളം. പ്രേമത്തിന്റെ ആത്മീയചാരുതയാണ് ആശാൻ കവിതകളിൽ കാണുന്നത്. ദിവാകരന്റെ മാറിൽവീണ് തന്റെ ജീവിതയാത്ര അവസാനിപ്പിക്കുന്ന നളിനിയും മദനനോടൊപ്പം രേവാനദിയുടെ ആഴങ്ങളിലേക്കു കുതിക്കുന്ന ലീലയും പ്രേമസായൂജ്യത്തിന്റെ അചുംബിതമായ ഭാവമാണ് അനാവൃതമാക്കുന്നത്.

'കന്യമാർക്ക് നവാനുരാഗങ്ങൾ

കമ്രശോണ സ്ഫടികവളകൾ

ഒന്നു പൊട്ടിയാൽ മറ്റൊന്ന് '- എന്നെഴുതിയ വൈലോപ്പിള്ളി തന്നെയാണ്

'മറ്റ് പൂച്ചെടി ചെന്നുതിന്നാനെൻ

കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം'- എന്നും എഴുതിയത്.

'രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു. അടിമയുടെ ചുമലുകളിൽ ചിറകുകൾ മുളയ്ക്കുന്നു. ലോകം യഥാർത്ഥവും സ്പർശനീയവുമാകുന്നു.' എന്ന് ഒക്ടോവിയപാസ് എഴുതുമ്പോൾ പ്രണയത്തിന്റെ മാസ്മരിക കാന്തിയാണ് തെളിയുന്നത്.

'എങ്ങിരുന്നാലും നിന്റെ മുടിപ്പൂവുകൾക്കുള്ളിൽ

മഞ്ഞുതുള്ളിയായെൻ കണ്ണുനീർക്കണം കാണും'-എന്നായിരുന്നു ചങ്ങമ്പുഴയുടെ സങ്കല്പം. കൊടുങ്കാറ്റിൽപ്പെട്ട ഒരു കടൽയാത്രയ്ക്കുശേഷം മടങ്ങിയെത്തിയ ഒഥല്ലോയെ സ്വീകരിക്കുന്ന ഡെസ്ഡിമോണയോട് ഒഥല്ലോ പറയുന്നു: 'ഓരോ കൊടുങ്കാറ്റിനു ശേഷവും ഇത്തരം ശാന്തിയെത്തുമെങ്കിൽ കൊടുങ്കാറ്റ് പിന്നെയും വീശട്ടെ' യെന്ന്. ഒഥല്ലോയുടെ കഥയിൽ ഒരു വില്ലനുണ്ട്- ഇയാഗോ. പക്ഷേ, സമീപകാലത്ത് ഇവിടെ സംഭവിക്കുന്ന പ്രേമക്കുരുതികളിൽ അങ്ങനെയൊരു വില്ലനില്ല. സ്വയം രൂപപ്പെടുന്ന പകയും വിഷാദരോഗവുമാണ് വില്ലനായി മാറുന്നത്. അനുരാഗത്തിന്റെ കരിക്കിൻവെള്ളം നുണഞ്ഞവർ തന്നെ അത് വിഷക്കള്ളാണെന്ന് തിരിച്ചറിയുകയും നൈരാശ്യത്താൽ അവിവാഹിതരായി ജീവിക്കുകയും താടിയും മുടിയും വളർത്തി നിരാശാകാമുകന്മാരായി ശേഷജീവിതം തള്ളിനീക്കുകയും ചെയ്യുന്ന നാടാണ് ഇന്നും കേരളം.

രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളുടെ കാരണം തേടിയാൽ മൂന്നാം സ്ഥാനത്താണ് പ്രണയം. വ്യക്തിവൈരാഗ്യവും സ്വത്ത് തർക്കവുമാണ് മറ്റ് കാരണങ്ങൾ. സോഷ്യൽമീഡിയ പ്രേമങ്ങളാണ് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നത്. ആനപ്പകയേക്കാൾ മാരകമാണ് പ്രേമപ്പക എന്നാണ് സമീപകാലസംഭവങ്ങൾ പഠിപ്പിക്കുന്നത്.

പ്രണയം ഒരു രോഗമാണെന്നും കൊവിഡിനെക്കാൾ മാരകമാണെന്നും മലയാളികളെ ഓർമ്മിപ്പിക്കുകയായിരുന്നു മാനസയും രഗിലും. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് കണ്ണൂർ നാറാത്തെ പി.വി.മാനസയും തലശ്ശേരി മേലൂർ സ്വദേശി രഗിലും പരിചയപ്പെട്ടത്. മോഡലുകളെപ്പോലെ പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിലും മറ്റും രഗിൽ പങ്കുവച്ചിരുന്നത്. ബെംഗളൂരുവിൽനിന്ന് എം.ബി.എ പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുന്നു. എറണാകുളത്തും കണ്ണൂരിലുമായി താമസം. പ്രൊഫൈലിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഇതായിരുന്നു. നല്ല വരുമാനമുള്ള പയ്യൻ. കോതമംഗലത്ത് ബി.ഡി.എസിനു പഠിക്കുകയായിരുന്ന മാനസയ്ക്ക് രഗിലിനോട് താത്പര്യം തോന്നിയതും ഇതുകൊണ്ടായിരിക്കാം. എന്നാൽ, രഗിലിന് കാര്യമായ ജോലിയോ വരുമാനമോ ഇല്ലെന്നും സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളിൽ കാണുന്നതു പോലെയല്ല യാഥാർത്ഥ്യമെന്നും മാനസ തിരിച്ചറിഞ്ഞതോടെ പ്രണയം ഭാരമായി. എങ്ങനെയും അതിറക്കിവച്ച് രക്ഷപ്പെടുക എന്നതായി ലക്ഷ്യം. മാസങ്ങൾക്കുള്ളിൽ വളരെ അടുപ്പത്തിലായ മാനസയെ നഷ്ടപ്പെടുത്താൻ രഗിലിന് കഴിയുമായിരുന്നില്ല. ആദ്യപ്രണയത്തിന്റെ പരാജയത്തിൽ നിന്ന് രഗിൽ കരകയറിയത് മാനസയുമായുള്ള ബന്ധത്തിലൂടെയായിരുന്നു. അതും നഷ്ടപ്പെട്ടതോടെ ജീവിതം തകർന്നതായി രഗിലിന് തോന്നുന്നു. അക്കാര്യം തന്റെ സഹോദരനോടും സുഹൃത്തുക്കളോടും അയാൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇരുവരുടെയും മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ എസ്.പിയുടെ മുന്നിൽ നടന്ന വേർപിരിയൽ ഒത്തുതീർപ്പിൽ കുനിഞ്ഞ ശിരസുമായിരുന്ന രഗിലിന്റെ ഉള്ളിൽ പക ആളിക്കത്തുകയായിരുന്നെന്ന് അപ്പോൾ ആരും അറിഞ്ഞിരുന്നില്ല.

കൂട്ടുകാർക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ രഗിലിനെ കണ്ട് ഞെട്ടിയ മാനസ - ‘ഇയാൾ എന്തിനാണ് ഇവിടെ വന്നത്’ എന്നുചോദിച്ചു തീരും മുമ്പ് കൈയിൽ പിടിച്ച് വലിച്ച് മുറിയിലേക്ക് കൊണ്ടുപോയി. വീട്ടുടമസ്ഥയെ കൂട്ടുകാർ വിവരമറിയിക്കാൻ പോയതിനിടെ രണ്ടു വെടിയുണ്ടകൾ മാനസയുടെ ജീവൻ കവർന്നു. സ്വയം വെടിയുതി‌ർത്ത് രഗിലും ജീവനൊടുക്കി. ഒരു മാസം മുമ്പ് കോതമംഗലത്ത് എത്തിയ രഗിൽ വാടകയ്ക്ക് മുറിയെടുത്താണ് കൊലപാതകം ആസൂത്രണംചെയ്തത്. അതിനായി പിസ്റ്റൾ സംഘടിപ്പിച്ച് പരിശീലനവും നേടിയിരുന്നു. എന്നിട്ടെന്ത് നേടി? വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന മാതാപിതാക്കൾക്ക് അവരുടെ വിലപ്പെട്ട മക്കളെ നഷ്ടമായി. മാദ്ധ്യമങ്ങൾക്ക് ദിവസങ്ങളോളം ചൂടുള്ള വാർത്തയുമായി. കവികൾ പാടിപ്പുകഴ്ത്തിയ പ്രേമം പിഴച്ച കാൽവയ്പായി മാറുന്നത് ഇത്തരം പരിതോവസ്ഥയിലാണ്.

വിവാഹമാർക്കറ്റല്ല പ്രേമത്തിന്റെ പുൽമേടും കടൽത്തീരവും എന്ന് തിരിച്ചറിയാനാവാത്തതാണ് പുതുതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏതോ രസികൻ പറഞ്ഞതുപോലെ ഒൻപത് ദിവസത്തെ അദ്ഭുതമാകാം പ്രേമം. പക്ഷേ, അത് അദ്ഭുതമാണ് എന്നത് വളരെ പ്രധാനമാണ്. ദയാരഹിതമായ ലോകത്ത് ഒറ്റപ്പെട്ടു പോകാതിരിക്കാനുള്ള പിടിവള്ളിയാണ് പലർക്കും അനുരാഗം. പ്രണയം തുടങ്ങുന്നതും അവസാനിക്കുന്നതും കണ്ണുകളിലൂടെയാണെന്നാണ് ഷെയ്ക്സ്പിയർ പറഞ്ഞിട്ടുള്ളത്. മനസിന്റെ വാതായനങ്ങൾ തുറന്നുനൽകുന്ന ദർശനസൗഭാഗ്യമാണത്. ഹൃദയത്തിന്റെ ഏറ്റവും ഇരുണ്ട കോണുകളിലേക്ക് പ്രവേശനം നൽകുന്ന സ്വകാര്യദർശനം. ഏത് നിമിഷവും വീണുടഞ്ഞു പോകാവുന്ന സ്ഫടികഗോളമല്ല അത്. കരുതലോടെ പരിപാലിച്ചാൽ സ്വയം വെളിച്ചമാകുന്ന അത്ഭുതം. ഈ അത്ഭുതം അഗ്നിക്കും തോക്കിനും കൊലക്കത്തിക്കും ഇരയാകാതിരിക്കണം. അതിനുള്ള മാനസികനിലയാണ് രൂപപ്പെടേണ്ടത്. വീറും വാശിയുമല്ല, വിട്ടുവീഴ്ചയും തിരിച്ചറിയലുമാണ് സ്നേഹത്തിന്റെ ഉത്പ്രേരകം. വീടും നാടും പാഠശാലകളും അത്തരം പരിതോവസ്ഥയാണ് തെളിച്ചു നൽകേണ്ടത്. അനുരാഗം ഉദിക്കേണ്ടതും അസ്തമിക്കേണ്ടതും ശവപ്പറമ്പിലല്ല. സ്നേഹത്തിന്റെ ചക്രവാളത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALLUM NELLUM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.