SignIn
Kerala Kaumudi Online
Saturday, 27 April 2024 7.55 AM IST

അടർന്നു വീഴുന്ന കുരുന്നുകൾ

child

ഓൺലൈൻ പഠനത്തിനായി മകന് മൊബൈൽ ഫോൺ നൽകിയ ശേഷം ജോലിക്ക് പോയി തിരികെവന്ന അമ്മ കണ്ടത് മകന്റെ ചേതനയറ്റ ശരീരമാണ്. വലിയ തുകയ്ക്ക് ഫോൺ റീചാർജ് ചെയ്ത് ഗെയിം കളിച്ചത് ചോദ്യം ചെയ്തതിനായിരുന്നു കട്ടപ്പനയിൽ 14കാരൻ ജീവനൊടുക്കിയത്. സഹോദരങ്ങളുമായി ടി.വി കാണുമ്പോൾ റിമോട്ടിനായി വഴക്കിട്ടതിനായിരുന്നു തൊടുപുഴയിൽ 11കാരി തന്റെ മുറിയിൽ കയറി തൂങ്ങിമരിച്ചത്. ഒരു മാസത്തിനിടെ ഇങ്ങനെ നിസാര കാര്യങ്ങൾക്കായി അഞ്ച് കുട്ടികളാണ് ഇടുക്കി ജില്ലയിൽ ജീവനൊടുക്കിയത്. ഒന്നരവർഷത്തിനിടെ ഇത്തരത്തിൽ ജീവിതം അവസാനിപ്പിച്ച കുട്ടികളുടെ എണ്ണം 25 ആണെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. കളിചിരികൾ വിട്ടുമാറാത്ത പ്രായത്തിൽ ജീവിതംതന്നെ അവസാനിപ്പിച്ചേക്കാമെന്ന് അവർ തീരുമാനിക്കുന്നതിന് പിന്നിലെ ദുരൂഹതകൾ ഒരു വലിയ കുടുംബസാമൂഹിക അരക്ഷിതാവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. എങ്ങനെയും പുറത്തേക്ക് ചാടി മരണത്തെ എത്തിപ്പിടിച്ചേക്കാം എന്ന് തോന്നുംവിധം അവർക്ക് ജീവിതം അത്രമേൽ അസഹനീയമായ ഒരു കുരുക്കായി എങ്ങനെയാണ് മാറിയതെന്ന് മാതാപിതാക്കൾ മാത്രമല്ല, നമ്മുടെ സർവ സാമൂഹിക സാഹചര്യങ്ങളും ഉത്തരം കണ്ടെത്തേണ്ട ചോദ്യമാണ്.

കുട്ടികളുടെ ആത്മഹത്യാ കാരണങ്ങളെക്കുറിച്ച് മിക്കപ്പോഴും നമ്മുടെ ഭരണാധികാരികളടക്കം നിസാരവത്കരിച്ചാണ് സംസാരിക്കാറുള്ളത്. അമ്മയും അച്ഛനും ശകാരിച്ചതിനു ആത്മഹത്യ ചെയ്യേണ്ടതുണ്ടോ? ടി.വിയും മൊബൈൽ ഫോണും അമിതമായി ഉപയോഗിക്കുന്നത് എതിർത്തതിന് ആരെങ്കിലും ജീവിതം അവസാനിപ്പിക്കുമോ എന്നൊക്കെ ആളുകൾ ചോദിക്കുന്നതു കേട്ടിട്ടുണ്ട്. എന്നാൽ പലപ്പോഴും അവയെല്ലാം പുറത്തു കേൾക്കുന്ന കാരണങ്ങളായിരിക്കും. ഗുരുതരമായ മറ്റു പല കാരണങ്ങളായിരിക്കും അവർ സ്വയം ജീവനൊടുക്കിയതിന്റെ പശ്ചാത്തലം. ഈ നിസാരവത്കരണത്തിനു മുതിരുന്നതിനു മുമ്പേ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് അന്വേഷിക്കുകയാണ് വേണ്ടത്.

കുടുംബാംഗങ്ങൾക്കിടയിൽ നിന്ന് തന്നെയുള്ള ലൈംഗികാതിക്രമം, കുടുംബത്തിലെ മുതിർന്നവർക്കിടയിലെ സംഘർഷം, സാമൂഹ്യബന്ധങ്ങൾ നഷ്ടമാകുന്നതു വഴി സൃഷ്ടിക്കപ്പെടുന്ന പിരിമുറുക്കം, ദാരിദ്ര്യം സൃഷ്ടിക്കുന്ന അപകർഷ ബോധവും മാനസികസംഘർഷവും ഇങ്ങനെ ഒട്ടനവധി കാരണങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിലേക്കൊന്നും അന്വേഷണം പോകാതെ അവന്/അവൾക്ക് അമ്മയോടും അച്ഛനോടും സ്നേഹമുണ്ടോ? ഉണ്ടായിരുന്നെങ്കിൽ അവരെ വേദനിപ്പിക്കുന്ന ഒരു കടുംകൈയ്ക്ക് ഇങ്ങനെ മുതിരുമായിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കൊണ്ട് യഥാർത്ഥ പ്രശ്നത്തെ മറച്ചുപിടിക്കുകയാണ് നമ്മുടെ പതിവ്.

പ്രശ്‌നം കണ്ടെത്താനും പരിഹാരം നിർദേശിക്കാനും സർക്കാർ തലത്തിലുള്ള സംവിധാനങ്ങൾ ഫലവത്താകാത്തതാണ് ആത്മഹത്യകൾ കൂടാൻ കാരണമെന്നാണ് നിരീക്ഷകർ പറയുന്നത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റോ ശിശുക്ഷേമസമിതിയോ ബാലാവകാശ കമ്മിഷനോ പോലുള്ള സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ ഫലവത്താകുന്നില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്റ്റുഡന്റ്‌സ് പൊലീസിന്റെ സഹകരണത്തോടെ 'ചിരി' എന്ന പേരിൽ കുട്ടികൾക്കായി മാനസിക ഉല്ലാസ പരിപാടി നടത്തുന്നുണ്ടെങ്കിലും വിജയകരമാകുന്നില്ലെന്ന് പറയേണ്ടിവരും.

പലപ്പോഴും അവർ ഒരു കുട്ടിക്കളിയായി ആത്മഹത്യയെ കണ്ടതുകൊണ്ടോ കാര്യ ഗൗരവമില്ലായ്മ മൂലമോ അല്ല ആത്മഹത്യയിലേക്ക് പോകുന്നത്. വിഷമങ്ങൾ മനസിലാക്കാനും തുറന്നു ചർച്ച ചെയ്യാനും കൃത്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനുമുള്ള മുതിർന്നവരുടെ അഭാവവും കുട്ടികളിൽ നിരാശ ജനിപ്പിക്കുന്നു. വിഷാദ രോഗവും കുട്ടികളിൽ വർദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്ലാസുകളെല്ലാം ഓൺലൈൻ മാത്രമായപ്പോൾ കുട്ടികളുടെ നിയന്ത്രണത്തിലായി ഫോണും കമ്പ്യൂട്ടറും. ലോക്ക് ഡൗൺ മൂലം പുറത്തുള്ള കളികൾ കുറഞ്ഞതോടെ കുട്ടികൾ ഫുൾടൈം ഓൺലൈൻ മൊബൈൽ ഗെയിമുകളുടെ ലോകത്തായി. മാതാപിതാക്കൾ പറയുന്നതെല്ലാം തെറ്റും സുഹൃത്തുക്കൾ പറയുന്നതെല്ലാം ശരിയുമെന്ന് ചിന്തിക്കുന്ന സമയമാണ് കൗമാരം. ഈ ചിന്തകൾക്ക് ഒറ്റമൂലിയില്ല. ഇതിനെ ബുദ്ധിപൂർവം രക്ഷിതാക്കൾ നേരിടണം. അവരിൽ വലിയ സ്വാധീനം ചെലുത്തുന്ന സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ എങ്ങനെ നല്ല രീതിയിൽ വിനിയോഗിക്കാം എന്ന് വളരുന്ന പ്രായത്തിൽത്തന്നെ പറഞ്ഞുകൊടുക്കുക. മാതാപിതാക്കൾതന്നെയാണ് കുട്ടികളുടെ ആദ്യമാതൃക. വീട്ടിലെ സാമ്പത്തികകാര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ കുട്ടികൾ കൂടി അറിയണം. ചെറിയ ഉത്തരവാദിത്വങ്ങൾ അവർക്കും നൽകാം. ചെറുപ്പം മുതൽ വീട്ടിലെ സാഹചര്യങ്ങൾ അറിഞ്ഞ് കുട്ടികളെ വളർത്തണം. കുട്ടികളെ സുഹൃത്തുക്കളായി കണ്ട് അവരുടെ പ്രശ്‌നങ്ങളും വിഷമതകളും മനസിലാക്കണം. അവരെ കുറ്റപ്പെടുത്താതെ സംഘർഷങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കണമെന്നും വിദഗ്ദ്ധർ പറയുന്നു.

രക്ഷിതാക്കൾ ചെയ്യുന്ന കാര്യങ്ങളായിരിക്കും കുട്ടികൾ പിന്തുടരുന്നത് എന്ന കാര്യം മറക്കരുത്. ഞാൻ ആത്മഹത്യ ചെയ്യും, ഞാൻ വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോവും എനിക്ക് ജീവിതം മടുത്തു തുടങ്ങിയ സംസാരങ്ങൾ കുട്ടികളുടെ മുന്നിൽവെച്ച് രക്ഷിതാക്കളിൽനിന്നോ വീട്ടിലെ മറ്റ് മുതിർന്നവരിൽനിന്നോ ഉണ്ടാകരുത്. ഇനി ആത്മഹത്യാ പ്രവണതയുള്ള കുട്ടികളാണെങ്കിൽ ഉടനെതന്നെ അവരെ ഏറ്റവും അടുത്തുള്ള കൗൺസലർ, ഡോക്ടർ, കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.