SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.39 AM IST

'കടകളിൽ പോയി അവശ്യസാധനങ്ങൾ വാങ്ങുന്നതിൽ നിന്ന് വിലക്കി പട്ടിണിക്കിട്ട് കൊല്ലാതെയെങ്കിലും ഇരിക്കുക': മുഖ്യമന്ത്രിക്ക് കുറിപ്പ്

pinarayi-vijayan

സർക്കാരിന്റെ പുതിയ കൊവിഡ് പരിഷ്‌കാരങ്ങളിൽ കടുത്ത എതിർപ്പുമായി രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വാക്‌സിൻ എടുത്തവർക്ക് മാത്രം കടകളിൽ പോകാനും സാധനങ്ങൾ വാങ്ങാനും അനുമതിയുള്ളത് ക്രൂരതയാണെന്നും, പട്ടിണി കിടന്ന് ചാകണോ? അതോ സിനിമാ നടന് കിറ്റ് എത്തിച്ചു കൊടുത്തതുപോലെ ഇവരുടെ വീടുകളിൽ മന്ത്രിമാർ കിറ്റുമായി ചെല്ലുമോ എന്നും ശ്രീജിത്ത് ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

'മുഖ്യമന്ത്രിക്ക്,

സംസ്ഥാനത്തെ പുതിയ കോവിഡ് പ്രതിരോധ പരിഷ്കാരങ്ങളെ കുറിച്ചറിഞ്ഞ് നാടാകെ ഞെട്ടലിലാണ്.

ആദ്യ ഡോസ് വാക്സീൻ എടുത്ത് രണ്ടാഴ്ച്ച കഴിഞ്ഞവർ, കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് ആയവർ, ഒരു മാസത്തിനു മുൻപ് കോവിഡ് വന്നവർ — ഇക്കൂട്ടർക്കു മാത്രം കടകളിൽ പോകാമെന്നു പറഞ്ഞാൽ അത് അങ്ങേയറ്റത്തെ അനീതിയും ക്രൂരതയുമാണ്.

വാക്സീൻ എടുക്കാൻ സാധിക്കാത്തത് ഒരാളിന്റെ കുഴപ്പമല്ല. രണ്ടാഴ്ച്ച മുൻപ് വരെ കേരളത്തിൽ നൽകിയത് 1.75 കോടി വാക്സീൻ ഡോസുകളാണ്. രണ്ടാം ഡോസ് ഒഴിവാക്കിയാൽ, ഒരു ഡോസ് വാക്സീൻ എങ്കിലും കിട്ടി രണ്ടാഴ്ച്ച കഴിഞ്ഞവരുടെ എണ്ണം അതിലും കുറവ്. ബാക്കിയുള്ളവർക്ക് കൂടി വാക്സീൻ നൽകാൻ ബാധ്യതപ്പെട്ട സംസ്ഥാന സർക്കാർ അത് ലഭ്യമാക്കാതെയാണ് പുതിയ പരിഷ്കാരം കൊണ്ടുവരുന്നത്. ആപ്പ് വഴി വാക്സീൻ സ്ലോട്ട് ലഭ്യമാകുന്നില്ലെന്ന പരാതി വേറെ. അതുകൊണ്ടുതന്നെ വാക്സീൻ എടുക്കാത്തതിന്റെ പേരിൽ ആൾക്കാർക്ക് കടകളിൽ പ്രവേശനം നിഷേധിക്കുന്നത് അനീതിയും ക്രൂരതയുമല്ലേ?

ആർടിപിസിആർ അത്യാവശ്യം പണച്ചിലവുള്ള ടെസ്റ്റാണ്. ആദ്യ ഡോസ് വാക്സീൻ കിട്ടി രണ്ടാഴ്ച്ച കഴിയുന്നതുവരെ ഓരോ മൂന്നു ദിവസത്തിലും ടെസ്റ്റ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയൊന്നും കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും ഇല്ല. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരും തൊഴിൽ ചെയ്യാൻ കഴിയാത്തവരും ധാരാളം. അങ്ങനെയുള്ളവർ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോലും കടകളിൽ പോകേണ്ട എന്നു പറയുന്നത് അനീതിയും ക്രൂരതയുമല്ലേ?

സാരമായ അലർജി തുടങ്ങിയ പ്രത്യേക ആരോഗ്യാവസ്ഥയുള്ള ചിലർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം വാക്സീൻ നൽകാറില്ല. മറ്റ് യാതൊരു കുഴപ്പവുമില്ലാത്ത ഇക്കൂട്ടർക്കും കടകളിൽ പ്രവേശനമില്ലെന്ന് ബോർഡ് വെക്കുന്നത് ക്രൂരതയല്ലേ?

ഈ മനുഷ്യരൊക്കെ അവശ്യവസ്തുക്കൾ വാങ്ങാൻ പോലും പുറത്തുപോകാതെ പിന്നെന്ത് ചെയ്യണമെന്നാണ് സർക്കാർ പറയുന്നത്? പട്ടിണി കിടന്ന് ചാകണോ? അതോ സിനിമാ നടന് കിറ്റ് എത്തിച്ചു കൊടുത്തതുപോലെ ഇവരുടെ വീടുകളിൽ മന്ത്രിമാർ കിറ്റുമായി ചെല്ലുമോ?

അതൊക്കെ അവിടെയിരിക്കട്ടെ. വാക്സീൻ എടുക്കാത്തവരും അടുത്തിടെ ആർടിപിസിആർ ടെസ്റ്റ് ചെയ്യാത്തവരും ഒക്കെ കടകളിൽ പോയാൽ എന്താണ് കുഴപ്പം? അവർക്ക് കോവിഡ് വരുമോ? അതോ അവർ കോവിഡ് വ്യാപിപ്പിക്കുമോ?

മാസ്ക് ധരിച്ച്, സാനിറ്റൈസർ ഉപയോഗിച്ച്, ശാരീരിക അകലം പാലിച്ച് പുറത്തിറങ്ങണമെന്നും കടകളിൽ പോകണമെന്നും ആയിരുന്നില്ലേ ഇതുവരെ ഞങ്ങളെ ഉപദേശിച്ചത്? അതൊക്കെ വെറുതെ ആയിരുന്നോ? ഞങ്ങളെ കബളിപ്പിക്കുകയായിരുന്നോ? അതോ ചതിയ്ക്കുകയായിരുന്നോ? മാസ്കിനും സാനിറ്റൈസറിനും അകലത്തിനും കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടന പറയുമ്പോൾ ഏത് കേരളാരോഗ്യ സംഘടനയാണ് ഇതൊന്നും മതിയാവില്ലെന്ന് അങ്ങയെ ഉപദേശിക്കുന്നത്?

അബദ്ധം നിറഞ്ഞ പരിഷ്കാരങ്ങൾ അവസാനിപ്പിക്കുക. ഇതൊക്കെ നിർദ്ദേശിക്കുന്നവരെ പുറത്താക്കുക. പരാശ്രയം കൂടാതെ ജനങ്ങൾക്ക് മാന്യമായി ജീവിക്കാനുള്ള അവകാശം നൽകുക. തുല്യാവസരങ്ങൾ നിഷേധിക്കാതിരിക്കുക. ശാസ്ത്രീയമായ നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്തുക.

മൂന്നു ദിവസത്തിൽ ടെസ്റ്റ് എടുക്കാൻ കഴിയുന്നവനും അല്ലാത്തവനും എന്നിങ്ങനെ പ്രിവിലേജ് അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനം ഒഴിവാക്കുക. പണ്ട് ജർമനിയിൽ അഡോൾഫ് ഹിറ്റ്ലർ പ്രിവിലേജ് അടിസ്ഥാനത്തിൽ ‘തരംതാണവർ' എന്നു തോന്നിയവരെ വിളിക്കാൻ ‘ഉണ്ടർമെഞ്ച്' എന്നൊരു വാക്ക് ഉണ്ടാക്കിയിരുന്നു. ആ കാലത്തേക്ക് ഒരു തിരിച്ചുപോക്ക് നമുക്ക് ആവശ്യമില്ലല്ലോ. കോവിഡ് കാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. ബാക്കിയുള്ളവരെ കടകളിൽ പോയി അവശ്യസാധനങ്ങൾ വാങ്ങുന്നതിൽ നിന്ന് വിലക്കി പട്ടിണിക്കിട്ട് കൊല്ലാതെയെങ്കിലും ഇരിക്കുക.

പണിക്കർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SREEJITH PANIKER, PINARAYI VIJAYAN, NEW LOCKDOWN RULES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.