പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിൽ ആഗസ്റ്റ് 15ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാജോർജ് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് അലക്സ് പി. തോമസ് പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനം ഉണ്ടാകില്ല. നൂറ് ക്ഷണിതാക്കൾക്ക് മാത്രമാണ് പ്രവേശനം. പരേഡിൽ അഞ്ചു ടീമുകൾ പങ്കെടുക്കും. പൊലീസിന്റെ മൂന്നു ടീമും, ഫോറസ്റ്റ്, എക്സൈസ് എന്നിവരുടെ ഓരോ ടീമുകളുമാണ് പരേഡിൽ പങ്കെടുക്കുക. ആഗസ്റ്റ് 12, 13 തീയതികളിൽ സ്വാതന്ത്ര്യദിന പരേഡ് റിഹേഴ്സൽ നടത്തും. 12ന് വൈകിട്ട് മൂന്നിനും 13ന് രാവിലെ എട്ടിനുമാണ് റിഹേഴ്സൽ.
ഹാൻഡ് സാനിറ്റൈസർ, മാസ്ക്, തെർമ്മൽ സ്ക്രീനിംഗ് സംവിധാനം, ആംബുലൻസ്, മെഡിക്കൽ ടീം എന്നിവ ആരോഗ്യ വകുപ്പ് ഒരുക്കും. കൊടി, സല്യൂട്ടിംഗ് ബേസ്, ഇരിപ്പിടങ്ങൾ, സ്റ്റേഡിയം ശുചിയാക്കൽ എന്നിവ നഗരസഭ നിർവഹിക്കും. ആഘോഷങ്ങളുടെ ചുമതല കോഴഞ്ചേരി തഹസിൽദാർ കെ. ഓമനക്കുട്ടനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |