SignIn
Kerala Kaumudi Online
Friday, 26 April 2024 7.53 AM IST

കരപ്പുറത്തിന്റെ കളഭത്തട്ടങ്ങൾ

thuravoor-temple

കനിവാർന്ന ഒരു തടാകത്തെ ഓർമ്മിപ്പിക്കുന്ന വിശാലമായ ക്ഷേത്രക്കുളത്തിന്റെ പിന്നിലായി നിലകൊള്ളുന്ന തുറവൂർ ക്ഷേത്രം, നാഷണൽ ഹൈവേയിലൂടെ എറണാകുളത്തേക്കു പോകുന്നവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കില്ല. കേരളീയ വാസ്തുശില്പ സവിശേഷതകൾ ഒത്തിണങ്ങിയ രണ്ടു ശ്രീകോവിലുകൾ, ആരെയാണ് ആകർഷിക്കാത്തത് ?

ഗ്രാമങ്ങളുടെ കേന്ദ്രബിന്ദുവായി ക്ഷേത്രങ്ങൾ നിലകൊണ്ടിരുന്ന പഴയ സുവർണകാലത്തെപ്പറ്റി തുറവൂർ ക്ഷേത്രം തീർച്ചയായും ഓർമ്മിപ്പിക്കും. അഭയം തേടി എത്തുന്നവരുടെ രക്ഷകനായാണ് തുറവൂരിലെ നരസിംഹസ്വാമിയെ പഴയ കരപ്പുറത്തുകാർ കണ്ടിരുന്നത്. മൗട്ടൻ എന്നു മദ്ധ്യകാല യൂറോപ്യൻ രേഖകളിൽ പരാമർശിക്കപ്പെട്ടിരുന്ന കരപ്പുറം ഇന്നത്തെ ചേർത്തല താലൂക്കാണ്.

തെക്കു പുറക്കാടു മുതൽ വടക്കു പള്ളുരുത്തി വരെയായിരുന്നു അതിന്റെ വ്യാപ്തി. കൊച്ചി രാജവംശത്തിലെ വെള്ളാരപ്പള്ളി ശാഖക്കാരായിരുന്നു കരപ്പുറം മുൻപ് ഭരിച്ചിരുന്നത്. പേരിന് ഒരു രാജാവുണ്ടായിരുന്നെങ്കിലും മാടമ്പിമാരായിരുന്നു യഥാർത്ഥ ഭരണാധികാരികൾ. എണ്ണത്തിൽ അവർ 72 പേരുണ്ടായിരുന്നു. ആ 72 പേരിൽ ഒരാൾ നസ്രാണിയും.

തുറവൂർ ക്ഷേത്രം നിലവിൽ വന്നത് പെരുമാക്കന്മാർ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന നാളുകളിലായിരുന്നു. പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായ എൽ.കെ. ബാലരത്നം, തുറവൂർ ക്ഷേത്രത്തിന്റെ ഉല്പത്തിയെപ്പറ്റി ജേണൽ ഒഫ് ഇന്ത്യൻ ഹിസ്റ്ററിയിൽ എഴുതിയിട്ടുണ്ട്. 80 വർഷം മുൻപ് ഒരു നായയായി പുനർജനിച്ച തന്റെ ഗുരുനാഥനെ അമേധ്യഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കാൻ സ്വന്തം കൈകൾ കൊണ്ട് വധിച്ച ചേരമാൻ പെരുമാൾ പാപപരിഹാരത്തിന് നിർമ്മിച്ച ക്ഷേത്രമെന്ന പുരാവൃത്തം നരവംശ ശാസ്ത്രജ്ഞനും ഉദ്ധരിക്കുന്നുണ്ട്.

ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉണ്ടായിരുന്ന അവൈദികമായ ശൈവാരാധനാക്രമത്തെ ഉപേക്ഷിക്കുന്ന കേരളീയരുടെ ഒരു ദശാസന്ധിയെപ്പറ്റിയാണ് പുരാവൃത്തം പരാമർശിച്ചത്. നായ വാഹനമായിട്ടുള്ള ഭൈരവനെ പൂജിക്കുന്നത് അവസാനിപ്പിച്ച്, പകരം വൈഷ്ണവ വിശ്വാസത്തിലേക്ക് പോകുകയും തന്റെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത ഭാസ്കര രവി കുലശേഖരപ്പെരുമാളാണെന്നു വരാം തുറവൂർ ക്ഷേത്രത്തിന്റെയും സ്ഥാപകൻ. തൃക്കാക്കര, മൂഴിക്കുളം, തൃക്കൊടിത്താനം തുടങ്ങിയ വൈഷ്ണവക്ഷേത്രങ്ങൾ രൂപംകൊണ്ട കാലത്താണ് തുറവൂർ ക്ഷേത്രവും നിലവിൽ വന്നത്. തുറയിൽ നിന്ന്, അതായത് പായ്‌വഞ്ചികൾ അടുപ്പിച്ചിരുന്ന വേമ്പനാടൻ കടവുകളിൽ ഒന്നിൽ നിന്നാണ്, തുറവൂർ എന്ന സ്ഥലനാമം ലഭിച്ചതെന്നു കണ്ടെത്താവുന്നതേയുള്ളൂ. അദ്ധ്വാനശീലരായ കർഷകരുടെ മിച്ചമൂല്യവും കച്ചവടക്കാരിൽ നിന്നു ലഭിച്ച ചുങ്ക വിഹിതവും നാടുവാഴിയുടെ സമർപ്പണങ്ങളുമായിരുന്നു തുറവൂർ ക്ഷേത്രത്തെയും സമ്പന്നമാക്കിയത്.

സമ്പത്തിന്റെ പുനർവിതരണം തുറവൂർ ക്ഷേത്രത്തെ പ്രശസ്തമാക്കുന്നതിൽ മദ്ധ്യകാലഘട്ടത്തിൽ നിർണായകമായ പങ്കുവഹിച്ചിരുന്നു. കരപ്പുറത്തിനുവേണ്ടി തിരുവിതാംകൂറും കൊച്ചിയും മത്സരിച്ച നാളുകളിലാവണം ശത്രുസംഹാരമൂർത്തിയായി സുദർശന പ്രതിഷ്ഠ ഇവിടെ ഉണ്ടായത്. ഗോവ, പറങ്കികൾ കീഴടക്കിയതോടെ അവിടം വിട്ടു പല ദിക്കുകളിലേക്കു ഓടിപ്പോയ ഗൗഡസാരസ്വതർക്കു അഭയം കൊടുത്ത ദേശങ്ങളിലൊന്നായിരുന്നു തുറവൂരും. എ.ഡി. 1540ലും എ.ഡി. 1560നു ശേഷവും കേരളത്തിലേക്കു ഗോവൻ കൊങ്കണികൾ അഭയാർത്ഥികളായി എത്തിയിരുന്നു. ഗതകാലത്തിന്റെ ഓർമ്മക്കുറിപ്പുകൾ എന്നു വിശേഷിപ്പിക്കാവുന്ന ചുവർചിത്രങ്ങളാലും ദാരുശില്പങ്ങളാലും തുറവൂർ ക്ഷേത്രം സമ്പന്നമാണ്. വിഗ്രഹശാസ്ത്രത്തിന്റെ ഒരു കലവറയാണ് തെക്കിനിയപ്പൻ ക്ഷേത്രം. കേരളത്തിലെ മികച്ച ചുവർചിത്രങ്ങളിൽ ചിലതും ഗംഭീരമായ ദാരുശില്പങ്ങളിൽ ചിലതും വടക്കിനിയപ്പൻ ശ്രീകോവിലിലാണ്. ഏറ്റുമാനൂർ, വൈക്കം തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ ചുവർചിത്രങ്ങൾ വരച്ച പതിനെട്ടാം നൂറ്റാണ്ടിലെ കലാകാരന്മാരാണ് ഇവിടെയും ചിത്രങ്ങൾ വരച്ചത്. മുരളി ഉൗതുന്ന വേണുഗോപാലനും ക്രോധമൂർത്തിയായ സുദർശനനും ഇപ്പോഴും എന്റെ കൺമുൻപിലുണ്ട്. യോഗനരസിംഹമാണ്, ദാരുശില്പങ്ങളിൽ പ്രധാനം. മോഹിനിരൂപമെടുത്ത വിഷ്ണുമായയുടെ ശില്പവും അവിസ്മരണീയമാണ്. മഹാവിഷ്ണുവിന്റെ 16 ദിവ്യായുധങ്ങളെ പ്രതിനിധാനം ചെയ്യുന്ന 16 ആയുധങ്ങളെ ഓർമ്മിപ്പിക്കുന്ന 16 തൂണുകളോടുകൂടിയതാണ് സുദർശന മൂർത്തിയുടെ നമസ്കാര മണ്ഡപം. സംഘർഷനിർഭരമായ സമകാലിക സാമൂഹ്യജീവിതത്തെ ഒരു മനശാസ്ത്ര വിദഗ്ദ്ധനെപ്പോലെ സമാശ്വസിപ്പിക്കുന്ന തുറവൂർ ക്ഷേത്രം, വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്. തുറസായ ഭാഗങ്ങൾ നിലനിറുത്തിയും അനുബന്ധ മന്ദിരങ്ങൾ ഒഴിവാക്കിയും അലങ്കാര ഗോപുരങ്ങൾ നിർമ്മിക്കാതെയുമുള്ള വികസന പ്രവർത്തനങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യം.

ശ്രീകോവിൽ ഉൾപ്പെടെയുള്ള ക്ഷേത്രഘടകങ്ങളുടെ സംരക്ഷണത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. സാന്ത്വനം തേടിയെത്തുന്ന ഭക്തരുടെ സൗകര്യങ്ങൾക്കാണ് രണ്ടാമത്തെ പരിഗണന ഉണ്ടാവേണ്ടത്. നൂറ്റാണ്ടുകൾക്കു മുൻപ് നിർമ്മിച്ച ക്ഷേത്രങ്ങൾക്കു പുതിയ പുതിയ കൂട്ടിച്ചേർക്കലുകൾ പാടില്ലെന്നു നിഷ്‌കർഷിക്കാറുള്ള ബാലിയിലെ ഹിന്ദുക്കളുടെ മാതൃക നമ്മളും കണ്ടുപഠിക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THURAVOOR TEMPLE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.