SignIn
Kerala Kaumudi Online
Friday, 26 April 2024 4.48 PM IST

സഭയ്ക്കു നൽകുന്ന വിവരം കൃത്യതയുള്ളതാകണം

niyamasabha

നിയമസഭയിൽ മന്ത്രിമാർ നൽകുന്ന ഉത്തരങ്ങൾക്ക് വ്യക്തതയും കൃത്യതയും ഇല്ലെങ്കിൽ വലിയ പൊല്ലാപ്പുകളുണ്ടാകും. കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന ബോട്ടപകടങ്ങളെക്കുറിച്ചും അതിലുണ്ടായ മരണങ്ങളെക്കുറിച്ചും ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാൻ നൽകിയ ഉത്തരങ്ങൾ ഇതുപോലുള്ളതായിരുന്നു. പ്രതിപക്ഷഅംഗം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനു മന്ത്രി നൽകിയ വിശദീകരണമാണ് സഭയിൽ വിവാദങ്ങൾക്കും ഒച്ചപ്പാടിനും വഴിതെളിച്ചത്. 2011 മുതൽ ഇതുവരെ മുതലപ്പൊഴിയിലുണ്ടായ ബോട്ടപകടങ്ങളിൽ 16 പേർക്കു ജീവൻ നഷ്ടമായിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാൽ മന്ത്രി പറയുമ്പോലെയല്ല കാര്യങ്ങൾ എന്നായി പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടെ വാദം. അറുപതു പേരെങ്കിലും അവിടെ ബോട്ടപകടങ്ങളിൽ മരിച്ചെന്നാണ് തങ്ങളുടെ പക്കലുള്ള കണക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018-ൽ മാത്രം 18 പേർ മരിച്ചതായാണു വിവരം. മുതലപ്പൊഴിയിൽ ഈ വർഷം ഇതുവരെ പത്തുപേർ ബോട്ടുകൾ തകർന്ന് മരിച്ചതായി രേഖയുണ്ടെന്നും പ്രതിപക്ഷനേതാവ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മരണക്കണക്കിലെ ഈ അവ്യക്തത എങ്ങനെ വന്നുകയറിയെന്ന് മന്ത്രിക്ക് അന്വേഷിക്കാവുന്നതാണ്. കരയിൽ മാത്രമല്ല കടലിൽ എവിടെ അപകടം നടന്നാലും അത് രേഖപ്പെടുത്താനും വിവരങ്ങൾ തേടാനും സർക്കാർ സംവിധാനമുള്ളപ്പോൾ മുതലപ്പൊഴിയിൽ നടന്നിട്ടുള്ള ബോട്ടപകടങ്ങളും മരണങ്ങളും ഉൗഹാപോഹക്കണക്കായി അവതരിപ്പിക്കേണ്ട ആവശ്യമില്ല. വസ്തുതകളും വിവരങ്ങളും കൃത്യമായി ആരാഞ്ഞശേഷം വേണമായിരുന്നു ഇത്തരം വിഷയങ്ങളിൽ മറുപടി നൽകാൻ.

മുതലപ്പൊഴി ഫിഷിംഗ് ഹാർബർ മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരം മരണക്കെണിയാവുകയാണെന്ന ആക്ഷേപം പൊടുന്നനെ ഉണ്ടായതല്ല. വർഷങ്ങളായി നാട്ടുകാരുന്നയിക്കുന്ന പരാതിയാണത്. ബോട്ടുകൾ പാറകളിലിടിച്ചാണ് സ്ഥിരമായി അപകടങ്ങളുണ്ടാകുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും കൂടുതൽ സുരക്ഷിതമായി കരയിലടുക്കാൻ സൗകര്യമേർപ്പെടുത്തിയാൽ തീർക്കാവുന്ന പ്രശ്നമാണിത്. മുതലപ്പൊഴിയിലെ അപകടാവസ്ഥയ്ക്കു കാരണം കണ്ടെത്തുകയെന്നത് ആനക്കാര്യമൊന്നുമല്ല. ഇത്തരം വിഷയങ്ങളിൽ പ്രാവീണ്യവും പരിചയസമ്പത്തുമുള്ള ധാരാളം വിദഗ്ദ്ധർ ഇവിടെത്തന്നെയുണ്ട്. പോരെങ്കിൽ മറ്റിടങ്ങളിലുള്ള വിദഗ്ദ്ധരുടെ സേവനം തേടാം. തകരാറുകൾ കണ്ടെത്തിക്കഴിഞ്ഞാൽ അത് എത്രയും വേഗം പരിഹരിക്കാനുള്ള മാർഗം തേടുകയാണ് വേണ്ടത്. നിർഭാഗ്യവശാൽ ഏറെ അപകടങ്ങൾ സംഭവിച്ചിട്ടും യഥാർത്ഥ കുഴപ്പങ്ങൾ കണ്ടെത്താനോ പരിഹാരമുണ്ടാക്കാനോ കഴിഞ്ഞിട്ടില്ല. ബോട്ട് തകർന്ന് മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം നൽകുന്നതിനപ്പുറം മുതലപ്പൊഴി തുറമുഖം നേരിടുന്ന യഥാർത്ഥ പ്രശ്നമെന്തെന്നു ഇതുവരെ കണ്ടെത്താനായിട്ടില്ല. അവിടെ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കാൻ പോലും സ്ഥിരം സംവിധാനങ്ങളായിട്ടില്ല.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മത്സ്യമേഖലയിൽ സർക്കാർ 9905 കോടി രൂപ അനുവദിച്ചതായി മന്ത്രി നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. വലിയ തോതിൽ പണം അനുവദിച്ചതുകൊണ്ടു മാത്രമായില്ല. അത് എങ്ങനെ തീരമേഖലയ്ക്കും മത്സ്യത്തൊഴിലാളികൾക്കും പ്രയോജനപ്പെട്ടു എന്നതിനെ ആശ്രയിച്ചായിരിക്കണം അതിന്റെ വിലയിരുത്തൽ.

തിരുവനന്തപുരത്തു തന്നെ നഗരവാസികളുടെയും ഇവിടെയെത്തുന്ന വിനോദസഞ്ചാരികളുടെയുമെല്ലാം ഇഷ്ടകേന്ദ്രമായ ശംഖുംമുഖത്തിന്റെ സമ്പൂർണത നോക്കിയാലറിയാം ഈ വക കാര്യങ്ങളിൽ അധികൃതരുടെ അനാസ്ഥ എത്രത്തോളമാണെന്ന്. തീരവും തീരദേശം വഴി വിമാനത്താവളത്തിലേക്കുള്ള റോഡും പൂർണമായി തകർന്നിട്ട് രണ്ടുവർഷത്തിലേറെയായി. തീരം പൂർവസ്ഥിതിയിലാക്കാനുള്ള നിർമ്മാണജോലി ഇതുവരെയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ചുമതലപ്പെട്ടവർക്ക് നാണവും മാനവുമില്ലെങ്കിൽ ഇങ്ങനെയൊക്കെയാവും കാര്യങ്ങൾ. ഇവിടെയുള്ളവരെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് പണിപൂർത്തിയാക്കാൻ നോക്കണം. ഇന്നത്തെ കാലത്ത് ഇതൊന്നും അത്ര പ്രയാസമുള്ള കാര്യമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEGISLATIVE ASSEMBLY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.