തമിഴ് യുവതാരം ശിവകാർത്തികേയന്റെ സിനിമയ്ക്കെതിരെ കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തമിഴ്നാട്ടിലെ ആനമലയിൽ ചിത്രീകരണം നടത്തിയതിന് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഡോൺ എന്ന സിനിമയുടെ ചിത്രീകരണമാണ് ആനമല മുക്കോണം പാലത്തിനടുത്തായി നടന്നത്.ഷൂട്ടിംഗ് വിവരം അറിഞ്ഞ് സമീപവാസികൾ ശിവകാർത്തികേയനെ കാണാനായി തടിച്ച് കൂടുകയായിരുന്നു. ഏകദേശം 500 പേരാണ് സ്ഥലത്ത് സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും തടിച്ചു കൂടിയത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും ചിത്രീകരണം നിർത്തിക്കുകയും ആയിരുന്നു. ആളുകൾ തടിച്ച് കൂടിയതിന് പുറമെ പാലത്തിനരികിൽ സിനിമാ പ്രവർത്തകരുടെ വാഹനങ്ങളും പാർക്ക് ചെയ്തിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്ത് ഗതാഗത കുരുക്കും ഉണ്ടായിരുന്നു. സ്ഥലത്ത് എത്തിയ തഹസിൽദാരും പൊലീസുകാരും അന്വേഷണത്തിൽ ചിത്രീകരണത്തിന് അനുവാദം വാങ്ങിയില്ലെന്ന് കണ്ടെത്തി.
സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് റവന്യു വകുപ്പിനോ, പൊലീസിനോ വിവരം ലഭിച്ചിരുന്നില്ല.
തുടർന്ന് തഹസിൽദാർ 19,400 രൂപ പിഴ ചുമത്തി. കൂടാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനും, ഗതാഗതം സ്തംഭിപ്പിച്ചതിനും സംവിധായകൻ സിബി ചക്രവർത്തിയടക്കം 30 പേർക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |