SignIn
Kerala Kaumudi Online
Friday, 26 April 2024 12.59 PM IST

കണ്ണും കഴുത്തും കുഴയുന്നു ബെല്ലടിക്കാറായോ?​

illustration

ഓൺലൈൻ പഠനത്തിന്റെ കഷ്ടപ്പാടും തത്രപ്പാടുമെല്ലാം വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരുമെല്ലാം ഒരുപോലെ അനുഭവിച്ചു കൊണ്ടിരിക്കുകയാണല്ലോ. കൊവിഡ് വ്യാപനം കുറയുകയും ഭൂരിഭാഗം പേർക്കും വാക്സിൻ നൽകുകയും ചെയ്താൽ സ്കൂളുകൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. വിദ്യാലയങ്ങൾ ഘട്ടംഘട്ടമായി തുറക്കാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചിരുന്നു. സ്‌കൂൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു.

കേന്ദ്ര നിർദേശം വരുന്ന മുറയ്ക്ക് കുട്ടികൾക്ക് വാക്‌സിൻ ലഭ്യമാക്കുമെന്നും സർക്കാർ പറയുന്നു.

ഡിജിറ്റൽ ഓൺലൈൻ ക്ലാസ് ശാശ്വതമല്ലെന്ന് ആർക്കാണ് അറിയാത്തത്. ഓൺലൈൻ പഠനത്തിൽ ഏർപ്പെട്ട 36 ശതമാനം കുട്ടികൾക്ക് തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നുവെന്ന് മന്ത്രി പറയുന്നു. 28 ശതമാനം പേർക്ക് കണ്ണിന് പ്രശ്‌നം വന്നു. 25 ശതമാനം കുട്ടികൾ മാത്രമേ അരമണിക്കൂറെങ്കിലും വ്യായാമത്തിൽ ഏർപ്പെടുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഓൺ ലൈൻ കണ്ണുകൾക്ക്

ലോക് ഡൗൺ ആകുമോ?

ഇന്ന് ലോകം മുഴുവൻ വിരൽത്തുമ്പിലാണ്. വീടുകളെല്ലാം ക്ലാസ്‌ മുറികളും. ഓഫീസും ബാങ്കും സോഫ്റ്റ്‌വെയർ കമ്പനികളുമെല്ലാം വീടുകളിലായി. കരാട്ടെ ക്ലാസ്, യോഗക്ലാസ്, ഡാൻസ് ക്ലാസ്, തുന്നൽ ക്ലാസ് തുടങ്ങി എല്ലാം ഓൺലൈനാണ്. ഈ ഓൺലൈൻ സംവിധാനം ഏറ്റവുമധികം ക്ഷീണിപ്പിക്കുന്നത് കണ്ണുകളെയാണ്. 'ഇ'ഉപകരണങ്ങളുടെ യുക്തിപൂർവമല്ലാത്ത ഉപയോഗം നിരവധി നേത്ര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഡിജിറ്റൽ ഐ സ്ട്രെയിൻ എന്നാണ് ഇതിനെ വിളിക്കുന്നതെന്നും ഇത്തരം രോഗങ്ങൾ കൂടിവരികയാണെന്നും രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ നേത്രവിഭാഗം മെഡിക്കൽ ഓഫീസർ ഡോ. പി.കെ. നേത്രദാസ് പറയുന്നു. ഡിജിറ്റൽ ക്ലാസ് കാണുന്നതിന് വിമുഖത കാണിക്കുന്ന കുട്ടികളെ നിരീക്ഷിക്കുക. അവർ തലവേദന കണ്ണ് വേദന എന്നിവയുണ്ടെന്ന് പറയുന്നുണ്ടെങ്കിൽ വഴക്കു പറയാതെ കാഴ്ചസംബന്ധമായ തകരാർ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് വേണ്ടത്. ഡിജിറ്റൽ ഐ സ്ട്രെയിൻ കുട്ടികളിലെ കാഴ്ചക്കുറവ് പരിഹരിക്കാൻ ശാസ്ത്രീയ ആയുർവേദ ചികിത്സകൊണ്ട് സാധിക്കും. ആയുർവേദ നേത്രചികിത്സരെ കണ്ട് വിദഗ്ധചികിത്സ സ്വീകരിക്കണം. കേരള സർക്കാർ നടപ്പിലാക്കുന്ന ദൃഷ്ടി പദ്ധതി കുട്ടികളുടെ കാഴ്ചക്ക് മികച്ച പരിചരണമാണ് നൽകി വരുന്നത്.

ഡിജിറ്റൽ കാലത്ത് ശ്രദ്ധ വേണം

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മുടെ കണ്ണ് അടുത്തുള്ള കാഴ്ചയ്ക്കായി ഒരുങ്ങുന്നു. നമ്മുടെ കണ്ണിനകത്തെ നിരവധി ചെറിയ പേശികളുടെ സങ്കോച വികാസങ്ങളാണ് നമുക്ക് ദൂരെ ഉള്ളതും അടുത്തുള്ളതുമായ വസ്തുക്കളെ കാണാൻ സഹായിക്കുന്നത്. എന്നാൽ കൂടുതൽ സമയവും നമ്മൾ അടുത്തേക്ക് മാത്രം നോക്കുമ്പോൾ പേശിക്ക് മർദ്ദം അനുഭവപ്പെടുകയും, അത് ക്ഷീണിക്കുകയും ചെയ്യുന്നു. ഇത് ദീർഘനേരം തുടർന്നാൽ തലവേദന, കണ്ണുകൾക്ക് കഴപ്പ്, വേദന, എന്നിവയുണ്ടാകും. അച്ചടി മാദ്ധ്യമത്തിൽ ഒരു അക്ഷരം നമ്മൾ വായിക്കുന്നത് ആ അക്ഷരമായിത്തന്നെയാണ്. എന്നാൽ ഡിജിറ്റൽ മാദ്ധ്യമത്തിൽ അക്ഷരം നിരവധി കുത്തുകൾ ചേർത്ത് നിർമ്മിച്ചതാണ്. നമ്മൾ അറിയാതെ നമ്മുടെ കണ്ണ് ഇതിലോരോന്നിലും ശ്രദ്ധിക്കുന്നുണ്ട്. ഇതും കണ്ണിന്റെ ആയാസം വർദ്ധിപ്പിക്കുന്നു. ശരിയായ വിധം പ്രകാശ സംവിധാനമില്ലാത്ത മുറികളിലിരുന്ന്‌ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. ഡിജിറ്റൽ ഐ സ്‌ട്രെയിൻ ഉണ്ടാകാതിരിക്കാൻ മുറിയുടെ ശരിയായ ക്രമീകരണം, ഫോൺ,​ മോണിറ്റർ എന്നിവയുടെ ശരിയായ അകലം തുടങ്ങിയ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
നമ്മുടെ കണ്ണുകൾ ഒരു മിനിറ്റിൽ 10 മുതൽ 15 തവണ നമ്മളറിയാതെ തന്നെ ഇമ വെട്ടുന്നുണ്ട്. ഇത് കണ്ണിന്റെ ആർദ്രത നിലനിറുത്താൻ വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷ്മത പുലർത്തുന്നതിനു വേണ്ടി നമ്മൾ ശ്രദ്ധിക്കുമ്പോൾ ഇമ വെട്ടൽ വളരെയധികം കുറയുന്നു. ഇത് കണ്ണിന്റെ ആർദ്രത നഷ്ടപ്പെടാനും അണുബാധ ഉണ്ടാകുന്നതിനും കാരണമാകുന്നതായി വിദഗ്ധർ പറയുന്നു.

സ്കൂൾ തുറന്നാലും

ഇല്ലെങ്കിലും സീറ്റ് കിട്ടുമോ?

സ്കൂൾ തുറന്നാലും ഇല്ലെങ്കിലും പത്താംക്ളാസ് പരീക്ഷയിൽ മിന്നും ജയം നേടിയവർക്ക് സീറ്റിനും നെട്ടോട്ടമോടണം. എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ളസുകൾ വാരിയെങ്കിലും സി.ബി.എസ്.ഇയിലെ വിജയശതമാനം ഉയർന്നതോടെ കേരള സിലബസിലെ 2752 പേരുടെ തുടർപഠനം തൃശൂർ ജില്ലയിൽ അനിശ്ചിതത്വത്തിലാവുകയാണ്. 35,402 പേരാണ് ഇക്കുറി ഉപരിപഠനത്തിന് യോഗ്യത നേടിയത്. 113 സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്നായി വിജയിച്ചെത്തുന്നത് 7712 പേരാണ്.

മെഡിക്കൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷയിൽ മാർക്ക് പരിഗണനയുടെ അടിസ്ഥാനത്തിൽ കേരള സിലബസിന് കൂടുതൽ പ്രാമുഖ്യം നൽകുന്ന സാഹചര്യം ഈ കുട്ടികൾക്കുണ്ട്. അതുകൊണ്ട് സി.ബി.എസ്.ഇ കുട്ടികളെ കൂടി പരിഗണിക്കേണ്ടി വരും. വിജയിച്ച എല്ലാ കുട്ടികളും പ്ലസ് വണിന് പ്രവേശനം നേടില്ലെന്നാണ് അധികൃതർ പറയുന്നത്. അപേക്ഷകൾ പരിഗണിച്ച് 10 ശതമാനം സീറ്റ് പ്രതിവർഷം കൂട്ടാറുമുണ്ട്.

ഇനിയും സീറ്റ് തികയാതെ വന്നാൽ വീണ്ടും വർദ്ധിപ്പിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. അതിനിടെ സേ പരീക്ഷ കഴിയുന്നവർക്ക് കൂടി അനുകൂലമായ രീതിയിൽ അപേക്ഷ സ്വീകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. കൊവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യമുണ്ട്.

202 ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 32,650 പ്ലസ് വൺ സീറ്റാണുള്ളത്. മൊത്തം ഹയർസെക്കൻഡറി സ്‌കൂളുകളിലേത് 653 ബാച്ചുകളാണ്. 10 ബാച്ചുള്ള പുതുക്കാട് സെന്റ് ആന്റണീസിലാണ് കൂടുതൽ ബാച്ചുള്ളത്. സർക്കാർ സ്‌കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ട സീറ്റുകൾ ഒഴികെയുള്ള സീറ്റുകളാണ് സർക്കാർ നേരിട്ടു നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴിലുള്ളത്. ഇങ്ങനെ വരുമ്പോൾ സീറ്റ് വീണ്ടും കുറയും. 11,960 കുട്ടികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസുണ്ട്. പരീക്ഷയെഴുതിയ 35,402 പേരിൽ 244 പേർ മാത്രമാണ് അയോഗ്യർ. ചുരുക്കത്തിൽ വിദ്യാർത്ഥികൾക്ക് ഈ കൊവിഡ് കാലം പരീക്ഷണകാലമാകുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.