SignIn
Kerala Kaumudi Online
Friday, 26 April 2024 11.58 PM IST

കൊവിഡ് കാലത്തെ വയോജന ക്ഷേമം

photo

ലോകാരോഗ്യസംഘടന കൊവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത് മുതൽ ദുരിതങ്ങളിലാണ് ലോകത്തെ വയോജനങ്ങൾ. വയോജനങ്ങളിൽ 10 ശതമാനത്തിനു മാത്രമേ സാമ്പത്തിക സുരക്ഷിതത്വമുള്ളൂ. മഹാഭൂരിപക്ഷത്തിനും സർക്കാർ നൽകുന്ന പെൻഷനൊഴികെ മറ്റ് സുരക്ഷിതത്വമില്ല. കൊവിഡിന്റെ ബാക്കിപത്രമായ ദാരിദ്ര്യം, അസന്തുലിതാവസ്ഥ, ഭയം, വിഷാദം, ഉത്കണ്ഠ എന്നിവ ഏറ്റവും കൂടുതൽ ബാധിച്ചത് മുതിർന്ന പൗരന്മാരെയാണ്. ലോകത്തെ 70 വയസ് കഴിഞ്ഞ 66 ശതമാനം ജനങ്ങളും ആരോഗ്യപ്രശ്നം നേരിടുന്നതിനാൽ കൊവിഡ് മൂന്നാം തരംഗത്തിൽ നിന്ന് വയോജനങ്ങളെ രക്ഷിക്കാൻ സാമൂഹ്യ ഇടപെടലിനേ സാധിക്കൂ.

എന്താണ് പരിഹാരം?​

മുതിർന്ന പൗരന്മാരുടെ ദാരിദ്ര്യമില്ലാതാക്കാൻ സാമ്പത്തിക സാക്ഷരത, ഈടില്ലാത്ത പലിശരഹിത ലോൺ എന്നിവ ലഭ്യമാക്കണം. വിവരസാങ്കേതിക മേഖലയുമായി വയോജനങ്ങൾക്കുള്ള വിടവ് പരിഹരിക്കണം. വളർന്നുവരുന്ന തലമുറയ്ക്ക് ഇവരുടെ പ്രശ്നം മനസിലാകണമെങ്കിൽ വയോജന പരിപാലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.

പ്രതിരോധശക്തി കുറഞ്ഞവരായതുകൊണ്ട് രോഗം പെട്ടെന്ന് പടരാൻ സാദ്ധ്യതയുള്ളതിനാൽ വയോജനങ്ങൾ പൊതുമണ്ഡലത്തിൽ ഒഴിവാക്കപ്പെട്ടു. അതിനാൽ രോഗപ്രതിരോധം ഉറപ്പാക്കാനും സാമൂഹ്യ ഒറ്രപ്പെടൽ ഒഴിവാക്കാനും എല്ലാ വയോജനങ്ങൾക്കും വാക്സിൻ ഉറപ്പാണം. മുതിർന്ന പൗരന്മാർ സാമൂഹിക ഇടപെടലുകളില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നത് ഭൂഷണമല്ല. വയോജനങ്ങൾക്കായി ജോബ് ക്ലബ്ബ്, വിദഗ്ധരുടെ പൂൾ എന്നിവ പ്രാദേശികതലത്തിൽ സംഘടിപ്പിക്കാം.

മികച്ച പാഠങ്ങൾ

കാനഡയിൽ വയോജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതിയും ബെൽജിയത്തിൽ നടപ്പിലാക്കിയ വൻ ലെറ്റർ വൺ സ്‌മൈൽ പദ്ധതിയും എടുത്തു പറയേണ്ടതാണ്. ഒറ്റപ്പെട്ടു പോയവർക്ക് കുട്ടികളെക്കൊണ്ട് കത്തെഴുതി അയയ്‌ക്കുന്നതാണ് ബെൽജിയത്തിൽ നടപ്പിലാക്കിയത്. അയർലൻഡിൽ പോസ്റ്റ് ഓഫീസ് ജീവനക്കാരെ ഉപയോഗിച്ച് ഒറ്റപ്പെട്ട് താമസിക്കുന്ന വയോജനങ്ങളുടെ ക്ഷേമം അന്വേഷിക്കുന്ന പദ്ധതിയും ചൈനയിൽ ആരംഭിച്ച 80 വയസ് കഴിഞ്ഞവരുടെ കൂടെ നിർബന്ധമായും മക്കൾ താമസിക്കണമെന്ന പരിപാടിയും വേറിട്ട പ്രവർത്തനങ്ങളായി. സ്‌പെയിനിൽ ഓൺലൈനിലൂടെ നൽകിയ പരിശീലനവും വയോജനങ്ങൾക്ക് ആശ്വാസമായി. കേരളത്തിൽ ആരോഗ്യപ്രവർത്തകർ,​ അംഗൻവാടി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ ആരംഭിച്ച ഗ്രാൻഡ് കെയർ പദ്ധതി പ്രകാരം വയോജനങ്ങളെ ഫോണിൽ വിളിച്ച് ആശ്വാസം പകരുകയും പ്രയാസമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുകയും ചെയ്തു .

നിലവിലെ അവസ്ഥ

മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഐക്യരാഷ്ട്രസഭയുടെ 2030 ലെ സുസ്ഥിര വികസനത്തിന് എല്ലാവരെയും ചേർത്തുപിടിക്കുകയെന്ന ലക്ഷ്യം അർത്ഥവത്താവണമെങ്കിൽ വയോജനങ്ങളുടെ കൊവിഡാനന്തര പ്രശ്നങ്ങളിൽ നടപടിയുണ്ടാകണം. ഇന്ത്യൻ ഭരണഘടനയുടെ നിർദേശക തത്വത്തിൽ 41- ാം അനുച്ഛേദത്തിൽ വയോജന സംരക്ഷണം പ്രാധാന്യപൂർവം അവതരിപ്പിക്കുന്നു. 2020 - 21 സാമൂഹികനീതി വകുപ്പിന്റെ ലോകസഭയിൽ അവതരിപ്പിച്ച പതിന്നാലാമത് റിപ്പോർട്ടിൽ സൂചിപ്പിച്ചതുപോലെ 2026 ൽ 12.4 ശതമാനമായി വയോജനങ്ങളുടെ ജനസംഖ്യ വർദ്ധിക്കുന്നതിനാൽ, ഇന്ത്യയിൽ 17.32 കോടിയാകുന്നു 60 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യ. പ്രസ്തുത റിപ്പോർട്ടിൽ മക്കൾ എന്ന വിവക്ഷ വിപുലീകരിച്ചതും പരിചരണമെന്ന നിർവചനത്തിൽ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള മുതിർന്ന പൗരന്മാരുടെ അവകാശം ദൃഢപ്പെടുത്തിയതും കൊവിഡാനന്തര കാലത്തെ ശുഭസൂചനകളാണ്.

കേരളം

ആരോഗ്യപരിപാലന രംഗത്ത് വികസിത രാജ്യങ്ങൾക്കൊപ്പമുള്ള കേരളത്തിലും വയോജനങ്ങളുടെ ജനസംഖ്യ വർദ്ധിക്കുന്നു. 2020 ലെ സാമ്പത്തിക സർവേ പ്രകാരം കേരളത്തിൽ 43 ലക്ഷം വയോജനങ്ങളുണ്ട്. ആയുർദൈർഘ്യം പുരുഷന്മാരുടേത് 74 വയസും സ്ത്രീകളുടെത് 80 വയസുമാണ് . 2036 ആകുമ്പോഴേക്കും കേരളത്തിൽ അഞ്ചിലൊരാൾ മുതിർന്ന പൗരനായിരിക്കും. കേരളത്തിന്റെ കൊവിഡ് മരണനിരക്ക് 0.47 ശതമാനമായത് വയോജനങ്ങളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. മൂന്നാംതരംഗത്തിൽ നിന്ന് ജനസംഖ്യയുടെ 11ശതമാനം വരുന്ന വയോജനങ്ങളെ സംരക്ഷിക്കാൻ ഓരോ പ്രദേശത്തും വയോജനസംരക്ഷണ വലയം സൃഷ്ടിക്കണം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ വ്യായാമമുണ്ടെങ്കിൽ വയോജനങ്ങൾക്ക് ശാരീരിക ആരോഗ്യം നിലനിറുത്താൻ സാധിക്കും.

പ്രതീക്ഷയോടെ

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ വയോജനങ്ങൾക്ക് അടുത്ത ബന്ധുക്കളുടെ സാമീപ്യം നേരിട്ടോ ഓൺലൈനിലൂടെയോ ഉറപ്പാക്കൽ,​ അയൽപക്ക സൗഹൃദം മെച്ചപ്പെടുത്തൽ, ബുക്ക് ക്ലബ്ബുകൾ ഉണ്ടാക്കി വെർച്വൽ ചർച്ച സംഘടിപ്പിക്കൽ, കത്തുകൾ, ഡയറിക്കുറിപ്പുകൾ എന്നിവ എഴുതി സൂക്ഷിക്കൽ, അനുഭവം പങ്കുവയ്ക്കൽ, ടിവി പരിപാടികൾ കാണൽ എന്നിവയൊക്കെ ചെയ്താൽ വയോജനങ്ങൾക്ക് കൊവിഡ് കാലം സമ്പന്നമാക്കാം.

ജൂൺ മൂന്നിന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വയോജനങ്ങളുടെ വാക്സിനുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണം വീടുകളിൽ ഒതുങ്ങിപ്പോയ അമൂല്യങ്ങളായ അനേകായിരം വയോജനങ്ങളുടെ ജീവിത പ്രയാണത്തിന് വലിയ ഉന്മേഷമാണ് നൽകിയത്. ഹൈ റിസ്‌ക് കാറ്റഗറിയിൽ നിന്ന് സുരക്ഷിതത്വ വലയത്തിലേക്കെത്താൻ വാക്സിൻ സ്വീകരിക്കലിന്റെ ദൂരം മാത്രമേയുള്ളൂ എന്ന തിരിച്ചറിവോടെ പ്രവർത്തിച്ചാൽ വയോജനങ്ങളുടെ ഇന്നും നാളെയും പ്രകാശഭരിതമാകും.

( ലേഖകൻ കോഴിക്കോട് ജില്ലയിലെ അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ് ഫോൺ : 9895043496 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.