SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.53 PM IST

വനിതാ ഗവർണറെ തടവിലാക്കി തനിനിറം കാട്ടി താലിബാൻ

salima-mazari

 അഫ്ഗാൻ പതാക ഉയർത്തിയവരെ വെടിവച്ചു കൊന്നു

കാബൂൾ: അഫ്ഗാനിൽ അധികാരം പിടിച്ച താലിബാൻ സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ തുടരവേ, പല പ്രവിശ്യകളിലും താലിബാൻ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടുന്നതായി റിപ്പോർട്ട്. പടിഞ്ഞാറൻ നഗരമായ ജലാലാബാദിൽ അഫ്ഗാൻ ദേശീയപതാക ഉയർത്താൻ ശ്രമിച്ചവർക്കു നേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മൂന്നു പേർ മരിച്ചു. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. പലയിടത്തും ജനങ്ങളും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ രൂക്ഷമാണ്.

കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച താലിബാൻ, അഫ്ഗാൻ പോരാട്ടത്തിൽ അവസാനം വരെ പൊരുതിയ വനിതാ ഗവർണർ സലീമ മസാരിയെ തടവിലാക്കിയതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൽക് പ്രവിശ്യയിലെ ചഹർകിന്റ് ജില്ലയുടെ ഭരണാധിപയാണ് സലീമ. പല പ്രവിശ്യകളും ചെറുത്തുനില്പിനുപോലും മുതിരാതെ താലിബാനു കീഴടങ്ങിയപ്പോൾ ഷിയാ വിഭാഗക്കാരിയായ സലീമയുടെ നേതൃത്വത്തിൽ ശക്തമായ പോരാട്ടമാണ് ബൽക് പ്രവിശ്യ നടത്തിയത്. ന്യൂനപക്ഷ ഷിയാ മുസ്ളിങ്ങൾക്കു നേരെ താലിബാന്റെ പ്രതികാരനടപടികൾ തുടരുന്നതായാണ് സൂചന. 1996ൽ താലിബാൻ വധിച്ച ഷിയാ നേതാവ് അബ്ദുൾ അലി മസാരിയുടെ കൂറ്റൻ പ്രതിമ ഭീകരർ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങൾ പുറത്തുവിട്ടു

അതിനിടെ, കഴിഞ്ഞ ദിവസം ജനങ്ങളുടെ കൂട്ടപ്പലായനത്തിനിടെ കാബൂൾ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു. രക്ഷപ്പെടാനായി യു.എസ് സേനയുടെ കൂറ്റൻ ചരക്കു വിമാനത്തിലേക്ക് തൂങ്ങിക്കയറിയ ഏഴു പേരാണ് തിങ്കളാഴ്ച മരിച്ചത്. പറന്നു തുടങ്ങിയ വിമാനത്തിൽ നിന്ന് നിരവധി പേർ തെറിച്ചുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

വിമാനത്താവള ദുരന്തത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് കൃത്യമായ കണക്ക് അറിവായിട്ടില്ല. കാബൂളിൽ നിന്നു പുറപ്പെട്ട് ഖത്തറിലെ അൽ ഉദൈദ് എയർപോർട്ടിൽ ഇറങ്ങിയ വിമാനത്തിന്റെ ടയറുകളിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് ദുരന്തത്തിന്റെ യഥാർത്ഥ ഭീകരത വ്യക്തമായത്. പരിഭ്രാന്തിയോടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വിമാനത്തിനൊപ്പം ഓടുകയും, ടയറുകളിലും മറ്റും പിടിച്ചുകയറുകയും ചെയ്ത പലരും ചതഞ്ഞു മരിച്ചിരിക്കാമെന്നാണ് കരുതുന്നത്. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ വിമാനം ടേക്ക് ഓഫ് ചെയ്തതിലെ ചട്ടലംഘനം യു.എസ് വ്യോമസേന പരിശോധിക്കും.

അഫ്ഗാൻ സർക്കാരിന്റെ അമേരിക്കൻ ബാങ്ക് അക്കൗണ്ടുകൾ യു.എസ് മരവിപ്പിച്ചുണ്ട്. അഫ്ഗാൻ നാഷണൽ ബാങ്കിന്റെ കരുതൽധനം സൂക്ഷിച്ചിരിക്കുന്നത് അമേരിക്കയിലാണ്. താലിബാൻ ഭരണകൂടം ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുമെന്ന വിലയിരുത്തലിലാണ് യു.എസ് നടപടി.

അഷ്റഫ് ഘനി

യു.എ.ഇയിൽ

അബുദാബി: അഫ്ഗാൻ വിട്ട മുൻ പ്രസിഡന്റ് അഷ്റഫ് ഘനിക്കും കുടുംബത്തിനും അഭയം നൽകി യു.എ.ഇ. മാനുഷിക പരിഗണന മുൻനിറുത്തിയാണ് ഘനിയെ സ്വാഗതം ചെയ്യുന്നതെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച രാവിലെ വിമാനത്തിൽ കാബൂൾ വിട്ട ഘനിക്ക് താജിക്കിസ്ഥാനിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഒമാനിലേക്ക് പോയെന്നായിരുന്നു നേരത്തേയുള്ള റിപ്പോർട്ടുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TALIBAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.