കോട്ടയം: വീട്ടുവളപ്പിൽ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിലാണ് സംഭവം. പട്ടിത്താനം വിക്ടർ ജോർജ് റോഡിന് സമീപം വാഴക്കാലായിൽ ചിന്നമ്മ ജോസഫിന്റെ (80) മൃതദേഹമാണു കണ്ടെത്തിയത്. ഇവരും മകൻ ബിനുവും മാത്രമാണ് വീട്ടിൽ കഴിയുന്നത്.
മൃതദേഹം കണ്ടതിനെ തുടർന്ന് ബിനു പഞ്ചായത്തംഗത്തെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കുറവിലങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ അമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃദേഹം വീടിനു മുന്നിലെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് ബിനു പൊലീസിനോട് പറഞ്ഞു. മൃതദേഹത്തിലെ വസ്ത്രവും മുടിയും പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. തീ പടർന്നതിനെ തുടർന്ന് പറമ്പിലെ വാഴയും പുല്ലും കത്തി നശിച്ചു.
മകൻ ബിനുവിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചുവരികയാണ്. മൃതദേഹം പരിശോധിച്ച ശേഷമേ സംഭവത്തിലെ ദുരുഹത നീക്കാനാവൂ എന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു. പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ നടക്കുകയാണ്.